സി.ഐ രാജസാറിനെ ഒണക്കത്തോടു നിവാസികൾ ഒരുകാലത്തു അതിഭയങ്കരമായി ബഹുമാനിച്ചിരുന്നെങ്കിൽ ഇന്നു സ്ഥിതി അതിലുംഭയങ്കരമായി വഷളായിരിക്കുകയാണ് ...
സത്യസന്ധനായ രാജസാർ- അലിയാസ് രാജൻ ചന്തക്കടവ്- സി.ഐ ആയി ചാർജെടുത്തതുമുതൽ അദ്ദേഹത്തിന്റെ സർക്കിളിൽ ഒരു പെറ്റിക്കേസുപോലും തുമ്പില്ലാതെയും ഗതികിട്ടാതെയും അലഞ്ഞുനടന്നിട്ടില്ല. അതുകൊണ്ടുതന്നെ കള്ളവും ചതിയുമില്ലാത്ത ഒരു ഒണക്കത്തോടിനെ വാർത്തെടുക്കാൻ അദ്ദേഹതത്തിനു കഴിഞ്ഞുവെന്നതിലുപരി ജനങ്ങളുടെ ബഹുമാനാദരവുകളുടെ ഒരു ‘ലിത് ’ അനുഭവിക്കാനും കഴിഞ്ഞു എന്നതു തനിക്കു അഭിമാനിക്കാനുള്ള വകുപ്പാണെന്നു അദ്ദേഹം കരുതിപ്പോരുന്നു.
പക്ഷേ.... ഇന്നു രാജസാറിനെക്കാണുന്ന ഓരോ ഒണക്കത്തോടുകാരന്റെയും(കാരിയുടെയും)മുഖം, തൊട്ടുനക്കാൻ കിട്ടാത്ത കുടിയന്റെ മോന്തായം പോലെയായി മാറും ... ഇതിന്റെ കാരണം വ്യക്തമാക്കുന്ന പോസ്റ്ററുകളും അനുബന്ധമായ സകല പണ്ടാരങ്ങളും നാട്ടിലാകെ ഉയർന്നിട്ടുണ്ട് ...
ചാണകക്കുഴിയിൽ ചാടിച്ചത്ത ഞരമ്പുജോസിന്റെ മരണം സി.ബി.ഐ അന്വേഷിക്കുക ... ജോസു വെള്ളമടിച്ചു ചാണകക്കുഴിയിൽ വീണതാണെന്ന സി.ഐ രാജന്റെ വാദം പൊളിച്ചെറിയുക .... ബോഡി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ തൂക്കിലേറ്റുക തുടങ്ങിയ കിടിലൻ പോസ്റ്ററുകൾ നാട്ടിലെ ചുമരുകളും പഞ്ചായത്തു കിണറുകളും കൈയടക്കിയതിനു പിന്നിൽ ഒരു കഥയുണ്ട്.
എങ്ങിനെയെങ്കിലും ഒരു സി.ബി.ഐ യെ തങ്ങളുടെ നാട്ടിൽ കാലുകുത്തിക്കണമെന്നത് 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' , 'സേതുരാമയ്യർ സി.ബി.ഐ' തുടങ്ങിയ ചിത്രങ്ങളിൽ സി.ബി.ഐ വന്നു പല നോ-തുമ്പൻ കേസുകൾക്കും തുമ്പുകൾ തുന്നിപ്പിടിപ്പിക്കുന്നതു കണ്ടു ത്രില്ലടിച്ചു വളർന്ന ഒണക്കത്തോടു നിവാസികൾക്കു പണ്ടുമുതലേയുള്ള ഒരാഗ്രഹമായിരുന്നു!
അതു ബി.കോം സി.ബി.ഐ യോ പ്രീഡിഗ്രി സി.ബി.ഐ യോ തന്നെ വേണമെന്ന ദുർവ്വാശിയൊന്നും നമ്മുടെ ഒണക്കത്തോടു വാസികൾക്കില്ലകേട്ടോ! തൽക്കാലം വല്ല എസ്.എസ്.എൽ.സി സെക്കന്റ് ഇയർ സി.ബി.ഐ ആയാലും മതി .... സംഗതി സി.ബി. ഐ ആയിരിക്കണം. അതിനു ആദ്യം വേണ്ടതു നാട്ടിൽ വല്ല കൊള്ളയോ കൊലയോ നടന്നിരിക്കണം എന്നുള്ളതാണ്.
