Oct 29, 2008

പേടിരോഗയ്യര്‍ സി.ബി.ഐ

നേരം പാതി രാത്രി ...... നല്ല തണുപ്പുണ്ട് പിന്നെ ചാറ്റല്‍ മഴയും, എങ്ങുനിന്നോ ഓരിയിടുന്ന പട്ടിയുടെ ശബ്ദവും കൂടിയായപ്പോള്‍ തികച്ചും ഭീകരമായിരുന്നു ആ രാത്രി. ചില രാത്രികള്‍ അങ്ങിനെയാ ... നേരം ഒന്നു പുലര്‍ന്നിരുന്നെങ്കില്‍ എന്നു തോന്നിപ്പോകും.


ഇരുളിലൂടെ കറുത്ത കമ്പിളിയും പുതച്ച് ഒരു മനുഷ്യരൂപം പതുക്കെ നടന്നു നീങ്ങുന്നു, ഈ കൊടും തണുപ്പത്ത് ചാറ്റല്‍ മഴയും നനഞ്ഞ് ആറടി രണ്ടിഞ്ച് ഉയരമുള്ള അയാള്‍ എങ്ങോട്ടാണു പോകുന്നത്. തേയിലത്തോട്ടവും കഴിഞ്ഞുള്ള ഇടുങ്ങിയ പാതയിലൂടെ നടന്ന് അയാള്‍ വനത്തിലേക്കു പ്രവേശിക്കുകയാണ്.


പെട്ടെന്നാണ് അകലെ നിന്നും ഒരു നീലവെളിച്ചം മിന്നിമറഞ്ഞത്. അയാള്‍ പതുക്കെ തന്റെ മടിയില്‍ കരുതിയ കഠാര അവിടെയുണ്ടോ എന്നുറപ്പു വരുത്തിശേഷം ഒരു പെന്‍ ടോര്‍ച്ചെടുത്ത് മൂന്നു പ്രാവശ്യം മിന്നിച്ചു. പെട്ടന്നാണ് അയാളുടെ പിറകില്‍നിന്നും ആരൊ വട്ടം പിടിച്ചത് തിരിഞ്ഞു നോക്കിയ അയാള്‍ അലറിപ്പോയി......................................

കുറ്റാന്വേഷണ കഥയിലെ ഇത്രയും ഭാഗം വായിച്ചതും സി.ബി.ഐ പേടിരോഗയ്യര്‍ കിടു,കട,കിടാന്നു വിറയ്ക്കാന്‍ തുടങ്ങി. പുറത്തേക്കു നോക്കി, അതെ കൂരിരുട്ട് തന്നെ ഇരുപത്തിനാലു മണിക്കൂറും പകലായിരുന്നെങ്കിലെന്നു ചിന്തിച്ചുപോയ നിമിഷങ്ങള്‍.
ഇങ്ങനെയൊക്കെ കഥയെഴുതുന്നവനെപറയണം വെറുതെ മനുഷ്യനെ പേടിപ്പിക്കാന്‍ .... പെട്ടന്നാണ്

ഒരു ശബ്ദം കേട്ടത്.
“ആരവിടെ..........”സി.ബി.ഐ ഞെട്ടി മാത്രമല്ല ശബ്ദം വീണ്ടും മുഴങ്ങി
“ആരവിടെ....... ആരവിടെ...........”
പെട്ടന്നാണു സി.ബി.ഐ യുടെ തലയിലെ പിണ്ണാക്കില്‍ ബള്‍ബു കത്തിയത് . അതെ അതു തന്നെ ..ശബ്ദം മറ്റെവിടെനിന്നുമായിരുന്നില്ല തലേദിവസം മൊബൈലില്‍ പുതിയതായി ആഡ്ചെയ്ത റിംഗ്ടോണായിരുന്നു അത്.

ഓടിച്ചെന്നു ഫോണെടുത്തു.

“ഹലോ....”മറുതലയ്ക്കല്‍ ഉന്നത ഉദ്യോഗസ്തന്റെ (?) കിളിനാദം (പാറയില്‍ ചിരട്ടക്കച്ചേരി നടത്തുന്ന ശബ്ദം)

“ഹളോ പേടിരോഗയ്യര്‍ ഉടന്‍ റെഡിയായിക്കൊള്ളൂ. പുതിയ ഒരു കേസ് നിങ്ങളെ ഏല്‍പ്പിക്കാന്‍ പോവുകയാ ..”

“എന്തു കേസ് സാര്‍ ... വല്ല വനത്തിലും പോകാനാണെങ്കില്‍ ഞാനില്ല ...........”

“അതൊക്കെ വഴിയേ പറയാം...”

“നിങ്ങള്‍ ഉടനെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം ....”

“സര്‍....”ഫോണ്‍ കട്ടായി

നട്ടപ്പാതിരയായിരിക്കുന്നു ഓഫീസില്‍ റിപ്പോര്‍ട്ടണം പോലും. ലോകത്തുള്ള സി.ബി.ഐ കള്‍ അനുഭവിക്കുന്ന വേദന കം ദുഖം ആരെങ്കിലുമറിയുന്നുണ്ടൊ?


പേടിരോഗയ്യര്‍ക്ക് ദുഖം വന്നു വന്ന ദുഖം കണ്ണിലൂടെ ഒലിച്ചിറങ്ങി, നാട്ടിലുള്ള സകല കൊലപാതകികളെയും കള്ളന്മാരെയും ശപിച്ചുകൊണ്ട് സി.ബി. ഐ ഓഫീസ് ലക്ഷയമാക്കി ശകടം ഉരുട്ടി....................


അതെ അയാള്‍ വരികയാണ് പേടിരോഗയ്യര്‍ സി.ബി.ഐ.. പേടിരോഗയ്യരെ ബൂലോഗര്‍ക്കായി വിട്ടുതരുന്നു.നിങ്ങളുടെ അഭിപ്രായങ്ങളും, വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും കൊണ്ടുവേണം നമ്മുടെ പേടിരോഗയ്യര്‍ക്കു പിച്ചവെയ്ക്കാന്‍.....

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

സസ്നേഹം രസികന്‍

ഇതിന്റെ ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക