Nov 16, 2011

ലിസിയുടെ മരണരഹസ്യം..



“ഹലോ ... അയ്യര്‍ സാര്‍”

പിറകില്‍ നിന്നും കേട്ട കിളിനാദമേതെന്നറിയാന്‍ സാക്ഷാല്‍ പേടിരോഗയ്യര്‍ സി.ബി.ഐ തിരിഞ്ഞുനോക്കി. വിളിച്ചത് ഒരു പൈങ്കിളിതന്നെയാണ് പക്ഷേ, മുഖം അത്രയ്ക്കങ്ങു പരിചയം പോര... ലേറ്റസ്റ്റ് മോഡല്‍ കണ്ണടയൊരെണ്ണം മൂക്കത്തുണ്ട് , ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ അവളുടെ വെളുത്ത നിറത്തിനു മാച്ച് ചെയ്യുന്നതു തന്നെയാണെങ്കിലും കണ്ണുകളിലെ കുസൃതിക്കനുസരിച്ച് കുറച്ചുകൂടി മോഡേണ്‍ ഡ്രസ്സാണവള്‍ക്കു മാച്ച് ചെയ്യുകയെന്ന് വെറുമൊരു സി.ബി.ഐ എന്നതിലുപരി ഒരു മനശ്ശാസ്ത്രജ്ഞന്‍കൂടിയായ സി.ബി.ഐക്കു തോന്നി(?).

“ സാറിനെന്നെ മനസ്സിലായില്ലേ? ”
‘ഇല്ലാ’ എന്നു പറയാനുള്ള എന്തോ ഒരു ‘ഇത് ’ കാരണം സി.ബി.ഐ മൌനം പാലിച്ചതുകൊണ്ടാകണം അവള്‍ തന്നെ അവളേക്കുറിച്ചു പറഞ്ഞത് . പണ്ട് ഏതോ കേസന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ അവളുടെ നാട്ടിലും എത്തിയിരുന്നു ... സോ..അവള്‍ക്കു സി.ബി.ഐ യെ പരിചയമുണ്ട് എന്നുകരുതി സി.ബി.ഐയ്ക്കും വെളിച്ചപ്പാടിനുമൊക്കെ അവളെ പരിചയമുണ്ടാവണമെന്നില്ലല്ലോ. പക്ഷേ സി.ബി.ഐ യുടെ ഒരു ഇരിപ്പുവശം വച്ചു നോക്കിയാല്‍ അവളെ നല്ല പരിചയമുണ്ടാവേണ്ടതായിരുന്നിട്ടുകൂടി എന്തുകൊണ്ടോ അതുണ്ടായില്ല. രമ്യ അതാണ് അവളെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അവളുടെ പിതാശ്രീ ഹെഡ്മാസ്റ്ററോഡ് പറഞ്ഞ നാമം, അതുകൊണ്ട് നമുക്കും അവളെ രമ്യ എന്നുതന്നെ വിളിക്കാം.

“എന്റെ ചേച്ചി ഇവിടെ ഡല്‍ഹിയിലാണു താമസിക്കുന്നത് .. ഒരു മാസത്തോളമായി ഞാനിവിടെ എത്തിയിട്ട് ഇന്നു നാട്ടിലേക്കു മടങ്ങുകയാ ... സര്‍ ഞാന്‍ സാറിനെ എവിടെവച്ചെങ്കിലുമൊന്നു കണ്ടിരുന്നെങ്കില്‍ എന്നു ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു . ദൈവമാണ് സാറിനെ എന്റെ മുന്‍പിലെത്തിച്ചത്”

“അയ്യോ എന്നേയോ ... എന്തിനാ.?.”

“എനിക്കു സാറിനോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് .... ചിലപ്പോള്‍ വിഡ്ഢിത്തമാണെന്നു തോന്നാം... ഒരിക്കല്‍ നാട്ടിലെ എസ്.ഐ. സാറിനോട് ഈ കാര്യം പറയാന്‍ ശ്രമിച്ചതാ പക്ഷേ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പു തന്നെ എന്തുകൊണ്ടോ അദ്ദേഹം, എനിക്കു വട്ടാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്.... എങ്കിലും സാറിനെ എനിക്കു വിശ്വാസമാണ്...”

ഏതോ മാരണം പിടിച്ച കേസ് തന്റെ കഴുത്തിലേക്കെടുത്തിടാനാണ് ഇവളുടെ ശ്രമമെന്ന് സി.ബി.ഐ യുടെ കൂര്‍മ്മ ബുദ്ധി കണ്ടുപിടിച്ചു . പക്ഷേ അവള്‍ക്കു പറയാനുള്ളത് കേള്‍ക്കാതിരിക്കാനോ ഇടപെടാതിരിക്കാനോ നിര്‍വ്വാഹമില്ലല്ലോ കാരണം അവള്‍ സുന്ദരിക്കോതയായ ഒരു പെണ്‍കുട്ടിയല്ലേ ... ഇടപെട്ടുകളയാം. ആദ്യം അവള്‍ക്കു പറയാനുള്ളതെന്തെന്നു കേള്‍ക്കട്ടെ.


സി.ബി.ഐ ഇടപെടുന്നതിനുമുന്‍പ് നമുക്ക് അല്പം ഫ്ലാഷിട്ട് ബാക്കിലേയ്ക്കു പോയിവരാം


വറുത്തുവച്ച ഒണക്കമീന്‍ പൂച്ചകൊണ്ടുപോയാല്‍ വരേ സി.ബി.ഐ അന്വേഷിക്കുക, പൂച്ചയുടെ ഒണക്കമീനിനോടുള്ള കമ്പം ഒരു ക്രിയേറ്റിവിറ്റിയല്ലേ ? പൂച്ചയ്ക്കു ഇനി വല്ല ഇന്റര്‍നാഷണല്‍ കണക്ഷന്‍സുമുണ്ടോ? അതോ പച്ചമീന്‍ കുത്തക മാഫിയയുടെ കരിയും പുകയും പിടിച്ച കൈകളാണൊ ഇതിനുപിന്നില്‍ എന്നൊക്കെ തുടങ്ങി ഒണക്കമീന്‍ചര്‍ച്ചകള്‍ ചര്‍ച്ചചെയ്ത് ചര്‍ച്ചചെയ്ത് ജനങ്ങളെ ഒരു വഴിക്കാക്കിയിരിക്കുകയാണ് ദിനം‌പ്രതി പെരുകിവരുന്ന ദൃശ്യ-ശ്രാവ്യ-ലിഖിത മാധ്യമങ്ങള്‍ . ഇതിനു അവരേമാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അല്പം മസാലപ്പൊടി ചേര്‍ത്ത് മള്‍ട്ടിക്കളര്‍ പായ്ക്കറ്റില്‍ പൊതിയാത്ത വാര്‍ത്തകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുകയില്ലാ എന്ന കാലിക സത്യമാണ് ഇതിനു പിന്നില്‍ .

വാര്‍ത്തകള്‍ വില്‍ക്കപ്പെടുകയോ കോടികളുടെ വിളവെടുപ്പുനടത്തുകയോ നല്ലനിലയില്‍ കഴിയുന്ന കുടുംബബന്ധങ്ങള്‍ തകര്‍ക്കുകയോ എന്തെങ്കിലുമൊക്കെയാകട്ടെ ഇതൊന്നും ഇവിടെയുള്ള സി.ബി.ഐക്കാരെ ബാധിക്കുന്നില്ല. പിന്നെയോ ? എന്തിനും ഏതിനും സി.ബി.ഐ സി.ബി.ഐ എന്നു നാട്ടുകാര്‍ വിളിച്ചുകൂവുന്നതാണ് പാവപ്പെട്ട സി.ബി.ഐക്കാരുടെ പ്രശ്നംസ് ! ങാ. അതൊന്നും പറഞ്ഞിട്ടു കാര്യമില്ല പണ്ടാരാണ്ട് പറഞ്ഞപോലെ വല്ല അമേരിക്കയിലോ മറ്റോ ജനിച്ചാല്‍ മതിയായിരുന്നു. അവിടെയായിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെയോ എത്തിയേനെ (വല്ല ചന്ദ്രനിലേയ്ക്കോ ചൊവ്വായിലേയ്ക്കോ ഒക്കെ പരീക്ഷണത്തിനുവിട്ട് ഒടുക്കം അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്ന ധൂളിയെങ്കിലുമാകുമായിരുന്നു).

പേടിരോഗയ്യരുടെ ഉള്ളം കലങ്ങി കുതിര്‍ന്നു തിളച്ചുമറിയുകയാണ്. ആ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു . എന്നും ഒടുക്കത്തെ ഒരു കേസന്വേഷണം, അതും കേരളത്തിലേയ്ക്കു തന്നെയായിരിക്കും. ദൈവത്തിന്റെ സ്വന്തം നാടാണെന്നാ ഇവിടുത്തെ ചില കോന്തന്‍മാരുടെ വിചാരം . അതും പറഞ്ഞോണ്ടങ്ങു ചെന്നാല്‍ മതി, ചെകുത്താന്മാര്‍ ചാട്ടയെടുത്തടിച്ചോടിക്കും.

ഇത്തരം ചിന്തകള്‍ അതി കഠിനമായി മനസ്സിനെ ആകുലപ്പെടുത്തിയപ്പോഴാണ് ഒരു താല്‍ക്കാലിക ലോങ് ലീവിന്ന് അപേക്ഷയെഴുതി ആപ്പീസില്‍ കൊടുത്തത് .. ഉന്നത ആപ്പീസര്‍ അപേക്ഷ സ്വീകരിച്ചെങ്കിലും വിളിച്ചാല്‍ വിളിപ്പുറത്തെത്തണമെന്നും, ലീവിലാണെങ്കിലും ഡ്യൂട്ടിയിലാണെന്ന ചിന്തയോടെ പെരുമാറണമെന്നുമുള്ള നിബന്ധനയുടെ പുറത്താണ് അപേക്ഷ സ്വീകരിച്ചത്.

ഏതായാലും ഈ ലീവിനു ഗോവായിലൊക്കെ ഒന്നു കറങ്ങാമെന്നു കരുതിയ പേടിരോഗയ്യര്‍ ടിക്കറ്റെടുക്കാന്‍ റെയില്‍‌വേസ്റ്റേഷനിലെത്തിയതായിരുന്നു.

അങ്ങിനെയാണ് രമ്യയെ സി.ബി.ഐ-ജി കണ്ടെത്തുന്നത്. ഗോവയോട് പോയി തൂങ്ങിച്ചാവാന്‍ പറഞ്ഞുകൊണ്ട് രമ്യയുടേയും ദൈവത്തിന്റേയും നാട്ടിലേക്ക് തന്റെ സി.ബി.ഐ സ്വാധീനമുപയോഗിച്ച് രണ്ടു ഫസ്റ്റ്ക്ലാസ് എ.സി ടിക്കറ്റുകള്‍ സംഘടിപ്പിച്ചെടുത്തുകളഞ്ഞു നമ്മുടെ സി.ബി.ഐ.

ഒരേകൂപ്പയില്‍ മുഖത്തോടുമുഖംനോക്കി യാത്രചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവള്‍ തനിക്കുപറയാനുള്ള കഥപറഞ്ഞു തുടങ്ങി.

“സര്‍, സംഭവം നടക്കുന്നത് ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ... അന്നത്തെ പത്രങ്ങളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു, അധികം പ്രാധാന്യമില്ലാത്ത ഒരു വാര്‍ത്ത എന്നു വേണമെങ്കില്‍ പറയാം ...

പകര്‍ച്ചപ്പനി ബാധിച്ച് ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനികൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. തോണ്ടുംപറമ്പില്‍ ഔസേപ്പിന്റെ മകള്‍ ലിസി(20) ആണ് മരിച്ചത് ...”

“ഇതില്‍ സ്വാഭാവികതയില്‍ കവിഞ്ഞ് ഒന്നും കാണാന്‍ കഴിയുന്നില്ല ” സി.ബി.ഐ ഒരല്പം പരിഹാസരൂപേണയാണു പറഞ്ഞത്.

“ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല സര്‍, പക്ഷെ മരിച്ച ലിസി എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. മരിക്കുന്നതിനു ഒരാഴ്ചമുന്‍പാണ് അവള്‍ക്കു പനി പിടിപെട്ടത് ... ആയിടയ്ക്ക് ഞാനും എന്റെ വേറെ ചില കൂട്ടുകാരും കൂടി അവളെ സന്ദര്‍ശിച്ചിരുന്നു ... നല്ല വായാടിയായിരുന്ന അവള്‍ അന്ന് ഞങ്ങളോട് അധികമൊന്നും സംസാരിച്ചിരുന്നില്ലെന്നു മാത്രമല്ല, എന്തോ ഒരു ഭയം അവളിലുണ്ടായിരുന്നോ എന്നു തോന്നുംവിധമായിരുന്നു അവളുടെ പെരുമാറ്റങ്ങള്‍ ... ഇതിലും സ്വാഭാവികമല്ലാത്ത ഒന്നുമില്ലെന്നു പറയാം, കാരണം കഠിനമായ പനികാരണവും ഇതൊക്കെ സംഭവിക്കാം... ”

“ശരിയാണ് ... പിന്നീടെന്തു സംഭവിച്ചു?”

“ അവള്‍ മരിച്ചതറിഞ്ഞ് ഞാന്‍ വീണ്ടും അവിടെ പോയിരുന്നു .... അവളുടെ മൃതശരീരം ഏറ്റവും അടുത്തയാളുകളെയല്ലാതെ ആരെയും കാണാനനുവദിച്ചിരുന്നില്ല . ഇതിനു പ്രത്യേകിച്ചു വല്ല കാരണവുമുണ്ടോ എന്നെനിക്കു സംശയവുമുണ്ടായിരുന്നു . അടുത്ത കൂട്ടുകാരി എന്ന നിലയില്‍ എനിക്കു കാണാന്‍ അനുവാദം കിട്ടി. ഞാന്‍ ബോഡിയുടെ അടുത്തെത്തിയപ്പോള്‍ എന്തോ എനിക്കു ചില സംശയങ്ങള്‍ തോന്നി ... മുഖമൊഴിച്ച് ബാക്കി ഭാഗങ്ങള്‍ മറച്ചിരുന്നെങ്കിലും കഴുത്തിന്റെ കുറച്ചുഭാഗത്ത് എന്തോ നിറവ്യത്യാസമുള്ളതായെനിക്കു തോന്നിയകാരണം ഞാന്‍ സൂക്ഷിച്ചു നോക്കുന്നതു കണ്ടതുകൊണ്ടായിരിക്കാം അവളുടെ ഇളയപ്പന്‍ എവിടേനിന്നോ ധൃതിയില്‍ വന്ന് എന്നോട് അല്പം ഗൌരവത്തോടെ പറഞ്ഞു.
‘ എന്താ രമ്യാ ബാക്കിയുള്ള ആളുകള്‍ക്കും കാണണ്ടായോ .... മോളു വേകം ചെല്ലാന്‍ നോക്ക് ’
ഈ വാക്കുകള്‍ എന്നിലെ സംശയത്തിനു ഒന്നുകൂടി ബലം നല്‍കി . പിന്നീട് കുറച്ചു ദൂരെയുള്ള അവളുടെ അമ്മച്ചിയുടെ സഹോദരി വരാന്‍ പോലും കാക്കാതെ തിടുക്കപ്പെട്ട് ശവമടക്കും നടത്തി. അവളുടെ മരണത്തില്‍ എന്തോ പന്തികേടുണ്ടെന്ന് ഞാന്‍ അന്നത്തെ എസ്.ഐ യോടു പറഞ്ഞപ്പോള്‍ അയാളെന്നെ കളിയാക്കിവിടുകയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു എന്നിട്ടും എനിക്കൊന്നു മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ഒരു ചെയിഞ്ചിനുവേണ്ടിയായിരുന്നു ഞാന്‍ ചേച്ചിയുടെ വീട്ടിലേക്കു വന്നത്. ”

സംഗതി കേട്ട സി.ബി.ഐക്കു തോന്നി ഫസ്റ്റ് ക്ലാസ് എസിയില്‍ ഇവള്‍ക്കുകൂടി ബുക്കു ചെയ്ത ടിക്കറ്റിന്റെ കാശുകൊണ്ട് ഗോവയില്‍ പോയി അടിച്ചങ്ങു പൊളിക്കുകയായിരുന്നു ഇതിലും നല്ലത് .. ഇവളുടെ തൊലിവെളുപ്പാണ് എല്ലാത്തിനും കാരണം .... പറഞ്ഞിട്ടു കാര്യമില്ല വരാനുള്ളത് എങ്ങിനെയായാലും വന്നിരിക്കുമല്ലോ ....

“എന്താ സാര്‍ ആലോചിക്കുന്നത് ....”

“ആലോചിക്കുന്നത് നിന്റെ അ...അ...”

