Nov 16, 2011

ലിസിയുടെ മരണരഹസ്യം..“ഹലോ ... അയ്യര്‍ സാര്‍”

പിറകില്‍ നിന്നും കേട്ട കിളിനാദമേതെന്നറിയാന്‍ സാക്ഷാല്‍ പേടിരോഗയ്യര്‍ സി.ബി.ഐ തിരിഞ്ഞുനോക്കി. വിളിച്ചത് ഒരു പൈങ്കിളിതന്നെയാണ് പക്ഷേ, മുഖം അത്രയ്ക്കങ്ങു പരിചയം പോര... ലേറ്റസ്റ്റ് മോഡല്‍ കണ്ണടയൊരെണ്ണം മൂക്കത്തുണ്ട് , ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ അവളുടെ വെളുത്ത നിറത്തിനു മാച്ച് ചെയ്യുന്നതു തന്നെയാണെങ്കിലും കണ്ണുകളിലെ കുസൃതിക്കനുസരിച്ച് കുറച്ചുകൂടി മോഡേണ്‍ ഡ്രസ്സാണവള്‍ക്കു മാച്ച് ചെയ്യുകയെന്ന് വെറുമൊരു സി.ബി.ഐ എന്നതിലുപരി ഒരു മനശ്ശാസ്ത്രജ്ഞന്‍കൂടിയായ സി.ബി.ഐക്കു തോന്നി(?).

“ സാറിനെന്നെ മനസ്സിലായില്ലേ? ”
‘ഇല്ലാ’ എന്നു പറയാനുള്ള എന്തോ ഒരു ‘ഇത് ’ കാരണം സി.ബി.ഐ മൌനം പാലിച്ചതുകൊണ്ടാകണം അവള്‍ തന്നെ അവളേക്കുറിച്ചു പറഞ്ഞത് . പണ്ട് ഏതോ കേസന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ അവളുടെ നാട്ടിലും എത്തിയിരുന്നു ... സോ..അവള്‍ക്കു സി.ബി.ഐ യെ പരിചയമുണ്ട് എന്നുകരുതി സി.ബി.ഐയ്ക്കും വെളിച്ചപ്പാടിനുമൊക്കെ അവളെ പരിചയമുണ്ടാവണമെന്നില്ലല്ലോ. പക്ഷേ സി.ബി.ഐ യുടെ ഒരു ഇരിപ്പുവശം വച്ചു നോക്കിയാല്‍ അവളെ നല്ല പരിചയമുണ്ടാവേണ്ടതായിരുന്നിട്ടുകൂടി എന്തുകൊണ്ടോ അതുണ്ടായില്ല. രമ്യ അതാണ് അവളെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അവളുടെ പിതാശ്രീ ഹെഡ്മാസ്റ്ററോഡ് പറഞ്ഞ നാമം, അതുകൊണ്ട് നമുക്കും അവളെ രമ്യ എന്നുതന്നെ വിളിക്കാം.

“എന്റെ ചേച്ചി ഇവിടെ ഡല്‍ഹിയിലാണു താമസിക്കുന്നത് .. ഒരു മാസത്തോളമായി ഞാനിവിടെ എത്തിയിട്ട് ഇന്നു നാട്ടിലേക്കു മടങ്ങുകയാ ... സര്‍ ഞാന്‍ സാറിനെ എവിടെവച്ചെങ്കിലുമൊന്നു കണ്ടിരുന്നെങ്കില്‍ എന്നു ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു . ദൈവമാണ് സാറിനെ എന്റെ മുന്‍പിലെത്തിച്ചത്”

“അയ്യോ എന്നേയോ ... എന്തിനാ.?.”

“എനിക്കു സാറിനോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് .... ചിലപ്പോള്‍ വിഡ്ഢിത്തമാണെന്നു തോന്നാം... ഒരിക്കല്‍ നാട്ടിലെ എസ്.ഐ. സാറിനോട് ഈ കാര്യം പറയാന്‍ ശ്രമിച്ചതാ പക്ഷേ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പു തന്നെ എന്തുകൊണ്ടോ അദ്ദേഹം, എനിക്കു വട്ടാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്.... എങ്കിലും സാറിനെ എനിക്കു വിശ്വാസമാണ്...”

ഏതോ മാരണം പിടിച്ച കേസ് തന്റെ കഴുത്തിലേക്കെടുത്തിടാനാണ് ഇവളുടെ ശ്രമമെന്ന് സി.ബി.ഐ യുടെ കൂര്‍മ്മ ബുദ്ധി കണ്ടുപിടിച്ചു . പക്ഷേ അവള്‍ക്കു പറയാനുള്ളത് കേള്‍ക്കാതിരിക്കാനോ ഇടപെടാതിരിക്കാനോ നിര്‍വ്വാഹമില്ലല്ലോ കാരണം അവള്‍ സുന്ദരിക്കോതയായ ഒരു പെണ്‍കുട്ടിയല്ലേ ... ഇടപെട്ടുകളയാം. ആദ്യം അവള്‍ക്കു പറയാനുള്ളതെന്തെന്നു കേള്‍ക്കട്ടെ.


സി.ബി.ഐ ഇടപെടുന്നതിനുമുന്‍പ് നമുക്ക് അല്പം ഫ്ലാഷിട്ട് ബാക്കിലേയ്ക്കു പോയിവരാം


വറുത്തുവച്ച ഒണക്കമീന്‍ പൂച്ചകൊണ്ടുപോയാല്‍ വരേ സി.ബി.ഐ അന്വേഷിക്കുക, പൂച്ചയുടെ ഒണക്കമീനിനോടുള്ള കമ്പം ഒരു ക്രിയേറ്റിവിറ്റിയല്ലേ ? പൂച്ചയ്ക്കു ഇനി വല്ല ഇന്റര്‍നാഷണല്‍ കണക്ഷന്‍സുമുണ്ടോ? അതോ പച്ചമീന്‍ കുത്തക മാഫിയയുടെ കരിയും പുകയും പിടിച്ച കൈകളാണൊ ഇതിനുപിന്നില്‍ എന്നൊക്കെ തുടങ്ങി ഒണക്കമീന്‍ചര്‍ച്ചകള്‍ ചര്‍ച്ചചെയ്ത് ചര്‍ച്ചചെയ്ത് ജനങ്ങളെ ഒരു വഴിക്കാക്കിയിരിക്കുകയാണ് ദിനം‌പ്രതി പെരുകിവരുന്ന ദൃശ്യ-ശ്രാവ്യ-ലിഖിത മാധ്യമങ്ങള്‍ . ഇതിനു അവരേമാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അല്പം മസാലപ്പൊടി ചേര്‍ത്ത് മള്‍ട്ടിക്കളര്‍ പായ്ക്കറ്റില്‍ പൊതിയാത്ത വാര്‍ത്തകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുകയില്ലാ എന്ന കാലിക സത്യമാണ് ഇതിനു പിന്നില്‍ .

വാര്‍ത്തകള്‍ വില്‍ക്കപ്പെടുകയോ കോടികളുടെ വിളവെടുപ്പുനടത്തുകയോ നല്ലനിലയില്‍ കഴിയുന്ന കുടുംബബന്ധങ്ങള്‍ തകര്‍ക്കുകയോ എന്തെങ്കിലുമൊക്കെയാകട്ടെ ഇതൊന്നും ഇവിടെയുള്ള സി.ബി.ഐക്കാരെ ബാധിക്കുന്നില്ല. പിന്നെയോ ? എന്തിനും ഏതിനും സി.ബി.ഐ സി.ബി.ഐ എന്നു നാട്ടുകാര്‍ വിളിച്ചുകൂവുന്നതാണ് പാവപ്പെട്ട സി.ബി.ഐക്കാരുടെ പ്രശ്നംസ് ! ങാ. അതൊന്നും പറഞ്ഞിട്ടു കാര്യമില്ല പണ്ടാരാണ്ട് പറഞ്ഞപോലെ വല്ല അമേരിക്കയിലോ മറ്റോ ജനിച്ചാല്‍ മതിയായിരുന്നു. അവിടെയായിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെയോ എത്തിയേനെ (വല്ല ചന്ദ്രനിലേയ്ക്കോ ചൊവ്വായിലേയ്ക്കോ ഒക്കെ പരീക്ഷണത്തിനുവിട്ട് ഒടുക്കം അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്ന ധൂളിയെങ്കിലുമാകുമായിരുന്നു).

പേടിരോഗയ്യരുടെ ഉള്ളം കലങ്ങി കുതിര്‍ന്നു തിളച്ചുമറിയുകയാണ്. ആ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു . എന്നും ഒടുക്കത്തെ ഒരു കേസന്വേഷണം, അതും കേരളത്തിലേയ്ക്കു തന്നെയായിരിക്കും. ദൈവത്തിന്റെ സ്വന്തം നാടാണെന്നാ ഇവിടുത്തെ ചില കോന്തന്‍മാരുടെ വിചാരം . അതും പറഞ്ഞോണ്ടങ്ങു ചെന്നാല്‍ മതി, ചെകുത്താന്മാര്‍ ചാട്ടയെടുത്തടിച്ചോടിക്കും.

ഇത്തരം ചിന്തകള്‍ അതി കഠിനമായി മനസ്സിനെ ആകുലപ്പെടുത്തിയപ്പോഴാണ് ഒരു താല്‍ക്കാലിക ലോങ് ലീവിന്ന് അപേക്ഷയെഴുതി ആപ്പീസില്‍ കൊടുത്തത് .. ഉന്നത ആപ്പീസര്‍ അപേക്ഷ സ്വീകരിച്ചെങ്കിലും വിളിച്ചാല്‍ വിളിപ്പുറത്തെത്തണമെന്നും, ലീവിലാണെങ്കിലും ഡ്യൂട്ടിയിലാണെന്ന ചിന്തയോടെ പെരുമാറണമെന്നുമുള്ള നിബന്ധനയുടെ പുറത്താണ് അപേക്ഷ സ്വീകരിച്ചത്.

ഏതായാലും ഈ ലീവിനു ഗോവായിലൊക്കെ ഒന്നു കറങ്ങാമെന്നു കരുതിയ പേടിരോഗയ്യര്‍ ടിക്കറ്റെടുക്കാന്‍ റെയില്‍‌വേസ്റ്റേഷനിലെത്തിയതായിരുന്നു.

അങ്ങിനെയാണ് രമ്യയെ സി.ബി.ഐ-ജി കണ്ടെത്തുന്നത്. ഗോവയോട് പോയി തൂങ്ങിച്ചാവാന്‍ പറഞ്ഞുകൊണ്ട് രമ്യയുടേയും ദൈവത്തിന്റേയും നാട്ടിലേക്ക് തന്റെ സി.ബി.ഐ സ്വാധീനമുപയോഗിച്ച് രണ്ടു ഫസ്റ്റ്ക്ലാസ് എ.സി ടിക്കറ്റുകള്‍ സംഘടിപ്പിച്ചെടുത്തുകളഞ്ഞു നമ്മുടെ സി.ബി.ഐ.

ഒരേകൂപ്പയില്‍ മുഖത്തോടുമുഖംനോക്കി യാത്രചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവള്‍ തനിക്കുപറയാനുള്ള കഥപറഞ്ഞു തുടങ്ങി.

“സര്‍, സംഭവം നടക്കുന്നത് ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ... അന്നത്തെ പത്രങ്ങളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു, അധികം പ്രാധാന്യമില്ലാത്ത ഒരു വാര്‍ത്ത എന്നു വേണമെങ്കില്‍ പറയാം ...

പകര്‍ച്ചപ്പനി ബാധിച്ച് ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനികൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. തോണ്ടുംപറമ്പില്‍ ഔസേപ്പിന്റെ മകള്‍ ലിസി(20) ആണ് മരിച്ചത് ...”

“ഇതില്‍ സ്വാഭാവികതയില്‍ കവിഞ്ഞ് ഒന്നും കാണാന്‍ കഴിയുന്നില്ല ” സി.ബി.ഐ ഒരല്പം പരിഹാസരൂപേണയാണു പറഞ്ഞത്.

“ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല സര്‍, പക്ഷെ മരിച്ച ലിസി എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. മരിക്കുന്നതിനു ഒരാഴ്ചമുന്‍പാണ് അവള്‍ക്കു പനി പിടിപെട്ടത് ... ആയിടയ്ക്ക് ഞാനും എന്റെ വേറെ ചില കൂട്ടുകാരും കൂടി അവളെ സന്ദര്‍ശിച്ചിരുന്നു ... നല്ല വായാടിയായിരുന്ന അവള്‍ അന്ന് ഞങ്ങളോട് അധികമൊന്നും സംസാരിച്ചിരുന്നില്ലെന്നു മാത്രമല്ല, എന്തോ ഒരു ഭയം അവളിലുണ്ടായിരുന്നോ എന്നു തോന്നുംവിധമായിരുന്നു അവളുടെ പെരുമാറ്റങ്ങള്‍ ... ഇതിലും സ്വാഭാവികമല്ലാത്ത ഒന്നുമില്ലെന്നു പറയാം, കാരണം കഠിനമായ പനികാരണവും ഇതൊക്കെ സംഭവിക്കാം... ”

“ശരിയാണ് ... പിന്നീടെന്തു സംഭവിച്ചു?”

“ അവള്‍ മരിച്ചതറിഞ്ഞ് ഞാന്‍ വീണ്ടും അവിടെ പോയിരുന്നു .... അവളുടെ മൃതശരീരം ഏറ്റവും അടുത്തയാളുകളെയല്ലാതെ ആരെയും കാണാനനുവദിച്ചിരുന്നില്ല . ഇതിനു പ്രത്യേകിച്ചു വല്ല കാരണവുമുണ്ടോ എന്നെനിക്കു സംശയവുമുണ്ടായിരുന്നു . അടുത്ത കൂട്ടുകാരി എന്ന നിലയില്‍ എനിക്കു കാണാന്‍ അനുവാദം കിട്ടി. ഞാന്‍ ബോഡിയുടെ അടുത്തെത്തിയപ്പോള്‍ എന്തോ എനിക്കു ചില സംശയങ്ങള്‍ തോന്നി ... മുഖമൊഴിച്ച് ബാക്കി ഭാഗങ്ങള്‍ മറച്ചിരുന്നെങ്കിലും കഴുത്തിന്റെ കുറച്ചുഭാഗത്ത് എന്തോ നിറവ്യത്യാസമുള്ളതായെനിക്കു തോന്നിയകാരണം ഞാന്‍ സൂക്ഷിച്ചു നോക്കുന്നതു കണ്ടതുകൊണ്ടായിരിക്കാം അവളുടെ ഇളയപ്പന്‍ എവിടേനിന്നോ ധൃതിയില്‍ വന്ന് എന്നോട് അല്പം ഗൌരവത്തോടെ പറഞ്ഞു.
‘ എന്താ രമ്യാ ബാക്കിയുള്ള ആളുകള്‍ക്കും കാണണ്ടായോ .... മോളു വേകം ചെല്ലാന്‍ നോക്ക് ’
ഈ വാക്കുകള്‍ എന്നിലെ സംശയത്തിനു ഒന്നുകൂടി ബലം നല്‍കി . പിന്നീട് കുറച്ചു ദൂരെയുള്ള അവളുടെ അമ്മച്ചിയുടെ സഹോദരി വരാന്‍ പോലും കാക്കാതെ തിടുക്കപ്പെട്ട് ശവമടക്കും നടത്തി. അവളുടെ മരണത്തില്‍ എന്തോ പന്തികേടുണ്ടെന്ന് ഞാന്‍ അന്നത്തെ എസ്.ഐ യോടു പറഞ്ഞപ്പോള്‍ അയാളെന്നെ കളിയാക്കിവിടുകയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു എന്നിട്ടും എനിക്കൊന്നു മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ഒരു ചെയിഞ്ചിനുവേണ്ടിയായിരുന്നു ഞാന്‍ ചേച്ചിയുടെ വീട്ടിലേക്കു വന്നത്. ”

സംഗതി കേട്ട സി.ബി.ഐക്കു തോന്നി ഫസ്റ്റ് ക്ലാസ് എസിയില്‍ ഇവള്‍ക്കുകൂടി ബുക്കു ചെയ്ത ടിക്കറ്റിന്റെ കാശുകൊണ്ട് ഗോവയില്‍ പോയി അടിച്ചങ്ങു പൊളിക്കുകയായിരുന്നു ഇതിലും നല്ലത് .. ഇവളുടെ തൊലിവെളുപ്പാണ് എല്ലാത്തിനും കാരണം .... പറഞ്ഞിട്ടു കാര്യമില്ല വരാനുള്ളത് എങ്ങിനെയായാലും വന്നിരിക്കുമല്ലോ ....

“എന്താ സാര്‍ ആലോചിക്കുന്നത് ....”

“ആലോചിക്കുന്നത് നിന്റെ അ...അ...”

“എന്റെ?!!”
“നിന്റെ ആ കേ..കേസ് എങ്ങിനെയായിരിക്കുമെന്ന് ഒന്നു പഠിച്ചുനോക്കിയതാ .... ചില കണക്കുകൂട്ടലുകളും ഹരിക്കല്‍-ഗുണനങ്ങളും ”

“അപ്പോള്‍ സാറ് എന്റെ കേസ് ഏറ്റെടുത്തു അല്ലേ”

“പിന്നല്ലാതെ ... ഇനി എന്നെയാരെങ്കിലും ഏറ്റെടുത്താല്‍ മതി...എല്ലാം പൂര്‍ത്തിയാകും... എന്റെ സി.ബി.ഐ പുണ്യാളാ അടിയനെ കൈ വെടിയരുതേ ”

നാട്ടിലെത്തിയാല്‍ തന്നെ പരിചയമില്ലാത്തതായി ഭാവിക്കണമെന്നും , സംസാരിക്കണമെങ്കില്‍ ഫോണിലൂടേയും , നേരിട്ടുകാണണമെങ്കില്‍ നഗരത്തിലെ പാര്‍ക്കിലോ മറ്റോ വച്ചു അപരിചിതരേപ്പോലെ മാത്രമേ ആകാവൂ എന്നും, തമ്മിൽ കരാറുചെയ്ത് അവര്‍ ട്രെയിനിറങ്ങി രണ്ട് ഓട്ടോകളിലായി യാത്രയായി.

രമ്യയുടെ കരാറുകൂടി കേട്ടതോടെ ഗോവമതിയായിരുന്നു എന്ന് വീണ്ടും വീണ്ടും സി.ബി.ഐ യുടെ ഉള്ളില്‍ നിന്നും ആരൊക്കെയോ ചേര്‍ന്ന് മന്ത്രതന്ത്രാദികള്‍ ഉരുവിടാന്‍ തുടങ്ങി.

**************

കേരളത്തിലെ പ്രഭാതം വിത്ത് സി.ബി.ഐ

രമ്യയുടെ വീടിനു തൊട്ടടുത്ത ലോഡ്ജില്‍ ബാത്ത്‌റൂം വിത്ത് സീലിംഗ് ഫാന്‍ അറ്റാച്ച്ഡ് റൂമൊരെണ്ണം സി.ബി.ഐ വാടകയ്ക്കെടുത്തു. തന്റെ മുറിയില്‍ നിന്നും നോക്കിയാല്‍ രമ്യയുടെ റൂമിന്റെ ജനാല കാണത്തക്ക വിധമുള്ള മുറി തിരഞ്ഞെടുക്കുന്നതില്‍ സി.ബി.ഐ അതീവ ജാഗ്രത പുലര്‍ത്തിയതിനു പിന്നില്‍ സത്യസന്ധമായി(?) കേസു തെളിയിക്കുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

മരിച്ച ലിസിയുടെ മറ്റു ഫ്രണ്ട്സുകളെയെല്ലാം(!) കണ്ട് ഒരു അതിഭയങ്കര അന്വേഷണം നടത്താമെന്നു തീരുമാനമെടുത്തതിലും മേല്‍പറഞ്ഞ ഒരേ ഒരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ.

സി.ബി.ഐ യുടെ ഉദ്ദേശംവച്ചുകൊണ്ട് രേഖാനായര്‍ എന്ന കൂട്ടുകാരിയുമായി ചെറിയ ഒരു ‘ഡിസ്കഷന്‍ ’നടത്തിയപ്പോള്‍ കേസിനു വഴിത്തിരിവാകുന്ന ചെറിയ ഒരു വഴി തുറന്നുകിട്ടി .

രേഖ പറഞ്ഞ സംഗതി ഇതാണ്:-

ലിസി മരിക്കുന്നതിനു ഒരു മാസം മുമ്പുതന്നെ ലിസിയില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് രേഖയുടെ ശ്രദ്ധയില്പെട്ടിരുന്നു ... നിരന്തരമായി ഒരു ചെറുപ്പക്കാരന്‍ ഫോണില്‍ വിളിച്ച് അവളുമായി ഏറെ സമയം സംസാരിക്കാറുണ്ടായിരുന്നു. ഇതില്‍ പിന്നെ പൊതുവേ വായാടിയായിരുന്ന ലിസി മൌനിയായിട്ടും കൂട്ടുകാരില്‍ നിന്നും അകന്നു നില്‍ക്കുന്നവളായിട്ടും കാണപ്പെട്ടു. പൊതുവേ കാമ്പസിന്റെ ബഹളത്തിനിടയ്ക്ക് ആരുടേയും ശ്രദ്ധയില്‍ പെടാതിരുന്നതാണ് ഈ കാര്യം. ഒരിക്കല്‍ ഒരു അവധി ദിവസം ഒരു ചെറുപ്പക്കാരന്റെ കൂടെ അവള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതും രേഖയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ എന്തോ ലിസി കണ്ണൂനീര്‍വാര്‍ത്തുകൊണ്ട് അവളോട് പറഞ്ഞു.

“രേഖാ ... തല്‍ക്കാലം നീയിത് ആരെയും അറിയിക്കരുത് .... നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി..”

രേഖ ഈയൊരു രഹസ്യം മറ്റുകൂട്ടുകാരികളുമായി പങ്കുവച്ചിരുന്നില്ല ....
---------


“ അപ്പോള്‍ രേഖയ്ക്ക് ആ ചെറുപ്പക്കാരനെക്കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോ? ”

“തീര്‍ച്ചയായിട്ടും സാര്‍ ... ”

ഈസമയം കൂടെയുണ്ടായിരുന്ന രമ്യയില്‍ എന്തൊക്കെയോ നടുക്കങ്ങള്‍ മിന്നിമറയുന്നത് രേഖ കണ്ടില്ലാ എങ്കിലും, രമ്യയിലെ ‘രമ്യ’യെ കിട്ടിയ ചാന്‍സില്‍ നോക്കിനിന്ന് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്ന സി.ബി.ഐക്കു കാണാന്‍ കഴിഞ്ഞു. അന്നത്തെ അന്വേഷണം മതിയാക്കി അവര്‍ പല വഴിക്കു പിരിഞ്ഞു.

*****

സമയം പാതിരയോടടുക്കുന്നു, സി.ബി.ഐക്കു കിടന്നിട്ടുറക്കം വരാത്തതിനു കാരണം കടിച്ചുവലിക്കുന്ന മൂട്ടകള്‍ മാത്രമായിരുന്നില്ല ... ലിസിക്കു ഒരു കാമുകനുണ്ടായിരുന്നു എന്നു രേഖ പറഞ്ഞപ്പോള്‍ രമ്യ എന്തിനാ ഞെട്ടിയത്? അവളിലെ ഉത്സാഹം നഷ്ടപ്പെട്ടുവോ? ഇനി ലിസിയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി രമ്യ പറഞ്ഞത് കളവാണൊ? മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണൊ തന്നെ അവള്‍ ഈ കേസിലേയ്ക്കു വലിച്ചിഴച്ചത് ? സി.ബി.ഐ യുടെ മനസില്‍ നൂറുകൂട്ടം ചിന്തകള്‍ മിന്നിമറഞ്ഞു...

അല്ലേലും മര്യാദയ്ക്കു ഗോവയ്ക്കു പുറപ്പെടാനിരുന്ന താന്‍ തൊലിവെളുപ്പിനു പിന്നാലെ പോയതിനു ഇതുതന്നെ വേണം . ഉണ്ടായിരുന്ന കഞ്ഞിയെടുത്ത് പട്ടിയ്ക്കു കൊടുക്കുകയും ചെയ്തു ബിരിയാനി കിട്ടിയതുമില്ലാ എന്നു പറഞ്ഞപോലെയായി ...

ഉറക്കംകിട്ടാത്ത സി.ബി.ഐ ഒരു സിഗരറ്റിനു തീകൊളുത്തിയശേഷം ജനലു തുറന്നു പുക പുറത്തേയ്ക്കു പറത്തിവിട്ടുകൊണ്ടിരുന്നു.. കരളുപുകച്ച് പുറത്തേയ്ക്കു വിട്ടപ്പോള്‍ മനസ്സിനു കുളിരുവന്നുതുടങ്ങി ... ഏകാന്തത തളം കെട്ടിയ രാത്രി ....

കുറച്ചകലെയായി ഇരുട്ടില്‍ കുളിച്ചുനില്‍ക്കുന്ന രമ്യയുടെ വീട്ടില്‍ ഒരു മുറിയില്‍ മാത്രം വിളക്കണഞ്ഞിരുന്നില്ല... അതെ അവളുടെ മുറിയായിരുന്നു അത്... സി.ബി.ഐ തന്റെ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷം വീണ്ടും ജനലിനടുത്തെത്തി.... ഈ പാതിരാത്രിയിലും രമ്യ ഉറങ്ങിയില്ലേ? പെട്ടന്നാണ് അതു സംഭവിച്ചത് ... അവളുടെ ജനലിനടുത്തുകൂടി ഒരു നിഴല്‍ നടന്നുനീങ്ങിയപോലെ സി.ബി ഐക്കു തോന്നി.... സി.ബി.ഐയിലെ പേടിരോഗം സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ തുടങ്ങി ... എങ്കിലും ആകാംക്ഷയുടെ പുറത്ത് ഏതാനും ചില സാധനങ്ങളും പോക്കറ്റിലാക്കി സി.ബി.ഐ മുറിക്കു പുറത്തിറങ്ങി രമ്യയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.

*******

ദിവസങ്ങള്‍ കടന്നുപോയി. ഇതിനിടയ്ക്കു സി.ബി.ഐ പല സ്ഥലങ്ങളിലും കറങ്ങിയടിച്ചു എന്നതു മറച്ചുവെക്കുന്നില്ല ....

അങ്ങിനെയിരിക്കെ ഒരുദിവസം രമ്യയുടെ ഫോണിലേയ്ക്ക് സി.ബി.ഐയുടെ ഒരു മിസ്സ്ഡ് കാള്‍ വന്നു ... തിരിച്ചുവിളിച്ച രമ്യയോട് അത്യാവശ്യമായി അമ്പതുകിലോമീറ്ററോളം അകലെയുള്ള നഗരത്തിലെ ലയൺപാർക്കിലെത്തണമെന്നുപറഞ്ഞ് ഫോണ്‍ ഡിസ്കണക്റ്റു ചെയ്തു....

*******

നഗരത്തിലെത്തിയ രമ്യയെ സ്വീകരിക്കാനെത്തിയ സി.ബി.ഐ സ്വന്തം കാറോടിച്ചുകൊണ്ടായിരുന്നു വന്നത് (ഭയങ്കരന്‍!!) . രമ്യയേയും, സി.ബി.ഐ യേയും കൊണ്ട് സിബി.ഐയുടെ കാര്‍ സിറ്റി പൊലീസ് കമ്മീഷ‌ണറുടെ കാര്യാലയത്തിനുമുന്‍പിലെത്തി കിതച്ചു നിന്നു...

കമ്മീഷണറുടെ മുറിയില്‍ അവരെക്കാത്തുകൊണ്ട് രണ്ട് അതിഥികളുണ്ടായിരുന്നു .. ഒന്ന് രേഖയും മറ്റേത് വിലങ്ങണിയിക്കപ്പെട്ടകണക്കെ ഒരു സുന്ദരനായ ചെറുപ്പക്കാരനും...

“ ഇവരെ അറിയുമോ....?” രമ്യയെനോക്കി ഒട്ടും രമ്യമല്ലാതെ കമ്മീഷണര്‍ ചോദിച്ചപ്പോള്‍ രമ്യകിടന്നു വിയര്‍ക്കാന്‍ തുടങ്ങി.

“ അ ... അറിയാം സര്‍ .... ഇത് രേഖ എന്റെ കൂട്ടുകാരി.... മറ്റത് .... ഷിബു ....”