അങ്ങിനെ ചുരുക്കിപ്പറഞ്ഞാൽ ജാതി മത ഭേദമെന്യേയുള്ള നേർച്ചകൾക്കും , വഴിപ്പാടുകൾക്കുമൊടുവിലായി ഞരമ്പുജോസിന്റെ രൂപത്തിൽ ആ നാട്ടിൽ ദൈവം പ്രത്യക്ഷപ്പെട്ടു .... ഒരു വേനൽക്കാല പുലരിയിൽ ഞരമ്പുജോസ് വെട്ടുകത്തിജാനുവിന്റെ ചാണകക്കുഴിയ്ല് മരിച്ചു കിടക്കുന്ന കാഴ്ച കാണാൻ വന്ന ജനം ജോസിന്റെ ചേതനയറ്റ ശരീരത്തിലൂടെ ദൈവത്തെ കാണുകയായിരുന്നു....
മരണത്തിനു മുൻപു നാട്ടുകാർ ഞരമ്പുജോസിന്റെ പേരിന്റെ കൂടെ അവനവനു താങ്ങാൻ കഴിയുന്ന പല ചെല്ലപ്പേരുകളും കൂട്ടി വിളിച്ചിരുന്നുവെങ്കിൽ ഇന്നതു ഐക്യകണ്ഠേന 'ജോസ് വല്യപ്പൻ' എന്നാക്കിമാറ്റാൻ നാട്ടുക്കൂട്ടം തീരുമാനമെടുത്തു. ജോസ് വല്യപ്പന്റെ ചില്ലിട്ട പടം ഓരോ വീട്ടിലും മാലയിട്ടു തൂക്കിയിടാൻ തീരുമാനമായി.
ഒണക്കത്തോട്ടിലേ ഓരോ വീട്ടിലും ഇന്നു ജോസ് വല്യപ്പന്റെ ചില്ലിട്ട ഫോട്ടോസുണ്ട് ... ഫോട്ടോയുടെ പാശ്ചാത്തലത്തില്‍ കാണുന്ന കഞ്ചാവിന്റെ പുകവലയത്തെ, പ്രകൃതിയില്‍ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ കഞ്ചുകകുഞ്ചകകൊഞ്ചുകറിയായിട്ടാണു ഒണക്കത്തോട്ടിലെ മഹാകവി പേട്ടു പാക്കരന്‍ പാടിപ്പുകഴ്ത്തിയത്...
" ജോസ് വല്യപ്പൻ ഈ വീടിന്റെ ഐശ്വര്യം" എന്ന സ്റ്റിക്കറുകൾ വീടുവീടാന്തരം 'പറ്റിച്ചു' വെയ്ക്കുക എന്ന സ്റ്റിക്കർവർക്കുകാരൻ സൈതാലിയുടെ ഏകകണ്ഠേനയുള്ള തീരുമാനത്തിനും ജനം പിന്തുണ പ്രഖ്യാപിച്ചപ്പോൾ പൂവണിഞ്ഞതു സൈതാലിയുടെ രണ്ടുനില വീട് എന്ന സ്വപ്നമായിരുന്നു.
പക്ഷേ ... ജനത്തിന്റെ പ്രതീക്ഷ തെറ്റിച്ചതു സി.ഐ രാജസാറായിരുന്നു ..... ആൽക്കഹോൾ വേണ്ടതിലും വേണ്ടാത്തതിലുമളവിൽ ശരീരത്തിൽ നിറഞ്ഞുനിന്ന ജോസിന്റെ ശ്വാസനാളത്തിൽ അടഞ്ഞുകിടന്ന ചാണകത്തിന്റെ അംശവും, വെട്ടുകത്തിജാനുവിന്റെ മകൻ പ്രദീപ് ഗൾഫിൽ നിന്നും വന്നിട്ടുള്ള 'ഫസ്റ്റ് നൈറ്റിലാണ് ' സംഗതി നടന്നതെന്ന നോട്ടശാസ്ത്രവും , ജോസിന്റെ സ്വഭാവഗുണത്തിന്റെ ഞരമ്പുശാസ്ത്രവുമെല്ലാം ഒത്തുനോക്കിയ ആ അപസർപ്പകന്റെ മനസ്സിൽ കത്തിയ സ്പോട്ട്ലൈറ്റിന്റെ വെളിച്ചത്തിൽ സംഗതി ക്ലിയറായി....