“എന്റെ?!!”
“നിന്റെ ആ കേ..കേസ് എങ്ങിനെയായിരിക്കുമെന്ന് ഒന്നു പഠിച്ചുനോക്കിയതാ .... ചില കണക്കുകൂട്ടലുകളും ഹരിക്കല്‍-ഗുണനങ്ങളും ”

“അപ്പോള്‍ സാറ് എന്റെ കേസ് ഏറ്റെടുത്തു അല്ലേ”

“പിന്നല്ലാതെ ... ഇനി എന്നെയാരെങ്കിലും ഏറ്റെടുത്താല്‍ മതി...എല്ലാം പൂര്‍ത്തിയാകും... എന്റെ സി.ബി.ഐ പുണ്യാളാ അടിയനെ കൈ വെടിയരുതേ ”

നാട്ടിലെത്തിയാല്‍ തന്നെ പരിചയമില്ലാത്തതായി ഭാവിക്കണമെന്നും , സംസാരിക്കണമെങ്കില്‍ ഫോണിലൂടേയും , നേരിട്ടുകാണണമെങ്കില്‍ നഗരത്തിലെ പാര്‍ക്കിലോ മറ്റോ വച്ചു അപരിചിതരേപ്പോലെ മാത്രമേ ആകാവൂ എന്നും, തമ്മിൽ കരാറുചെയ്ത് അവര്‍ ട്രെയിനിറങ്ങി രണ്ട് ഓട്ടോകളിലായി യാത്രയായി.

രമ്യയുടെ കരാറുകൂടി കേട്ടതോടെ ഗോവമതിയായിരുന്നു എന്ന് വീണ്ടും വീണ്ടും സി.ബി.ഐ യുടെ ഉള്ളില്‍ നിന്നും ആരൊക്കെയോ ചേര്‍ന്ന് മന്ത്രതന്ത്രാദികള്‍ ഉരുവിടാന്‍ തുടങ്ങി.

**************

കേരളത്തിലെ പ്രഭാതം വിത്ത് സി.ബി.ഐ

രമ്യയുടെ വീടിനു തൊട്ടടുത്ത ലോഡ്ജില്‍ ബാത്ത്‌റൂം വിത്ത് സീലിംഗ് ഫാന്‍ അറ്റാച്ച്ഡ് റൂമൊരെണ്ണം സി.ബി.ഐ വാടകയ്ക്കെടുത്തു. തന്റെ മുറിയില്‍ നിന്നും നോക്കിയാല്‍ രമ്യയുടെ റൂമിന്റെ ജനാല കാണത്തക്ക വിധമുള്ള മുറി തിരഞ്ഞെടുക്കുന്നതില്‍ സി.ബി.ഐ അതീവ ജാഗ്രത പുലര്‍ത്തിയതിനു പിന്നില്‍ സത്യസന്ധമായി(?) കേസു തെളിയിക്കുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

മരിച്ച ലിസിയുടെ മറ്റു ഫ്രണ്ട്സുകളെയെല്ലാം(!) കണ്ട് ഒരു അതിഭയങ്കര അന്വേഷണം നടത്താമെന്നു തീരുമാനമെടുത്തതിലും മേല്‍പറഞ്ഞ ഒരേ ഒരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ.

സി.ബി.ഐ യുടെ ഉദ്ദേശംവച്ചുകൊണ്ട് രേഖാനായര്‍ എന്ന കൂട്ടുകാരിയുമായി ചെറിയ ഒരു ‘ഡിസ്കഷന്‍ ’നടത്തിയപ്പോള്‍ കേസിനു വഴിത്തിരിവാകുന്ന ചെറിയ ഒരു വഴി തുറന്നുകിട്ടി .

രേഖ പറഞ്ഞ സംഗതി ഇതാണ്:-

ലിസി മരിക്കുന്നതിനു ഒരു മാസം മുമ്പുതന്നെ ലിസിയില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് രേഖയുടെ ശ്രദ്ധയില്പെട്ടിരുന്നു ... നിരന്തരമായി ഒരു ചെറുപ്പക്കാരന്‍ ഫോണില്‍ വിളിച്ച് അവളുമായി ഏറെ സമയം സംസാരിക്കാറുണ്ടായിരുന്നു. ഇതില്‍ പിന്നെ പൊതുവേ വായാടിയായിരുന്ന ലിസി മൌനിയായിട്ടും കൂട്ടുകാരില്‍ നിന്നും അകന്നു നില്‍ക്കുന്നവളായിട്ടും കാണപ്പെട്ടു. പൊതുവേ കാമ്പസിന്റെ ബഹളത്തിനിടയ്ക്ക് ആരുടേയും ശ്രദ്ധയില്‍ പെടാതിരുന്നതാണ് ഈ കാര്യം. ഒരിക്കല്‍ ഒരു അവധി ദിവസം ഒരു ചെറുപ്പക്കാരന്റെ കൂടെ അവള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതും രേഖയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ എന്തോ ലിസി കണ്ണൂനീര്‍വാര്‍ത്തുകൊണ്ട് അവളോട് പറഞ്ഞു.

“രേഖാ ... തല്‍ക്കാലം നീയിത് ആരെയും അറിയിക്കരുത് .... നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി..”

രേഖ ഈയൊരു രഹസ്യം മറ്റുകൂട്ടുകാരികളുമായി പങ്കുവച്ചിരുന്നില്ല ....
---------


“ അപ്പോള്‍ രേഖയ്ക്ക് ആ ചെറുപ്പക്കാരനെക്കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോ? ”

“തീര്‍ച്ചയായിട്ടും സാര്‍ ... ”

ഈസമയം കൂടെയുണ്ടായിരുന്ന രമ്യയില്‍ എന്തൊക്കെയോ നടുക്കങ്ങള്‍ മിന്നിമറയുന്നത് രേഖ കണ്ടില്ലാ എങ്കിലും, രമ്യയിലെ ‘രമ്യ’യെ കിട്ടിയ ചാന്‍സില്‍ നോക്കിനിന്ന് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്ന സി.ബി.ഐക്കു കാണാന്‍ കഴിഞ്ഞു. അന്നത്തെ അന്വേഷണം മതിയാക്കി അവര്‍ പല വഴിക്കു പിരിഞ്ഞു.

*****

സമയം പാതിരയോടടുക്കുന്നു, സി.ബി.ഐക്കു കിടന്നിട്ടുറക്കം വരാത്തതിനു കാരണം കടിച്ചുവലിക്കുന്ന മൂട്ടകള്‍ മാത്രമായിരുന്നില്ല ... ലിസിക്കു ഒരു കാമുകനുണ്ടായിരുന്നു എന്നു രേഖ പറഞ്ഞപ്പോള്‍ രമ്യ എന്തിനാ ഞെട്ടിയത്? അവളിലെ ഉത്സാഹം നഷ്ടപ്പെട്ടുവോ? ഇനി ലിസിയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി രമ്യ പറഞ്ഞത് കളവാണൊ? മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണൊ തന്നെ അവള്‍ ഈ കേസിലേയ്ക്കു വലിച്ചിഴച്ചത് ? സി.ബി.ഐ യുടെ മനസില്‍ നൂറുകൂട്ടം ചിന്തകള്‍ മിന്നിമറഞ്ഞു...

അല്ലേലും മര്യാദയ്ക്കു ഗോവയ്ക്കു പുറപ്പെടാനിരുന്ന താന്‍ തൊലിവെളുപ്പിനു പിന്നാലെ പോയതിനു ഇതുതന്നെ വേണം . ഉണ്ടായിരുന്ന കഞ്ഞിയെടുത്ത് പട്ടിയ്ക്കു കൊടുക്കുകയും ചെയ്തു ബിരിയാനി കിട്ടിയതുമില്ലാ എന്നു പറഞ്ഞപോലെയായി ...

ഉറക്കംകിട്ടാത്ത സി.ബി.ഐ ഒരു സിഗരറ്റിനു തീകൊളുത്തിയശേഷം ജനലു തുറന്നു പുക പുറത്തേയ്ക്കു പറത്തിവിട്ടുകൊണ്ടിരുന്നു.. കരളുപുകച്ച് പുറത്തേയ്ക്കു വിട്ടപ്പോള്‍ മനസ്സിനു കുളിരുവന്നുതുടങ്ങി ... ഏകാന്തത തളം കെട്ടിയ രാത്രി ....