“ അപ്പോള്‍ അറിയാം .... ഷിബുവുമായി രമ്യയ്ക്ക് എന്താ ബന്ധം ?”

രമ്യ മൌനിയായി തല കുനിച്ചപ്പോള്‍ സി.ബി.ഐ തലയുയര്‍ത്തിക്കൊണ്ട് പറഞ്ഞു...

“ ഞാന്‍ പറയാം .... ഇത് ഷിബു .... രമ്യയുടെ കാമുകന്‍ .... മയക്കുമരുന്ന് വില്പനക്കാരന്‍ .... സെക്സ് റാക്കറ്റിലെ പ്രധാനകണ്ണി...... ഷിബുവുമായി പ്രണയത്തിലായിരുന്ന രമ്യ എല്ലാ തരത്തിലും അയാളുമായിട്ടടുത്തു .... അടുപ്പം ഒന്നുകൂടി ദൃഢമാക്കാന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത് അവര്‍ പതിവാക്കിയിരുന്നു ... അവിടെനിന്നും കഥ തുടങ്ങുന്നു”

സി.ബി.ഐ വിവരിച്ച കഥ ഇങ്ങനെ ( ഷിബുവിനെ ഇടിച്ച് പിഴിഞ്ഞതില്‍ നിന്നും അതുപോലെ രേഖ തുടങ്ങിയ പലരേയും ചോദ്യം ചെയ്തതില്‍നിന്നും ഉരുക്കി വാര്‍ത്തെടുത്തത്):-

രമ്യയുടെ ജനലിനടുത്ത് രാത്രികണ്ട നിഴല്‍ രൂപത്തെ (ഷിബുവിനെ) പിന്‍തുടര്‍ന്നപ്പോഴാണ് സി.ബി.ഐ. ഷിബുവിനെക്കുറിച്ച് കൂടുതലന്വേഷിക്കുന്നത് .. ഷിബുവറിയാതെ അയാളുടെ ഫോട്ടോയെടുത്ത സി.ബി.ഐ ... രേഖയെ കണ്ട് ലിസിയുടെ കാമുകനും ഷിബുവാണെന്ന് ഉറപ്പുവരുത്തിയിരുന്നു.

രമ്യയുമായി അടുപ്പത്തിലായിരുന്നു ഷിബു. ഒരിക്കല്‍ ഷിബു ആക്സിഡന്റായി ഹോസ്പിറ്റലിലാണെന്ന വാര്‍ത്തകേട്ട് നഗരത്തിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലെത്തിയ രമ്യ. കാലില്‍ പ്ലാസ്റ്ററിട്ട നിലയില്‍ ഷിബുവിനെക്കണ്ട് ആകെ പരിഭ്രാന്തയായി...

ഷിബു ഒഴിച്ചുകൊടുത്ത ഓറഞ്ച് ജ്യൂസ് കഴിച്ച രമ്യ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.... ആക്സിഡന്റിന്റെ പേരില്‍ നാടകം കളിച്ച ഷിബു മയങ്ങിക്കിടക്കുന്ന രമ്യയുമായി കിടക്കപങ്കിട്ടു എന്നുമാത്രമല്ല തന്റെ മൊബൈലില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു.... ആശുപത്രിയിലെ ചില ജീവനക്കാരുടെ ഒത്താശയോടെ നടത്തിയ ഒരു നാടകം.


പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യൂറ്റൂബിന്റേയും ബ്ലൂട്ടൂത്തിന്റേയും പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി രമ്യയേക്കൊണ്ട് പലതും ചെയ്യിപ്പിച്ചു ... ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്താനും, പണച്ചാക്കുകളെ വശത്താക്കാനും അതി സമര്‍ത്ഥമായി രമ്യയെ അയാള്‍ ഉപയോഗപ്പെടുത്തി. ഒരിക്കല്‍ ഷിബുവിന്റെ ലാപ്ടോപ്പില്‍ നിന്നും മരിച്ച ലിസിയടകം ഒത്തിരി പെണ്‍കുട്ടികളുടെ ഫോട്ടോയും അവള്‍ കാണാനിടയായി. തന്റെ വരുതിക്കു വരാതിരുന്ന പല പെണ്‍കുട്ടികളേയും ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇല്ലാതാക്കിയിരുന്നു എന്ന സത്യവും രമ്യ അറിഞ്ഞു.

ഷിബുവില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു അവള്‍ ഡല്‍ഹിയില്‍ സഹോദരിയുടെ വീട്ടിലെത്തിയത്.... പക്ഷേ അവിടേയും അവളേത്തേടി അയാളെത്തിയിരുന്നു .... ഷിബുവിനേയും അയാളുടെ സകലസംഘങ്ങളേയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.......

******

“ ഇത്രയും കാര്യങ്ങള്‍ ഞങ്ങള്‍ക്കു വ്യക്തം പക്ഷേ ... ഇനി രമ്യക്കു മാത്രമറിയാവുന്ന ചില രഹസ്യങ്ങള്‍കൂടി അറിഞ്ഞാല്‍ ഈ കേസന്വേഷണം പൂര്‍ണ്ണമാവും . അതിനു രമ്യയുടെ സഹകരണം ഞങ്ങള്‍ക്കാവശ്യമാണുതാനും... ”

“ എനിക്കറിയാവുന്നതെന്തും ഞാന്‍ പറയാം സര്‍ ... സാറു ചോദിച്ചോളൂ”

“ രമ്യയുടെ നാട്ടില്‍ ഞാനൊരു കേസ് അന്വേഷിക്കാന്‍ വന്നപ്പോഴാണ് രമ്യക്ക് എന്നെ പരിചയമെന്നുപറഞ്ഞത് പച്ചക്കള്ളമല്ലേ? കാരണം രമ്യയുടെ നാട്ടില്‍ ഞാന്‍ ഒരു കേസന്വേഷണത്തിനുപോലും വന്നിട്ടില്ല...”

“ യെസ് ... കള്ളമായിരുന്നു ...”

“ പിന്നെ എന്നെ എങ്ങിനെയാ പരിചയം?”

“ ഞാനെല്ലാം പറയാം സര്‍...”

രമ്യ പറഞ്ഞത് :-

ഷിബുവില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ സഹോദരിയുടെ ഡല്‍ഹിയിലെ വീട്ടില്‍ താമസമാക്കിയ രമ്യയെ അന്വേഷിച്ച് ഷിബു അവിടെയുമെത്തിയപ്പോള്‍ , തനിക്കു ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടാനാവില്ലാ എന്ന സത്യം രമ്യ മനസ്സിലാക്കുന്നു. രമ്യ ഒരാഴ്ചയ്ക്കകം നാട്ടിലെത്തിയില്ലായെങ്കില്‍ യൂറ്റൂബ് വഴി രമ്യയുടെ രഹസ്യങ്ങള്‍ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് ഷിബു നാട്ടിലേയ്ക്കു മടങ്ങി... പരിഭ്രാന്തയായ രമ്യ നാട്ടിലേയ്ക്കു തിരിക്കാന്‍ റയില്‍‌വേസ്റ്റേഷനിലെത്തിയതായിരുന്നു സി.ബി.ഐയെ കണ്ട ആ ദിവസം...

അപ്പോഴാണ് തന്റെ ട്രോളീ ബാഗും കൂളിം ഗ്ലാസുമൊക്കെയായി റയില്‍‌വേസ്റ്റേഷനിലൂടെ നടക്കുന്ന സി.ബി.ഐ യെ ചൂണ്ടി രണ്ടാളുകള്‍ അടക്കം പറയുന്നത് രമ്യ ശ്രദ്ധിച്ചത്..... അങ്ങിനെ സി.ബി.ഐ സമര്‍ഥനായ ഒരു മലയാളി ഓഫീസറാണെന്ന് രമ്യ മനസ്സിലാക്കുന്നു. തനിക്കു ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം സി.ബി.ഐ ആണെന്നു രമ്യക്കു തോന്നി ... അങ്ങിനെ സി.ബി.ഐ യുമായി രമ്യ അടുക്കുന്നു... ലിസിയുടെ കേസ് പറഞ്ഞാല്‍ ലിസിയുമായി ബന്ധമുണ്ടായിരുന്നവരെ സി.ബി.ഐ പൊക്കുമെന്നുറപ്പുണ്ടായിരുന്നു.


***
ഇതുകേട്ട സി.ബി.ഐക്കു ഹാലിളക്കം തുടങ്ങി

“ പക്ഷേ ... എന്തുകൊണ്ട് ഷിബുവിന്റെ കാര്യം എന്നോട് തുറന്നു പറഞ്ഞില്ല? ”

“ പേടികൊണ്ടാ ... സാറിനോട് തുറന്നുപറഞ്ഞാല്‍ സാറ് എന്നേയും മറ്റൊരു രീതിയിലേ വിലയിരുത്തുമെന്നറിയാമായിരുന്നു ... പിന്നെ സിനിമയിലൊക്കെ കാണുന്നപോലെ സാറ് എടുത്തുചാടി ഷിബുവിനെ ചോദ്യം ചെയ്താല്‍ .... എന്റെ സകല രഹസ്യങ്ങളും ഷിബു വിളിച്ചുപറയുമെന്നും എനിക്കു പേടിയുണ്ടായിരുന്നു...”

“ ഒ.കെ സാരമില്ല അപ്പോള്‍ പനിപിടിച്ചു മരിച്ച ലിസിയുടെ കഴുത്തില്‍ രമ്യ ഒരു നിറവ്യത്യാസം കണ്ടു എന്നുപറഞ്ഞതും കല്ലുവച്ചനുണയായിരുന്നു അല്ലേ?”

“ അല്ല സര്‍ ... സത്യമാ .... സത്യമാ... അയാള്‍ കൊന്നതായിരിക്കും”

“ അയാള്‍ കൊന്നതാണെങ്കില്‍ അവളുടെ വീട്ടുകാര്‍ എന്തിനു മറച്ചുവെക്കണം? കുറ്റവാളിയെ പുറത്തുകൊണ്ടുവരാനല്ലേ അവര്‍ ശ്രമിക്കേണ്ടത്?”

“ അതെ ... പക്ഷേ അതാണെനിക്കും മനസ്സിലാവത്തത്...”

“ ഇനി വീട്ടുകാരെ അയാള്‍ ഭീഷണിപ്പെടുത്തിയോ ? അതോ അയാളുടെ കണ്ണിയിൽ‌പ്പെട്ട വല്ലവരും അവളുടെ കുടുംബത്തിലും ഉണ്ടോ? ഷിബുവിനെ കൊസ്റ്റ്യന്‍ ചെയ്യുന്നസമയത്ത് ഈ കാര്യം ചോദിച്ചപ്പോള്‍ മാത്രം അയാള്‍ ഉത്തരം പറഞ്ഞില്ല ...... മുറകള്‍ പലതും പ്രയോഗിച്ചിട്ടും ‘എനിക്കൊന്നുമറിയില്ലാ ‘ എന്ന മറുപടിയായിരുന്നു അയാളില്‍ നിന്നും ലഭിച്ചത് ... ”

‘അബദ്ധവശാല്‍ ഈ കേസ് തെളിയിക്കാന്‍ പറ്റി, പക്ഷേ ലിസിയുടെ മരണം ഇനിയും തെളിയാതെ കിടക്കുന്നു ഇനി കള്ളന്‍ കപ്പലില്‍ ഉണ്ടാകുമോ?’