‘നാട്ടിൽ ഒരു വിവാഹം നടന്നാൽ അന്നുരാത്രി ജോസിനെ ആ വീടിന്റെ ജനലിനോ എയർഹോളിനോ അടുത്തായോ, ഗൾഫ് മുംബൈ തുടങ്ങിയ വിദൂര ദേശങ്ങളിലോ ജോലിചെയ്യുന്ന വിവാഹിതർ സ്വന്തം വീട്ടിലെത്തുന്ന ദിവസങ്ങളിൽ അവരുടെ ശയനമുറിക്കു പുറത്തായോ, മാത്രമേ ജോസിനെ കാണുകയുള്ളൂ എന്ന ശാസ്ത്രം നിലനിൽക്കുന്നതുകൊണ്ട് ..തോറ്റിടത്ത് ജാനകി എന്ന വെട്ടുകത്തിജാനുവിന്റെ മകൻ പ്രദീപ് ഗൾഫിൽ നിന്നും വന്നദിവസം അമിതമായി മദ്യപിച്ച് ... വിവാഹിതനായ പ്രദീപിന്റെ ശയനമുറി ലക്ഷ്യമാക്കി നടന്നു വഴിതെറ്റിയ ജോസ് .. അബദ്ധത്തിൽ ചാണകക്കുഴിയിൽ തലയുംകുത്തി വീണപ്പോൾ ശ്വാസനാളത്തിൽ കയറി തടസ്സം സൃഷ്ടിച്ച ചാണകം കാരണമാണ് നാടോ വീടോ ഇല്ലാത്ത ഞരമ്പേൽ ജോസ് മരണപ്പെട്ടതെന്നു ഇതിനാൽ വ്യക്തമാകുന്നു...’
ശാസ്ത്രീയ തെളിവടിസ്ഥാനത്തിൽ ഇത്രയും തന്റെ ഫയലിലെഴുതിച്ചേർത്തു രാജാസാർ ഫയൽ ക്ലോസു ചെയ്തപ്പോൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനായി മലർത്തിയിട്ടിരുന്ന വാതിലുകൾ ജനങ്ങളും ക്ലോസ്സു ചെയ്തു ... വര്‍ഷങ്ങളായി ഒരു സി.ബി.ഐ വന്നു ഡമ്മിയിട്ടു കേസന്വേഷിക്കാനുള്ള അവസരമാണ് സി.ഐ രാജൻ ക്ലോസു ചെയ്തു നഷ്ടപ്പെടുത്തിയത്... തൽഫലമായി നാട്ടിൽ ജോസ് വധക്കേസ്സ് ആക്ഷന്‍ വിത്ത് സ്റ്റാര്‍ട്ട് ആന്റ് കട്ട് കമ്മിറ്റി രൂപീകൃതമായി..
ജോസ് വല്യപ്പൻ കേസന്വേഷണം സി.ബി.ഐ യെ ഏല്പിക്കാൻ നാട്ടുകാർ നടത്തിയ കുത്തിയിരിപ്പു സമരമോ , പഞ്ചായത്തു പിക്കറ്റിംഗോ ഒന്നും തന്നെ ഭരണപക്ഷവും പ്രതിപക്ഷവും വിലയ്ക്കെടുത്തില്ല ...
നാട്ടുകാർ വീണ്ടും നേർച്ചകൾ കം അലര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു.
അവസാനം ആശ്വാസത്തിനു വകനൽകിക്കൊണ്ടായിരുന്നു പഞ്ചായത്തു തെരഞ്ഞെടുപ്പു വന്നത് .... ഒണക്കത്തോടു നിവാസികളൊന്നിച്ചു തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ തീരുമാനമെടുത്തപ്പോൾ ഭരണപക്ഷ പ്രതിപക്ഷങ്ങൾ ഒന്നിച്ചുഞെട്ടുകയും ചെയ്തു...
അവസാനം തീരുമാനമായി എന്നു പറയാതിരിക്കുന്നതിൽ ഔചിത്യമില്ലല്ലോ.... തീരുമാനമായി .... സി.ബി.ഐ കേസ് ഏറ്റെടുത്തു..... ടട്ടട്ടൻ ടടട്ടൻ ൻ ൻ ൻ ൻ ൻ ....
********
അന്ന് ഒണക്കത്തോട്ടിൽ ഉത്സവമായിരുന്നു ... അന്നാണു സി.ബി.ഐ ഒണക്കത്തോട്ടിൽ കേസു നുള്ളിയെടുത്തുപ്പിലിടാൻ പണ്ടാരമടങ്ങുന്നത്..
വിവിധതരം ഡമ്മികൾക്കൊണ്ടലങ്കൃതമായ തോരണങ്ങൾക്കു നടുവിലൂടെ തന്റെ കൂളിംഗ്ലാസ്സു നേരെയാക്കിക്കൊണ്ട് പേടിരോഗയ്യർ സി.ബി.ഐ ജനങ്ങളെ സംശയത്തോടെ നോക്കിക്കൊണ്ടു നടന്നുവന്നു..... ഡമ്മിമാലയിട്ടുകൊണ്ട് പഞ്ചായത്തു പ്രസിഡണ്ട് കുഞ്ഞച്ചനാണ് ‘പേടിരോഗരെ’ സ്വീകരിച്ചത്....
സി.ബി.ഐ വന്നതോടെ നാട്ടിലെങ്ങും ഉത്സവമായി ... തിരക്കായി.... ആകെ ബഹളമായി... ഒരു വശത്ത് കച്ചവടക്കാർ ഞരമ്പുജോസിന്റെയും ... പേടിരോഗയ്യരുടെയും ഡമ്മിവിൽപ്പന പൊടിപൊടിച്ചുകൊണ്ടിരുന്നു... മറ്റൊരുവശത്ത് വിവിധയിനം ജോസ് വല്യപ്പൻ സ്റ്റിക്കറുകളും!
******
. ‘ജോസിനെ ആരും കൊന്നതല്ല’ എന്നസത്യം കേസിന്റെ ഫയൽ പഠിച്ച സി.ബി.ഐ ഉറപ്പിച്ചു!!.
പക്ഷേ ഇതൊരു കൊലപാതകമാക്കിയില്ലെങ്കിൽ തങ്ങൾ സി.ബി.ഐക്കാരുടെ വർഗ്ഗത്തിനുതന്നെ അപമാനമാണെന്ന ചിന്തയിൽ മനം നൊന്ത സി.ബി.ഐ ... ശവം കിടന്ന ചാണകക്കുഴി സന്ദർശിക്കാനുള്ള തന്റെ കടുത്തതും അതി സാഹസികവുമായ തീരുമാനമെടുത്തു...
പോലീസ് സീലുചെയ്ത ചാണകക്കുഴിയിലിറങ്ങി പേടിരോഗർ തുമ്പുണ്ടാക്കുന്നതുകാണാൻ വൻ ജനാവലിതന്നെ കാണപ്പെട്ടു... ഏതൊരു കുറ്റം നടന്നു കഴിഞ്ഞാലും സി.ബി.ഐ യുടെ മാനം രക്ഷിക്കാൻ ദൈവം ഒരു കയ്യൊപ്പിട്ടുവെയ്ക്കുമെന്ന ശാസ്ത്രം മനസ്സിൽ ആവാഹിച്ചുകൊണ്ട് സി.ബി.ഐ തിരച്ചിൽ തുടങ്ങി...