കുറച്ചകലെയായി ഇരുട്ടില്‍ കുളിച്ചുനില്‍ക്കുന്ന രമ്യയുടെ വീട്ടില്‍ ഒരു മുറിയില്‍ മാത്രം വിളക്കണഞ്ഞിരുന്നില്ല... അതെ അവളുടെ മുറിയായിരുന്നു അത്... സി.ബി.ഐ തന്റെ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷം വീണ്ടും ജനലിനടുത്തെത്തി.... ഈ പാതിരാത്രിയിലും രമ്യ ഉറങ്ങിയില്ലേ? പെട്ടന്നാണ് അതു സംഭവിച്ചത് ... അവളുടെ ജനലിനടുത്തുകൂടി ഒരു നിഴല്‍ നടന്നുനീങ്ങിയപോലെ സി.ബി ഐക്കു തോന്നി.... സി.ബി.ഐയിലെ പേടിരോഗം സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ തുടങ്ങി ... എങ്കിലും ആകാംക്ഷയുടെ പുറത്ത് ഏതാനും ചില സാധനങ്ങളും പോക്കറ്റിലാക്കി സി.ബി.ഐ മുറിക്കു പുറത്തിറങ്ങി രമ്യയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.

*******

ദിവസങ്ങള്‍ കടന്നുപോയി. ഇതിനിടയ്ക്കു സി.ബി.ഐ പല സ്ഥലങ്ങളിലും കറങ്ങിയടിച്ചു എന്നതു മറച്ചുവെക്കുന്നില്ല ....

അങ്ങിനെയിരിക്കെ ഒരുദിവസം രമ്യയുടെ ഫോണിലേയ്ക്ക് സി.ബി.ഐയുടെ ഒരു മിസ്സ്ഡ് കാള്‍ വന്നു ... തിരിച്ചുവിളിച്ച രമ്യയോട് അത്യാവശ്യമായി അമ്പതുകിലോമീറ്ററോളം അകലെയുള്ള നഗരത്തിലെ ലയൺപാർക്കിലെത്തണമെന്നുപറഞ്ഞ് ഫോണ്‍ ഡിസ്കണക്റ്റു ചെയ്തു....

*******

നഗരത്തിലെത്തിയ രമ്യയെ സ്വീകരിക്കാനെത്തിയ സി.ബി.ഐ സ്വന്തം കാറോടിച്ചുകൊണ്ടായിരുന്നു വന്നത് (ഭയങ്കരന്‍!!) . രമ്യയേയും, സി.ബി.ഐ യേയും കൊണ്ട് സിബി.ഐയുടെ കാര്‍ സിറ്റി പൊലീസ് കമ്മീഷ‌ണറുടെ കാര്യാലയത്തിനുമുന്‍പിലെത്തി കിതച്ചു നിന്നു...

കമ്മീഷണറുടെ മുറിയില്‍ അവരെക്കാത്തുകൊണ്ട് രണ്ട് അതിഥികളുണ്ടായിരുന്നു .. ഒന്ന് രേഖയും മറ്റേത് വിലങ്ങണിയിക്കപ്പെട്ടകണക്കെ ഒരു സുന്ദരനായ ചെറുപ്പക്കാരനും...

“ ഇവരെ അറിയുമോ....?” രമ്യയെനോക്കി ഒട്ടും രമ്യമല്ലാതെ കമ്മീഷണര്‍ ചോദിച്ചപ്പോള്‍ രമ്യകിടന്നു വിയര്‍ക്കാന്‍ തുടങ്ങി.

“ അ ... അറിയാം സര്‍ .... ഇത് രേഖ എന്റെ കൂട്ടുകാരി.... മറ്റത് .... ഷിബു ....”

“ അപ്പോള്‍ അറിയാം .... ഷിബുവുമായി രമ്യയ്ക്ക് എന്താ ബന്ധം ?”

രമ്യ മൌനിയായി തല കുനിച്ചപ്പോള്‍ സി.ബി.ഐ തലയുയര്‍ത്തിക്കൊണ്ട് പറഞ്ഞു...

“ ഞാന്‍ പറയാം .... ഇത് ഷിബു .... രമ്യയുടെ കാമുകന്‍ .... മയക്കുമരുന്ന് വില്പനക്കാരന്‍ .... സെക്സ് റാക്കറ്റിലെ പ്രധാനകണ്ണി...... ഷിബുവുമായി പ്രണയത്തിലായിരുന്ന രമ്യ എല്ലാ തരത്തിലും അയാളുമായിട്ടടുത്തു .... അടുപ്പം ഒന്നുകൂടി ദൃഢമാക്കാന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത് അവര്‍ പതിവാക്കിയിരുന്നു ... അവിടെനിന്നും കഥ തുടങ്ങുന്നു”

സി.ബി.ഐ വിവരിച്ച കഥ ഇങ്ങനെ ( ഷിബുവിനെ ഇടിച്ച് പിഴിഞ്ഞതില്‍ നിന്നും അതുപോലെ രേഖ തുടങ്ങിയ പലരേയും ചോദ്യം ചെയ്തതില്‍നിന്നും ഉരുക്കി വാര്‍ത്തെടുത്തത്):-

രമ്യയുടെ ജനലിനടുത്ത് രാത്രികണ്ട നിഴല്‍ രൂപത്തെ (ഷിബുവിനെ) പിന്‍തുടര്‍ന്നപ്പോഴാണ് സി.ബി.ഐ. ഷിബുവിനെക്കുറിച്ച് കൂടുതലന്വേഷിക്കുന്നത് .. ഷിബുവറിയാതെ അയാളുടെ ഫോട്ടോയെടുത്ത സി.ബി.ഐ ... രേഖയെ കണ്ട് ലിസിയുടെ കാമുകനും ഷിബുവാണെന്ന് ഉറപ്പുവരുത്തിയിരുന്നു.

രമ്യയുമായി അടുപ്പത്തിലായിരുന്നു ഷിബു. ഒരിക്കല്‍ ഷിബു ആക്സിഡന്റായി ഹോസ്പിറ്റലിലാണെന്ന വാര്‍ത്തകേട്ട് നഗരത്തിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലെത്തിയ രമ്യ. കാലില്‍ പ്ലാസ്റ്ററിട്ട നിലയില്‍ ഷിബുവിനെക്കണ്ട് ആകെ പരിഭ്രാന്തയായി...

ഷിബു ഒഴിച്ചുകൊടുത്ത ഓറഞ്ച് ജ്യൂസ് കഴിച്ച രമ്യ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.... ആക്സിഡന്റിന്റെ പേരില്‍ നാടകം കളിച്ച ഷിബു മയങ്ങിക്കിടക്കുന്ന രമ്യയുമായി കിടക്കപങ്കിട്ടു എന്നുമാത്രമല്ല തന്റെ മൊബൈലില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു.... ആശുപത്രിയിലെ ചില ജീവനക്കാരുടെ ഒത്താശയോടെ നടത്തിയ ഒരു നാടകം.


പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യൂറ്റൂബിന്റേയും ബ്ലൂട്ടൂത്തിന്റേയും പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി രമ്യയേക്കൊണ്ട് പലതും ചെയ്യിപ്പിച്ചു ... ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്താനും, പണച്ചാക്കുകളെ വശത്താക്കാനും അതി സമര്‍ത്ഥമായി രമ്യയെ അയാള്‍ ഉപയോഗപ്പെടുത്തി. ഒരിക്കല്‍ ഷിബുവിന്റെ ലാപ്ടോപ്പില്‍ നിന്നും മരിച്ച ലിസിയടകം ഒത്തിരി പെണ്‍കുട്ടികളുടെ ഫോട്ടോയും അവള്‍ കാണാനിടയായി. തന്റെ വരുതിക്കു വരാതിരുന്ന പല പെണ്‍കുട്ടികളേയും ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇല്ലാതാക്കിയിരുന്നു എന്ന സത്യവും രമ്യ അറിഞ്ഞു.

ഷിബുവില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു അവള്‍ ഡല്‍ഹിയില്‍ സഹോദരിയുടെ വീട്ടിലെത്തിയത്.... പക്ഷേ അവിടേയും അവളേത്തേടി അയാളെത്തിയിരുന്നു .... ഷിബുവിനേയും അയാളുടെ സകലസംഘങ്ങളേയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.......

******

“ ഇത്രയും കാര്യങ്ങള്‍ ഞങ്ങള്‍ക്കു വ്യക്തം പക്ഷേ ... ഇനി രമ്യക്കു മാത്രമറിയാവുന്ന ചില രഹസ്യങ്ങള്‍കൂടി അറിഞ്ഞാല്‍ ഈ കേസന്വേഷണം പൂര്‍ണ്ണമാവും . അതിനു രമ്യയുടെ സഹകരണം ഞങ്ങള്‍ക്കാവശ്യമാണുതാനും... ”

“ എനിക്കറിയാവുന്നതെന്തും ഞാന്‍ പറയാം സര്‍ ... സാറു ചോദിച്ചോളൂ”

“ രമ്യയുടെ നാട്ടില്‍ ഞാനൊരു കേസ് അന്വേഷിക്കാന്‍ വന്നപ്പോഴാണ് രമ്യക്ക് എന്നെ പരിചയമെന്നുപറഞ്ഞത് പച്ചക്കള്ളമല്ലേ? കാരണം രമ്യയുടെ നാട്ടില്‍ ഞാന്‍ ഒരു കേസന്വേഷണത്തിനുപോലും വന്നിട്ടില്ല...”