****

ദിവസങ്ങള്‍ കടന്നുപോയി. ഷിബുവിനേയും സംഘത്തിനും മാക്സിമം പണിഷ്മെന്റ് തന്നെ കിട്ടി .... അതിനിടയ്ക്ക് രമ്യയും സി.ബി.ഐയും നല്ല രമ്യതയിലെത്തിയിരുന്നു.... അങ്ങിനെയാണ് മരിച്ച ലിസിയുടെ വീട്ടില്‍ അവരെത്തുന്നത്....

ലിസിയുടെ അപ്പച്ചനേയും അമ്മച്ചിയേയും തന്റെ സി.ബി.ഐ തിരിച്ചറിയല്‍ കാര്‍ഡുകാണിച്ച് പേടിരോഗയ്യര്‍ വിറപ്പിച്ചുനിര്‍ത്തി നിര്‍ത്താതെ കൊസ്റ്റ്യൻ ചെയ്തു.

“ സത്യം പറ ... ലിസിയെ നിങ്ങളല്ലേ കൊന്നത്? ... എല്ലാ തെളിവുകളും എനിക്കു കിട്ടി”

“മഹാ പാപം പറയരുത് സാറെ ... ”

“അപ്പോള്‍ ലിസിയുടെ മൃതശരീരത്തില്‍ കണ്ട പാടുകള്‍? സത്യം പറഞ്ഞില്ലേല്‍ അടിച്ചു കുടലെടുത്ത് പട്ടിക്കെറിഞ്ഞുകൊടുക്കും ”

പാവം അപ്പച്ചന്‍ ... അദ്ദേഹത്തിനു പട്ടിയെ പണ്ടേ ഭയമായിരുന്നതിനാലാകാം സത്യം പറയാമെന്ന് സമ്മതിച്ചു.

“ ഞാനെല്ലാം പറയാം സാറെ ... എന്റെ മോള് പനിപിടിച്ചല്ല മരിച്ചത് ..”

“പിന്നെ എങ്ങിനെയാ...”

“അവള്‍ തൂങ്ങിമരിക്കുകയായിരുന്നു .... എന്തിനാണെന്നു ഞങ്ങള്‍ക്കറിയില്ല സാറെ .... ആയിടയ്ക്ക് അവള്‍ ഉറക്കത്തില്‍ ഭയന്നു നിലവിളിക്കാറുണ്ടായിരുന്നു... അങ്ങിനെ ഭയന്നാണ് അവള്‍ക്കു പനിവന്നത്...എന്തോ പേടി എന്റെ കുട്ടിക്ക് പിടിപെട്ടിട്ടുണ്ടായിരുന്നു .... ഏതോ സാത്താന്‍ കൂടിയതാ... അങ്ങിനെ ഭയന്നു ഭയന്നാ എന്റെ കുട്ടി..........” ഇതും പറഞ്ഞുകൊണ്ടയാൾ വിങ്ങിക്കരയാന്‍ തുടങ്ങി.

“എന്തുകൊണ്ട് നിങ്ങള്‍ പോലീസിലറിയിച്ചില്ല?”

“ അത്..അത് അവളുടെ ശരീരം കീറിമുറിക്കുന്നതുതും, കേസാക്കുന്നതുമൊന്നും ഞങ്ങള്‍ക്കു താങ്ങാന്‍ കഴിയില്ലായിരുന്നു... രക്ഷിക്കണം സാറെ...”

പിന്നീടു കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ സി.ബി.ഐ-ജി ആന്‍ഡ് രമ്യാജി തിരിച്ചു നടന്നു

മുടങ്ങിപ്പോയ തന്റെ ഗോവയാത്രയ്ക്കായി വണ്ടികയറുന്ന സി.ബി.ഐ യുടെ കൂടെ രമ്യയുമുണ്ടായിരുന്നു ഗോവയ്ക്ക് (?) . പട്ടിയ്ക്കുകൊടുത്ത കഞ്ഞിയും കിട്ടി കാത്തിരുന്ന ബിരിയാനിയും കിട്ടി എന്നായി നമ്മുടെ സി.ബി.ഐയ്ക്ക്.

ഏ.സി. കൂപ്പയിലെ തണുത്ത ഏതോ ഒരു വേളയില്‍ രമ്യ സി.ബി.ഐയുടെ കാതില്‍ ചോദിച്ചു

“ ലിസിയുടേത് ആത്മഹത്യയാണെന്നറിഞ്ഞിട്ടും സാറെന്തുകൊണ്ടാ നിയമനടപടിയെടുക്കാതിരുന്നത് ?”

“ എനിക്കുവേണമെങ്കില്‍ നടപടിയെടുക്കാമായിരുന്നു.. ശവക്കല്ലറ തുറപ്പിക്കാമായിരുന്നു .. പക്ഷേ എന്തിന്? ലിസി ആത്മഹത്യചെയ്തത് തന്റെ നഗ്നചിത്രങ്ങള്‍ ഷിബുവിന്റെ അടുത്തുണ്ട് എന്ന തിരിച്ചറിവിനാലും , ഷിബുവിന്റെ ഭീഷണി സഹിക്കാന്‍ കഴിയാതെയുമായിരിക്കുമെന്നത് നമുക്കു വ്യക്തമാണ് .... ഷിബുവിനും അവന്റെയാളുകള്‍ക്കും ശിക്ഷയും കിട്ടി ... പിന്നെ എന്തിനാ ഒരു പാവം പെണ്‍കുട്ടിയുടെ ശവക്കല്ലറപൊളിച്ച് നാട്ടുകാര്‍ക്കു പറഞ്ഞുനടക്കാന്‍ ഒരു വാര്‍ത്തയിട്ടുകൊടുക്കുന്നത്?”

അടുത്ത കേസുകെട്ട് ഏതുരൂപത്തില്‍ എപ്പോള്‍ എങ്ങിനെയാ ദൈവമേ തലമണ്ടയ്ക്കിട്ടുകൊട്ടുകാ എന്നു ചിന്തിച്ച സി.ബി.ഐക്കു പേടിരോഗം വീണ്ടും വന്നു തുടങ്ങി....

******************