ആറു മാസങ്ങൾക്കു മുൻപു നടന്ന മരണത്തിന് എന്തു കയ്യൊപ്പുകിട്ടാനാ എന്നൊക്കെ ചിന്തിക്കുന്ന മണ്ടന്മാരെ വീണ്ടും മണ്ടന്മാരാക്കിക്കൊണ്ട് സി.ബി.ഐ ആ സാധനം പുറത്തെടുത്തു...
പോലീസുകാർ കള്ളന്മാർക്കു ഓടിക്കൊള്ളാൻ മുന്നറിയിപ്പുകൊടുക്കാനുപയോഗിച്ചുവരാറുള്ള ഒരിനം വിസിലായിരുന്നു അത്... വിസിലു കണ്ടതും ... കൂട്ടത്തിലുണ്ടായിരുന്ന സി.ഐ.രാജൻ വിയർത്തൊലിക്കാൻ തുടങ്ങി.... വിസിലു തന്റെ പ്ലാസ്റ്റിക് ചാക്കിലാക്കിയ സി.ബി.ഐ ആ പരിസരത്തെല്ലാം ഒന്നുകൂടി പരതിനോക്കാനും എന്തൊക്കെയോ ചപ്പുചവറുകൾ പെറുക്കി ചാക്കിലാക്കാനും മറന്നില്ല.....
അന്നു പാതിരാ സമയത്ത് സി.ബി.ഐക്കു ഒരു അതിഥിയുണ്ടായിരുന്നു .... ആ അതിഥിയിൽ നിന്നും വിസിലിനെക്കുറിച്ചു കൂടുതലറിയാൻ കഴിഞ്ഞ സി.ബി.ഐ കേസു കുഴഞ്ഞുമറിയുന്നതുകണ്ടു നെഞ്ചുതടവിക്കൊണ്ട് ബാലചന്ദ്രമേനോനെ വിളിച്ചു ...
*************
ദിവസങ്ങൾ വീണ്ടും കടന്നുപോയി ... കേസിനു തുമ്പും വാലും എന്നുവേണ്ട ഒരു കോപ്പുമായില്ല... പത്രക്കാർ ഇടയ്ക്കിടയ്ക്കു കേസിന്റെ കാര്യം തിരക്കിക്കൊണ്ടിരുന്നു. സി.ഐ.രാജനു കേസിൽ പങ്കുണ്ട് എന്നു വ്യക്തമാക്കും വിധമാണ് സംഗതിയുടെ പോക്കെന്നു ന്യൂസ് സമയങ്ങളിൽ ചർച്ചകൾ നടന്നുകൊണ്ടിരുന്നതിനു കാരണം സി.ബി.ഐക്കു കിട്ടിയ പോലീസ് വിസിൽ മാത്രമായിരുന്നില്ല .. കേസന്വേഷണം പെട്ടെന്നു ക്ലോസ് ചെയ്ത സി.ഐ.യുടെ അന്വേഷണ രീതികൂടിയായിരുന്നു..
*************
ചാണകക്കുഴിയും പരിസരവും രാത്രിയും പകലുമൊക്കെ നിരീക്ഷിച്ചുകൊണ്ടിരുന്ന പേടിരോഗരുടെ ശ്രദ്ധയിൽ ഒരു നിരീക്ഷണ രാത്രി ആ സംഗതി പെട്ടു എന്നു പറഞ്ഞാൽ മതി, പെട്ടു...