“ യെസ് ... കള്ളമായിരുന്നു ...”

“ പിന്നെ എന്നെ എങ്ങിനെയാ പരിചയം?”

“ ഞാനെല്ലാം പറയാം സര്‍...”

രമ്യ പറഞ്ഞത് :-

ഷിബുവില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ സഹോദരിയുടെ ഡല്‍ഹിയിലെ വീട്ടില്‍ താമസമാക്കിയ രമ്യയെ അന്വേഷിച്ച് ഷിബു അവിടെയുമെത്തിയപ്പോള്‍ , തനിക്കു ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടാനാവില്ലാ എന്ന സത്യം രമ്യ മനസ്സിലാക്കുന്നു. രമ്യ ഒരാഴ്ചയ്ക്കകം നാട്ടിലെത്തിയില്ലായെങ്കില്‍ യൂറ്റൂബ് വഴി രമ്യയുടെ രഹസ്യങ്ങള്‍ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് ഷിബു നാട്ടിലേയ്ക്കു മടങ്ങി... പരിഭ്രാന്തയായ രമ്യ നാട്ടിലേയ്ക്കു തിരിക്കാന്‍ റയില്‍‌വേസ്റ്റേഷനിലെത്തിയതായിരുന്നു സി.ബി.ഐയെ കണ്ട ആ ദിവസം...

അപ്പോഴാണ് തന്റെ ട്രോളീ ബാഗും കൂളിം ഗ്ലാസുമൊക്കെയായി റയില്‍‌വേസ്റ്റേഷനിലൂടെ നടക്കുന്ന സി.ബി.ഐ യെ ചൂണ്ടി രണ്ടാളുകള്‍ അടക്കം പറയുന്നത് രമ്യ ശ്രദ്ധിച്ചത്..... അങ്ങിനെ സി.ബി.ഐ സമര്‍ഥനായ ഒരു മലയാളി ഓഫീസറാണെന്ന് രമ്യ മനസ്സിലാക്കുന്നു. തനിക്കു ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം സി.ബി.ഐ ആണെന്നു രമ്യക്കു തോന്നി ... അങ്ങിനെ സി.ബി.ഐ യുമായി രമ്യ അടുക്കുന്നു... ലിസിയുടെ കേസ് പറഞ്ഞാല്‍ ലിസിയുമായി ബന്ധമുണ്ടായിരുന്നവരെ സി.ബി.ഐ പൊക്കുമെന്നുറപ്പുണ്ടായിരുന്നു.


***
ഇതുകേട്ട സി.ബി.ഐക്കു ഹാലിളക്കം തുടങ്ങി

“ പക്ഷേ ... എന്തുകൊണ്ട് ഷിബുവിന്റെ കാര്യം എന്നോട് തുറന്നു പറഞ്ഞില്ല? ”

“ പേടികൊണ്ടാ ... സാറിനോട് തുറന്നുപറഞ്ഞാല്‍ സാറ് എന്നേയും മറ്റൊരു രീതിയിലേ വിലയിരുത്തുമെന്നറിയാമായിരുന്നു ... പിന്നെ സിനിമയിലൊക്കെ കാണുന്നപോലെ സാറ് എടുത്തുചാടി ഷിബുവിനെ ചോദ്യം ചെയ്താല്‍ .... എന്റെ സകല രഹസ്യങ്ങളും ഷിബു വിളിച്ചുപറയുമെന്നും എനിക്കു പേടിയുണ്ടായിരുന്നു...”

“ ഒ.കെ സാരമില്ല അപ്പോള്‍ പനിപിടിച്ചു മരിച്ച ലിസിയുടെ കഴുത്തില്‍ രമ്യ ഒരു നിറവ്യത്യാസം കണ്ടു എന്നുപറഞ്ഞതും കല്ലുവച്ചനുണയായിരുന്നു അല്ലേ?”

“ അല്ല സര്‍ ... സത്യമാ .... സത്യമാ... അയാള്‍ കൊന്നതായിരിക്കും”

“ അയാള്‍ കൊന്നതാണെങ്കില്‍ അവളുടെ വീട്ടുകാര്‍ എന്തിനു മറച്ചുവെക്കണം? കുറ്റവാളിയെ പുറത്തുകൊണ്ടുവരാനല്ലേ അവര്‍ ശ്രമിക്കേണ്ടത്?”

“ അതെ ... പക്ഷേ അതാണെനിക്കും മനസ്സിലാവത്തത്...”

“ ഇനി വീട്ടുകാരെ അയാള്‍ ഭീഷണിപ്പെടുത്തിയോ ? അതോ അയാളുടെ കണ്ണിയിൽ‌പ്പെട്ട വല്ലവരും അവളുടെ കുടുംബത്തിലും ഉണ്ടോ? ഷിബുവിനെ കൊസ്റ്റ്യന്‍ ചെയ്യുന്നസമയത്ത് ഈ കാര്യം ചോദിച്ചപ്പോള്‍ മാത്രം അയാള്‍ ഉത്തരം പറഞ്ഞില്ല ...... മുറകള്‍ പലതും പ്രയോഗിച്ചിട്ടും ‘എനിക്കൊന്നുമറിയില്ലാ ‘ എന്ന മറുപടിയായിരുന്നു അയാളില്‍ നിന്നും ലഭിച്ചത് ... ”

‘അബദ്ധവശാല്‍ ഈ കേസ് തെളിയിക്കാന്‍ പറ്റി, പക്ഷേ ലിസിയുടെ മരണം ഇനിയും തെളിയാതെ കിടക്കുന്നു ഇനി കള്ളന്‍ കപ്പലില്‍ ഉണ്ടാകുമോ?’

****

ദിവസങ്ങള്‍ കടന്നുപോയി. ഷിബുവിനേയും സംഘത്തിനും മാക്സിമം പണിഷ്മെന്റ് തന്നെ കിട്ടി .... അതിനിടയ്ക്ക് രമ്യയും സി.ബി.ഐയും നല്ല രമ്യതയിലെത്തിയിരുന്നു.... അങ്ങിനെയാണ് മരിച്ച ലിസിയുടെ വീട്ടില്‍ അവരെത്തുന്നത്....

ലിസിയുടെ അപ്പച്ചനേയും അമ്മച്ചിയേയും തന്റെ സി.ബി.ഐ തിരിച്ചറിയല്‍ കാര്‍ഡുകാണിച്ച് പേടിരോഗയ്യര്‍ വിറപ്പിച്ചുനിര്‍ത്തി നിര്‍ത്താതെ കൊസ്റ്റ്യൻ ചെയ്തു.

“ സത്യം പറ ... ലിസിയെ നിങ്ങളല്ലേ കൊന്നത്? ... എല്ലാ തെളിവുകളും എനിക്കു കിട്ടി”

“മഹാ പാപം പറയരുത് സാറെ ... ”

“അപ്പോള്‍ ലിസിയുടെ മൃതശരീരത്തില്‍ കണ്ട പാടുകള്‍? സത്യം പറഞ്ഞില്ലേല്‍ അടിച്ചു കുടലെടുത്ത് പട്ടിക്കെറിഞ്ഞുകൊടുക്കും ”

പാവം അപ്പച്ചന്‍ ... അദ്ദേഹത്തിനു പട്ടിയെ പണ്ടേ ഭയമായിരുന്നതിനാലാകാം സത്യം പറയാമെന്ന് സമ്മതിച്ചു.

“ ഞാനെല്ലാം പറയാം സാറെ ... എന്റെ മോള് പനിപിടിച്ചല്ല മരിച്ചത് ..”

“പിന്നെ എങ്ങിനെയാ...”

“അവള്‍ തൂങ്ങിമരിക്കുകയായിരുന്നു .... എന്തിനാണെന്നു ഞങ്ങള്‍ക്കറിയില്ല സാറെ .... ആയിടയ്ക്ക് അവള്‍ ഉറക്കത്തില്‍ ഭയന്നു നിലവിളിക്കാറുണ്ടായിരുന്നു... അങ്ങിനെ ഭയന്നാണ് അവള്‍ക്കു പനിവന്നത്...എന്തോ പേടി എന്റെ കുട്ടിക്ക് പിടിപെട്ടിട്ടുണ്ടായിരുന്നു .... ഏതോ സാത്താന്‍ കൂടിയതാ... അങ്ങിനെ ഭയന്നു ഭയന്നാ എന്റെ കുട്ടി..........” ഇതും പറഞ്ഞുകൊണ്ടയാൾ വിങ്ങിക്കരയാന്‍ തുടങ്ങി.

“എന്തുകൊണ്ട് നിങ്ങള്‍ പോലീസിലറിയിച്ചില്ല?”

“ അത്..അത് അവളുടെ ശരീരം കീറിമുറിക്കുന്നതുതും, കേസാക്കുന്നതുമൊന്നും ഞങ്ങള്‍ക്കു താങ്ങാന്‍ കഴിയില്ലായിരുന്നു... രക്ഷിക്കണം സാറെ...”

പിന്നീടു കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ സി.ബി.ഐ-ജി ആന്‍ഡ് രമ്യാജി തിരിച്ചു നടന്നു

മുടങ്ങിപ്പോയ തന്റെ ഗോവയാത്രയ്ക്കായി വണ്ടികയറുന്ന സി.ബി.ഐ യുടെ കൂടെ രമ്യയുമുണ്ടായിരുന്നു ഗോവയ്ക്ക് (?) . പട്ടിയ്ക്കുകൊടുത്ത കഞ്ഞിയും കിട്ടി കാത്തിരുന്ന ബിരിയാനിയും കിട്ടി എന്നായി നമ്മുടെ സി.ബി.ഐയ്ക്ക്.

ഏ.സി. കൂപ്പയിലെ തണുത്ത ഏതോ ഒരു വേളയില്‍ രമ്യ സി.ബി.ഐയുടെ കാതില്‍ ചോദിച്ചു

“ ലിസിയുടേത് ആത്മഹത്യയാണെന്നറിഞ്ഞിട്ടും സാറെന്തുകൊണ്ടാ നിയമനടപടിയെടുക്കാതിരുന്നത് ?”

“ എനിക്കുവേണമെങ്കില്‍ നടപടിയെടുക്കാമായിരുന്നു.. ശവക്കല്ലറ തുറപ്പിക്കാമായിരുന്നു .. പക്ഷേ എന്തിന്? ലിസി ആത്മഹത്യചെയ്തത് തന്റെ നഗ്നചിത്രങ്ങള്‍ ഷിബുവിന്റെ അടുത്തുണ്ട് എന്ന തിരിച്ചറിവിനാലും , ഷിബുവിന്റെ ഭീഷണി സഹിക്കാന്‍ കഴിയാതെയുമായിരിക്കുമെന്നത് നമുക്കു വ്യക്തമാണ് .... ഷിബുവിനും അവന്റെയാളുകള്‍ക്കും ശിക്ഷയും കിട്ടി ... പിന്നെ എന്തിനാ ഒരു പാവം പെണ്‍കുട്ടിയുടെ ശവക്കല്ലറപൊളിച്ച് നാട്ടുകാര്‍ക്കു പറഞ്ഞുനടക്കാന്‍ ഒരു വാര്‍ത്തയിട്ടുകൊടുക്കുന്നത്?”

അടുത്ത കേസുകെട്ട് ഏതുരൂപത്തില്‍ എപ്പോള്‍ എങ്ങിനെയാ ദൈവമേ തലമണ്ടയ്ക്കിട്ടുകൊട്ടുകാ എന്നു ചിന്തിച്ച സി.ബി.ഐക്കു പേടിരോഗം വീണ്ടും വന്നു തുടങ്ങി....

******************

May 12, 2011

ആദ്യരാത്രിയിലെ കൊല...

സി.ഐ രാജസാറിനെ ഒണക്കത്തോടു നിവാസികൾ ഒരുകാലത്തു അതിഭയങ്കരമായി ബഹുമാനിച്ചിരുന്നെങ്കിൽ ഇന്നു സ്ഥിതി അതിലുംഭയങ്കരമായി വഷളായിരിക്കുകയാണ് ...

സത്യസന്ധനായ രാജസാർ- അലിയാസ് രാജൻ ചന്തക്കടവ്- സി.ഐ ആയി ചാർജെടുത്തതുമുതൽ അദ്ദേഹത്തിന്റെ സർക്കിളിൽ ഒരു പെറ്റിക്കേസുപോലും തുമ്പില്ലാതെയും ഗതികിട്ടാതെയും അലഞ്ഞുനടന്നിട്ടില്ല. അതുകൊണ്ടുതന്നെ കള്ളവും ചതിയുമില്ലാത്ത ഒരു ഒണക്കത്തോടിനെ വാർത്തെടുക്കാൻ അദ്ദേഹതത്തിനു കഴിഞ്ഞുവെന്നതിലുപരി ജനങ്ങളുടെ ബഹുമാനാദരവുകളുടെ ഒരു ‘ലിത് ’ അനുഭവിക്കാനും കഴിഞ്ഞു എന്നതു തനിക്കു അഭിമാനിക്കാനുള്ള വകുപ്പാണെന്നു അദ്ദേഹം കരുതിപ്പോരുന്നു.

പക്ഷേ.... ഇന്നു രാജസാറിനെക്കാണുന്ന ഓരോ ഒണക്കത്തോടുകാരന്റെയും(കാരിയുടെയും)മുഖം, തൊട്ടുനക്കാൻ കിട്ടാത്ത കുടിയന്റെ മോന്തായം പോലെയായി മാറും ... ഇതിന്റെ കാരണം വ്യക്തമാക്കുന്ന പോസ്റ്ററുകളും അനുബന്ധമായ സകല പണ്ടാരങ്ങളും നാട്ടിലാകെ ഉയർന്നിട്ടുണ്ട് ...

ചാണകക്കുഴിയിൽ ചാടിച്ചത്ത ഞരമ്പുജോസിന്റെ മരണം സി.ബി.ഐ അന്വേഷിക്കുക ... ജോസു വെള്ളമടിച്ചു ചാണകക്കുഴിയിൽ വീണതാണെന്ന സി.ഐ രാജന്റെ വാദം പൊളിച്ചെറിയുക .... ബോഡി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ തൂക്കിലേറ്റുക തുടങ്ങിയ കിടിലൻ പോസ്റ്ററുകൾ നാട്ടിലെ ചുമരുകളും പഞ്ചായത്തു കിണറുകളും കൈയടക്കിയതിനു പിന്നിൽ ഒരു കഥയുണ്ട്.

എങ്ങിനെയെങ്കിലും ഒരു സി.ബി.ഐ യെ തങ്ങളുടെ നാട്ടിൽ കാലുകുത്തിക്കണമെന്നത് 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' , 'സേതുരാമയ്യർ സി.ബി.ഐ' തുടങ്ങിയ ചിത്രങ്ങളിൽ സി.ബി.ഐ വന്നു പല നോ-തുമ്പൻ കേസുകൾക്കും തുമ്പുകൾ തുന്നിപ്പിടിപ്പിക്കുന്നതു കണ്ടു ത്രില്ലടിച്ചു വളർന്ന ഒണക്കത്തോടു നിവാസികൾക്കു പണ്ടുമുതലേയുള്ള ഒരാഗ്രഹമായിരുന്നു!

അതു ബി.കോം സി.ബി.ഐ യോ പ്രീഡിഗ്രി സി.ബി.ഐ യോ തന്നെ വേണമെന്ന ദുർവ്വാശിയൊന്നും നമ്മുടെ ഒണക്കത്തോടു വാസികൾക്കില്ലകേട്ടോ! തൽക്കാലം വല്ല എസ്.എസ്.എൽ.സി സെക്കന്റ് ഇയർ സി.ബി.ഐ ആയാലും മതി .... സംഗതി സി.ബി. ഐ ആയിരിക്കണം. അതിനു ആദ്യം വേണ്ടതു നാട്ടിൽ വല്ല കൊള്ളയോ കൊലയോ നടന്നിരിക്കണം എന്നുള്ളതാണ്.

അങ്ങിനെ ചുരുക്കിപ്പറഞ്ഞാൽ ജാതി മത ഭേദമെന്യേയുള്ള നേർച്ചകൾക്കും , വഴിപ്പാടുകൾക്കുമൊടുവിലായി ഞരമ്പുജോസിന്റെ രൂപത്തിൽ ആ നാട്ടിൽ ദൈവം പ്രത്യക്ഷപ്പെട്ടു .... ഒരു വേനൽക്കാല പുലരിയിൽ ഞരമ്പുജോസ് വെട്ടുകത്തിജാനുവിന്റെ ചാണകക്കുഴിയ്ല് മരിച്ചു കിടക്കുന്ന കാഴ്ച കാണാൻ വന്ന ജനം ജോസിന്റെ ചേതനയറ്റ ശരീരത്തിലൂടെ ദൈവത്തെ കാണുകയായിരുന്നു....