ചാണകക്കുഴിയിൽ നിന്നും ഏതാണ്ട് ഇരുനൂറുമീറ്റർ അകലയായി ഒരു വെളിച്ചം മിന്നിമറഞ്ഞു ... പേടിയോടെയാണെങ്കിലും ദൈവം കയ്യൊപ്പിടുന്നതാവുമെന്നു കരുതി സി.ബി.ഐ നടന്നു ... അവിടെ നാലഞ്ചാളുകൾ നിലാവെളിച്ചത്തിൽ എന്തൊക്കെയോ ചെയ്യുന്നു ... സി.ബി.ഐ ശ്രദ്ധിച്ചു നോക്കി ... ഒരു പെരുമ്പാമ്പിന്റെ സീൽക്കാരവും ആരുടേയൊക്കെയോ അടക്കിയ സംസാരങ്ങളും സി.ബി.ഐ യിലെ പേടി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
നേരെ വീട്ടിലെത്തിയ സി.ബി.ഐ താൻ മുൻപ് ചാണകക്കുഴിയുടെ പരിസരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക്ചാക്കിലെ സാധനങ്ങൾ വലിച്ചു പുറത്തിട്ടു ... അതിൽ കണ്ട ചണം കൊണ്ടുണ്ടാക്കിയ കയർക്കഷണത്തിൽ സി.ബി.ഐ യുടെ കണ്ണുകളുടക്കിനിന്നു... എന്തോതീരുമാനിച്ചിട്ടെന്നപോലെ സി.ഐ.രാജന്റെ മൊബൈലിലേക്കു സി.ബി.ഐ ആഞ്ഞു വിളിച്ചു...
***************
രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ .... സി.ബി.ഐ യുടെ വീട്ടിൽ ഒണക്കത്തോടു നിവാസികളും പത്രക്കാരും ഒത്തുകൂടാൻ കാരണം സി.ബി.ഐ ക്ഷണിച്ചതുകൊണ്ടു മാത്രമായിരുന്നു...
ജനത്തെ നോക്കി സി.ബി.ഐ തന്റെ നാവു പുറത്തിട്ടു ..... തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു തൊട്ടു മുൻപുള്ള സ്ഥാനാർഥികളേപ്പോലെ ജനം അക്ഷമരായി ....
" പ്രിയ ഒണക്കത്തോട്ടിലെ സി.ബി.ഐ ആരാധകരെ.. ആരാധികമാരെ...... ഈ കേസു സി.ഐ രാജൻ പറഞ്ഞപോലെ ഒരു കൊലപാതകമായിരുന്നില്ല ... പക്ഷേ ഇതിനെ വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം"
'ഉച്ചപ്പിരാന്ത് ' എന്നൊക്കെ ജനം കേട്ടിട്ടുണ്ട് ... സി.ബി.ഐ യുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഉച്ചപ്പിരാന്ത് ' രാത്രിയിലേയ്ക്കു മാറ്റിയെന്ന് അവരങ്ങുറപ്പിച്ചു, എന്നാലും സി.ബി.ഐയല്ലെ പറയട്ടെ..
കൊല നടന്നത് സി. ബി. ഐ വിവരിച്ചതു ചുരുക്കിയാൽ ഇങ്ങിനെ
ജാനുവിന്റെ മകൻ പ്രദീപ് ഗൾഫിൽ നിന്നും വന്നദിവസം (ആദ്യരാത്രി ദിവസം) ഞരമ്പുജോസ്, ജാനുവിന്റെ വീടിനുമുൻപിൽ ചുറ്റിത്തിരിയുമ്പോൾ മറ്റു ചിലർകൂടി അവിടെയുണ്ടായിരുന്നു. ആരുടേയോ ശബ്ദം കേട്ട ജോസ് മരങ്ങൾക്കു പിന്നിലൊളിച്ചു ... അതിലൊരാളെക്കണ്ട ജോസ് ശരിക്കും ഞെട്ടി .... ജീവ പര്യന്തത്തിനു ശിക്ഷിക്കപ്പെട്ട വാരിക്കുന്തംശശി!!!
ജയിലിലുള്ള അവനെങ്ങിനെ ഇവിടെ എന്നു ചിന്തിക്കുമ്പോൾ ഭരണപക്ഷത്തെയും പ്രതിപക്ഷത്തേയും ചില വമ്പന്മാരെയും കണ്ടു ... അവർ ജാനുവിന്റെ ചാണകക്കുഴിയിൽ എന്തൊ ഒളിച്ചുവെയ്ക്കുകയാണ് ...... പെട്ടന്നാണവർ ജോസിനെ കണ്ടത് .... വെപ്രാളം കൊണ്ട് ചാണകക്കുഴിലേക്കെടുത്തു ചാടിയ ജോസിന്റെ തല ചാണകത്തിൽ പൂണ്ടുപോയി ..... മറ്റവർ തങ്ങൾ ഒളിച്ചുവച്ച സാധനവുമെടുത്തു സ്ഥലം വിടുകയും ചെയ്തു ......
പക്ഷേ സി.ബി.ഐ ഇതെല്ലാം എങ്ങിനെ കണ്ടുപിടിച്ചെന്നും എന്തായിരുന്നു ആ സാധനങ്ങളെന്നും നമുക്കു നോക്കാം
സി.ബി.ഐക്കു പോലീസ്‌വിസിൽ കിട്ടിയരാത്രി സി.ഐ. രാജൻ സി.ബി.ഐ യെ കാണാൻ ചെന്നിരുന്നു. ആ വിസില്‍ തന്റേതാണെന്നും താൻ കേസിന്റെ തുമ്പിനുവേണ്ടി ഒരിക്കൽ ചാണകക്കുഴിയിലിറങ്ങിയപ്പോൾ നഷ്ടപ്പെട്ടതാണെന്നും അയാൾ സി.ബി.ഐ യോടു തുറന്നു പറഞ്ഞ കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറഞ്ഞു... ഏതോ ഒരു മൃഗത്തിന്റെ കണ്ണ് കിട്ടിയ കാര്യം .... വല്ല കാക്കയും കൊത്തിക്കൊണ്ടിട്ടതാവാമെന്ന നിലയിൽ സി.ഐ വിട്ടുകളഞ്ഞതായിരുന്നു അത്.
പക്ഷേ ഇതിലെന്തോ കളിയുണ്ടെന്നു സി.ബി.ഐക്കു തോന്നി ... ആടുമാടുകളുടെ കണ്ണുമായി അതിനു സാമ്യമില്ലാ എന്ന് സി.ഐ തറപ്പിച്ചു പറഞ്ഞിരുന്നു... അങ്ങിനെയാണ് രാത്രികാലങ്ങളിൽ പേടിരോഗർ ചുറ്റിത്തിരിയാൻ തുടങ്ങിയത് ....
ഒരു ദിവസം ചാണകക്കുഴിയിൽ നിന്നും ഇരുനൂറു മീറ്റർ അകലെ കണ്ട വെളിച്ചത്തിൽ ... സി.ബി.ഐ കണ്ട കാഴ്ച ഭയങ്കരമായിരുന്നു .... ഏതാനുമാളുകൾ ഒരു പെരുമ്പാമ്പിനെ അറുത്തു തോൽ പൊളിക്കുന്നു ..... കൂട്ടത്തിൽ ജയിലിൽ കഴിയുന്ന വാരിക്കുന്തംശശിയും !! .പെരുമ്പാമ്പിനെ പെരുത്ത ഒരു ചണത്തിന്റെ കയറുകൊണ്ടു കുരുക്കിയിരുന്നു, പെരുമ്പാമ്പിന്റെ തോൽ ഒരു കവറിലാക്കി ശേഷിച്ച ഭാഗങ്ങൾ അടുത്ത പുഴയിലേയ്ക്കു വലിച്ചെറിഞ്ഞു.. പിറ്റേദിവസം കാണാമെന്നു പറഞ്ഞു അവർ പിരിഞ്ഞു .... പിറ്റേദിവസം സി.ബി.ഐയും സി.ഐയും കൂടെ വൻ പൊലീസും അവരെ വളഞ്ഞു കയ്യോടെ പിടിച്ചു .....
കാട്ടിൽ നിന്നും പിടിച്ചുകൊല്ലുന്ന ജീവികളുടെ തോലും കൊമ്പുമെല്ലാം അവർ താൽകാലികമായി സൂക്ഷിക്കാൻ കണ്ടെത്തിയിരുന്നത് പരിസരത്തെ വീടുകളിലെ ചാണകക്കുഴികളായിരുന്നു. ഏതായാലും അതോടെ ജയിലർമാരുടെ ഒത്താശയോടെ ജയിൽ പുള്ളി പുറത്തുവന്നതടക്കം ഒരുപാടു ഹിഡൺകേസുകൾക്കു തുമ്പും വാലും കൊമ്പുമൊക്കെയായി.