മരണത്തിനു മുൻപു നാട്ടുകാർ ഞരമ്പുജോസിന്റെ പേരിന്റെ കൂടെ അവനവനു താങ്ങാൻ കഴിയുന്ന പല ചെല്ലപ്പേരുകളും കൂട്ടി വിളിച്ചിരുന്നുവെങ്കിൽ ഇന്നതു ഐക്യകണ്ഠേന 'ജോസ് വല്യപ്പൻ' എന്നാക്കിമാറ്റാൻ നാട്ടുക്കൂട്ടം തീരുമാനമെടുത്തു. ജോസ് വല്യപ്പന്റെ ചില്ലിട്ട പടം ഓരോ വീട്ടിലും മാലയിട്ടു തൂക്കിയിടാൻ തീരുമാനമായി.

ഒണക്കത്തോട്ടിലേ ഓരോ വീട്ടിലും ഇന്നു ജോസ് വല്യപ്പന്റെ ചില്ലിട്ട ഫോട്ടോസുണ്ട് ... ഫോട്ടോയുടെ പാശ്ചാത്തലത്തില്‍ കാണുന്ന കഞ്ചാവിന്റെ പുകവലയത്തെ, പ്രകൃതിയില്‍ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ കഞ്ചുകകുഞ്ചകകൊഞ്ചുകറിയായിട്ടാണു ഒണക്കത്തോട്ടിലെ മഹാകവി പേട്ടു പാക്കരന്‍ പാടിപ്പുകഴ്ത്തിയത്...


" ജോസ് വല്യപ്പൻ ഈ വീടിന്റെ ഐശ്വര്യം" എന്ന സ്റ്റിക്കറുകൾ വീടുവീടാന്തരം 'പറ്റിച്ചു' വെയ്ക്കുക എന്ന സ്റ്റിക്കർവർക്കുകാരൻ സൈതാലിയുടെ ഏകകണ്ഠേനയുള്ള തീരുമാനത്തിനും ജനം പിന്തുണ പ്രഖ്യാപിച്ചപ്പോൾ പൂവണിഞ്ഞതു സൈതാലിയുടെ രണ്ടുനില വീട് എന്ന സ്വപ്നമായിരുന്നു.

പക്ഷേ ... ജനത്തിന്റെ പ്രതീക്ഷ തെറ്റിച്ചതു സി.ഐ രാജസാറായിരുന്നു ..... ആൽക്കഹോൾ വേണ്ടതിലും വേണ്ടാത്തതിലുമളവിൽ ശരീരത്തിൽ നിറഞ്ഞുനിന്ന ജോസിന്റെ ശ്വാസനാളത്തിൽ അടഞ്ഞുകിടന്ന ചാണകത്തിന്റെ അംശവും, വെട്ടുകത്തിജാനുവിന്റെ മകൻ പ്രദീപ് ഗൾഫിൽ നിന്നും വന്നിട്ടുള്ള 'ഫസ്റ്റ് നൈറ്റിലാണ് ' സംഗതി നടന്നതെന്ന നോട്ടശാസ്ത്രവും , ജോസിന്റെ സ്വഭാവഗുണത്തിന്റെ ഞരമ്പുശാസ്ത്രവുമെല്ലാം ഒത്തുനോക്കിയ ആ അപസർപ്പകന്റെ മനസ്സിൽ കത്തിയ സ്പോട്ട്ലൈറ്റിന്റെ വെളിച്ചത്തിൽ സംഗതി ക്ലിയറായി....

‘നാട്ടിൽ ഒരു വിവാഹം നടന്നാൽ അന്നുരാത്രി ജോസിനെ ആ വീടിന്റെ ജനലിനോ എയർഹോളിനോ അടുത്തായോ, ഗൾഫ് മുംബൈ തുടങ്ങിയ വിദൂര ദേശങ്ങളിലോ ജോലിചെയ്യുന്ന വിവാഹിതർ സ്വന്തം വീട്ടിലെത്തുന്ന ദിവസങ്ങളിൽ അവരുടെ ശയനമുറിക്കു പുറത്തായോ, മാത്രമേ ജോസിനെ കാണുകയുള്ളൂ എന്ന ശാസ്ത്രം നിലനിൽക്കുന്നതുകൊണ്ട് ..തോറ്റിടത്ത് ജാനകി എന്ന വെട്ടുകത്തിജാനുവിന്റെ മകൻ പ്രദീപ് ഗൾഫിൽ നിന്നും വന്നദിവസം അമിതമായി മദ്യപിച്ച് ... വിവാഹിതനായ പ്രദീപിന്റെ ശയനമുറി ലക്ഷ്യമാക്കി നടന്നു വഴിതെറ്റിയ ജോസ് .. അബദ്ധത്തിൽ ചാണകക്കുഴിയിൽ തലയുംകുത്തി വീണപ്പോൾ ശ്വാസനാളത്തിൽ കയറി തടസ്സം സൃഷ്ടിച്ച ചാണകം കാരണമാണ് നാടോ വീടോ ഇല്ലാത്ത ഞരമ്പേൽ ജോസ് മരണപ്പെട്ടതെന്നു ഇതിനാൽ വ്യക്തമാകുന്നു...’

ശാസ്ത്രീയ തെളിവടിസ്ഥാനത്തിൽ ഇത്രയും തന്റെ ഫയലിലെഴുതിച്ചേർത്തു രാജാസാർ ഫയൽ ക്ലോസു ചെയ്തപ്പോൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനായി മലർത്തിയിട്ടിരുന്ന വാതിലുകൾ ജനങ്ങളും ക്ലോസ്സു ചെയ്തു ... വര്‍ഷങ്ങളായി ഒരു സി.ബി.ഐ വന്നു ഡമ്മിയിട്ടു കേസന്വേഷിക്കാനുള്ള അവസരമാണ് സി.ഐ രാജൻ ക്ലോസു ചെയ്തു നഷ്ടപ്പെടുത്തിയത്... തൽഫലമായി നാട്ടിൽ ജോസ് വധക്കേസ്സ് ആക്ഷന്‍ വിത്ത് സ്റ്റാര്‍ട്ട് ആന്റ് കട്ട് കമ്മിറ്റി രൂപീകൃതമായി..

ജോസ് വല്യപ്പൻ കേസന്വേഷണം സി.ബി.ഐ യെ ഏല്പിക്കാൻ നാട്ടുകാർ നടത്തിയ കുത്തിയിരിപ്പു സമരമോ , പഞ്ചായത്തു പിക്കറ്റിംഗോ ഒന്നും തന്നെ ഭരണപക്ഷവും പ്രതിപക്ഷവും വിലയ്ക്കെടുത്തില്ല ...

നാട്ടുകാർ വീണ്ടും നേർച്ചകൾ കം അലര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു.

അവസാനം ആശ്വാസത്തിനു വകനൽകിക്കൊണ്ടായിരുന്നു പഞ്ചായത്തു തെരഞ്ഞെടുപ്പു വന്നത് .... ഒണക്കത്തോടു നിവാസികളൊന്നിച്ചു തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ തീരുമാനമെടുത്തപ്പോൾ ഭരണപക്ഷ പ്രതിപക്ഷങ്ങൾ ഒന്നിച്ചുഞെട്ടുകയും ചെയ്തു...

അവസാനം തീരുമാനമായി എന്നു പറയാതിരിക്കുന്നതിൽ ഔചിത്യമില്ലല്ലോ.... തീരുമാനമായി .... സി.ബി.ഐ കേസ് ഏറ്റെടുത്തു..... ടട്ടട്ടൻ ടടട്ടൻ ൻ ൻ ൻ ൻ ൻ ....

********

അന്ന്‌ ഒണക്കത്തോട്ടിൽ ഉത്സവമായിരുന്നു ... അന്നാണു സി.ബി.ഐ ഒണക്കത്തോട്ടിൽ കേസു നുള്ളിയെടുത്തുപ്പിലിടാൻ പണ്ടാരമടങ്ങുന്നത്..

വിവിധതരം ഡമ്മികൾക്കൊണ്ടലങ്കൃതമായ തോരണങ്ങൾക്കു നടുവിലൂടെ തന്റെ കൂളിംഗ്ലാസ്സു നേരെയാക്കിക്കൊണ്ട് പേടിരോഗയ്യർ സി.ബി.ഐ ജനങ്ങളെ സംശയത്തോടെ നോക്കിക്കൊണ്ടു നടന്നുവന്നു..... ഡമ്മിമാലയിട്ടുകൊണ്ട് പഞ്ചായത്തു പ്രസിഡണ്ട്‌ കുഞ്ഞച്ചനാണ് ‘പേടിരോഗരെ’ സ്വീകരിച്ചത്....