**************
മനസ്സു നിറഞ്ഞ ഒണക്കത്തോട്ടുകാർ ആയിരത്തിയൊന്ന് ഡമ്മികളിൽ കതിനാവെച്ച് പൊട്ടിച്ചുകൊണ്ടു സി.ബി.ഐ യെ യാത്രയാക്കി ... അടുത്ത കേസുനടക്കുമ്പോൾ കയ്യൊപ്പിടാൻ മറക്കല്ലേ ദൈവമേ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് സി.ബി.ഐ ജനങ്ങൾക്കു നേരെ കൈകൾ ആഞ്ഞാഞ്ഞു വീശിക്കൊണ്ടിരിക്കുമ്പോഴും മനസ്സില്‍ അന്നുകണ്ട പെരുമ്പാമ്പിന്റെ രൂപമായിരുന്നു.
സി.ബി.ഐക്കാരുടെ മാനവും മാങ്ങാത്തൊലിയുമൊക്കെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ആ രാത്രിയില്‍ ഈ കടുംകൈകളൊക്കെ നടത്തിപ്പോയത് .. ഈ കൂടിനില്‍ക്കുന്ന കഴുതകളുടെ അമ്മൂമ്മേടെ കേസു തെളിഞ്ഞുവെന്നല്ലാതെ തന്റെ പേടിരോഗം എന്ന് തെളിഞ്ഞുകിട്ടുമെന്റെ ദൈവമേ? എന്നു ചിന്തിച്ച പേടിരോഗയ്യര്‍ തന്റെ കൈത്തണ്ടയില്‍ കണിയാര്‍ ജപിച്ചുകെട്ടിയ ചരടില്‍ അമര്‍ത്തിപ്പിടിച്ചു.
(തുടരും)
10 comments:
ആറു മാസങ്ങൾക്കു മുൻപു നടന്ന മരണത്തിന് എന്തു കയ്യൊപ്പുകിട്ടാനാ എന്നൊക്കെ ചിന്തിക്കുന്ന മണ്ടന്മാരെ വീണ്ടും മണ്ടന്മാരാക്കിക്കൊണ്ട് സി.ബി.ഐ ആ സാധനം പുറത്തെടുത്തു...
രസിപ്പിച്ചു!
നർമ്മത്തിൽ കണ്ടില്ലെങ്കിലും കർമ്മത്തിൽ ഉണ്ടല്ലോ...
ഇ.എ.സജിം തട്ടത്തുമലയുടെ "രസിപ്പിച്ചു!" എന്ന കമന്റും, കൂടെ ഒരു ദിവസംമുഴുവൻ "ആദ്യരാത്രിയിലെ കൊല..." എന്ന പോസ്റ്റും ഇതിൽ കാണാതായതുമെല്ലാം ഗൂഗിളിന്റെ യന്ത്രത്തകരാറാവുമെന്നു കരുതുന്നു ... പോസ്റ്റ് കമന്റോടെ ഇടയ്ക്കു നഷ്ടമാകുന്നതിനെക്കുറിച്ചും, ഡാഷ്ബോർഡിൽ കയറുന്നതുപോലും ഗൂഗിളമ്മച്ചി വിലക്കുന്നതിനേക്കുറിച്ചും കൂടുതലറിയാവുന്നവർ ദയവുചെയ്തു പറഞ്ഞുതരിക. നന്ദി
പോസ്റ്റ് അപ്രത്യക്ഷമായതിന്റെ കാര്യകാരണങ്ങൾ ഇവിടെ കിട്ടി http://mathematicsschool.blogspot.com/2011/05/blogger-maintenance.html
ഇത് ആദ്യം പോസ്റിയത് ആണ് അല്ലെ. ഞാന്‍ വായിച്ചിരുന്നു.ഗൂഗിള്‍ അമ്മച്ചീടെ ഓരോരു കളികളെ...
kollam nalla avatharanam
കുറെ നാളുകള്‍ക്കു ശേഷം പേടിരോഗയ്യരുടെ
പുതിയ കേസന്വേഷണം.
കൊള്ളാം..നന്നായിട്ടുണ്ട്
well
good
Post a Comment