സി.ബി.ഐ വന്നതോടെ നാട്ടിലെങ്ങും ഉത്സവമായി ... തിരക്കായി.... ആകെ ബഹളമായി... ഒരു വശത്ത് കച്ചവടക്കാർ ഞരമ്പുജോസിന്റെയും ... പേടിരോഗയ്യരുടെയും ഡമ്മിവിൽപ്പന പൊടിപൊടിച്ചുകൊണ്ടിരുന്നു... മറ്റൊരുവശത്ത് വിവിധയിനം ജോസ് വല്യപ്പൻ സ്റ്റിക്കറുകളും!

******

. ‘ജോസിനെ ആരും കൊന്നതല്ല’ എന്നസത്യം കേസിന്റെ ഫയൽ പഠിച്ച സി.ബി.ഐ ഉറപ്പിച്ചു!!.

പക്ഷേ ഇതൊരു കൊലപാതകമാക്കിയില്ലെങ്കിൽ തങ്ങൾ സി.ബി.ഐക്കാരുടെ വർഗ്ഗത്തിനുതന്നെ അപമാനമാണെന്ന ചിന്തയിൽ മനം നൊന്ത സി.ബി.ഐ ... ശവം കിടന്ന ചാണകക്കുഴി സന്ദർശിക്കാനുള്ള തന്റെ കടുത്തതും അതി സാഹസികവുമായ തീരുമാനമെടുത്തു...

പോലീസ് സീലുചെയ്ത ചാണകക്കുഴിയിലിറങ്ങി പേടിരോഗർ തുമ്പുണ്ടാക്കുന്നതുകാണാൻ വൻ ജനാവലിതന്നെ കാണപ്പെട്ടു... ഏതൊരു കുറ്റം നടന്നു കഴിഞ്ഞാലും സി.ബി.ഐ യുടെ മാനം രക്ഷിക്കാൻ ദൈവം ഒരു കയ്യൊപ്പിട്ടുവെയ്ക്കുമെന്ന ശാസ്ത്രം മനസ്സിൽ ആവാഹിച്ചുകൊണ്ട് സി.ബി.ഐ തിരച്ചിൽ തുടങ്ങി...

ആറു മാസങ്ങൾക്കു മുൻപു നടന്ന മരണത്തിന് എന്തു കയ്യൊപ്പുകിട്ടാനാ എന്നൊക്കെ ചിന്തിക്കുന്ന മണ്ടന്മാരെ വീണ്ടും മണ്ടന്മാരാക്കിക്കൊണ്ട് സി.ബി.ഐ ആ സാധനം പുറത്തെടുത്തു...

പോലീസുകാർ കള്ളന്മാർക്കു ഓടിക്കൊള്ളാൻ മുന്നറിയിപ്പുകൊടുക്കാനുപയോഗിച്ചുവരാറുള്ള ഒരിനം വിസിലായിരുന്നു അത്... വിസിലു കണ്ടതും ... കൂട്ടത്തിലുണ്ടായിരുന്ന സി.ഐ.രാജൻ വിയർത്തൊലിക്കാൻ തുടങ്ങി.... വിസിലു തന്റെ പ്ലാസ്റ്റിക് ചാക്കിലാക്കിയ സി.ബി.ഐ ആ പരിസരത്തെല്ലാം ഒന്നുകൂടി പരതിനോക്കാനും എന്തൊക്കെയോ ചപ്പുചവറുകൾ പെറുക്കി ചാക്കിലാക്കാനും മറന്നില്ല.....

അന്നു പാതിരാ സമയത്ത് സി.ബി.ഐക്കു ഒരു അതിഥിയുണ്ടായിരുന്നു .... ആ അതിഥിയിൽ നിന്നും വിസിലിനെക്കുറിച്ചു കൂടുതലറിയാൻ കഴിഞ്ഞ സി.ബി.ഐ കേസു കുഴഞ്ഞുമറിയുന്നതുകണ്ടു നെഞ്ചുതടവിക്കൊണ്ട് ബാലചന്ദ്രമേനോനെ വിളിച്ചു ...

*************

ദിവസങ്ങൾ വീണ്ടും കടന്നുപോയി ... കേസിനു തുമ്പും വാലും എന്നുവേണ്ട ഒരു കോപ്പുമായില്ല... പത്രക്കാർ ഇടയ്ക്കിടയ്ക്കു കേസിന്റെ കാര്യം തിരക്കിക്കൊണ്ടിരുന്നു. സി.ഐ.രാജനു കേസിൽ പങ്കുണ്ട് എന്നു വ്യക്തമാക്കും വിധമാണ് സംഗതിയുടെ പോക്കെന്നു ന്യൂസ് സമയങ്ങളിൽ ചർച്ചകൾ നടന്നുകൊണ്ടിരുന്നതിനു കാരണം സി.ബി.ഐക്കു കിട്ടിയ പോലീസ് വിസിൽ മാത്രമായിരുന്നില്ല .. കേസന്വേഷണം പെട്ടെന്നു ക്ലോസ് ചെയ്ത സി.ഐ.യുടെ അന്വേഷണ രീതികൂടിയായിരുന്നു..

*************

ചാണകക്കുഴിയും പരിസരവും രാത്രിയും പകലുമൊക്കെ നിരീക്ഷിച്ചുകൊണ്ടിരുന്ന പേടിരോഗരുടെ ശ്രദ്ധയിൽ ഒരു നിരീക്ഷണ രാത്രി ആ സംഗതി പെട്ടു എന്നു പറഞ്ഞാൽ മതി, പെട്ടു...

ചാണകക്കുഴിയിൽ നിന്നും ഏതാണ്ട് ഇരുനൂറുമീറ്റർ അകലയായി ഒരു വെളിച്ചം മിന്നിമറഞ്ഞു ... പേടിയോടെയാണെങ്കിലും ദൈവം കയ്യൊപ്പിടുന്നതാവുമെന്നു കരുതി സി.ബി.ഐ നടന്നു ... അവിടെ നാലഞ്ചാളുകൾ നിലാവെളിച്ചത്തിൽ എന്തൊക്കെയോ ചെയ്യുന്നു ... സി.ബി.ഐ ശ്രദ്ധിച്ചു നോക്കി ... ഒരു പെരുമ്പാമ്പിന്റെ സീൽക്കാരവും ആരുടേയൊക്കെയോ അടക്കിയ സംസാരങ്ങളും സി.ബി.ഐ യിലെ പേടി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.

നേരെ വീട്ടിലെത്തിയ സി.ബി.ഐ താൻ മുൻപ്‌ ചാണകക്കുഴിയുടെ പരിസരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക്ചാക്കിലെ സാധനങ്ങൾ വലിച്ചു പുറത്തിട്ടു ... അതിൽ കണ്ട ചണം കൊണ്ടുണ്ടാക്കിയ കയർക്കഷണത്തിൽ സി.ബി.ഐ യുടെ കണ്ണുകളുടക്കിനിന്നു... എന്തോതീരുമാനിച്ചിട്ടെന്നപോലെ സി.ഐ.രാജന്റെ മൊബൈലിലേക്കു സി.ബി.ഐ ആഞ്ഞു വിളിച്ചു...

***************
രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ .... സി.ബി.ഐ യുടെ വീട്ടിൽ ഒണക്കത്തോടു നിവാസികളും പത്രക്കാരും ഒത്തുകൂടാൻ കാരണം സി.ബി.ഐ ക്ഷണിച്ചതുകൊണ്ടു മാത്രമായിരുന്നു...

ജനത്തെ നോക്കി സി.ബി.ഐ തന്റെ നാവു പുറത്തിട്ടു ..... തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു തൊട്ടു മുൻപുള്ള സ്ഥാനാർഥികളേപ്പോലെ ജനം അക്ഷമരായി ....

" പ്രിയ ഒണക്കത്തോട്ടിലെ സി.ബി.ഐ ആരാധകരെ.. ആരാധികമാരെ...... ഈ കേസു സി.ഐ രാജൻ പറഞ്ഞപോലെ ഒരു കൊലപാതകമായിരുന്നില്ല ... പക്ഷേ ഇതിനെ വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം"

'ഉച്ചപ്പിരാന്ത് ' എന്നൊക്കെ ജനം കേട്ടിട്ടുണ്ട് ... സി.ബി.ഐ യുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഉച്ചപ്പിരാന്ത് ' രാത്രിയിലേയ്ക്കു മാറ്റിയെന്ന് അവരങ്ങുറപ്പിച്ചു, എന്നാലും സി.ബി.ഐയല്ലെ പറയട്ടെ..

കൊല നടന്നത് സി. ബി. ഐ വിവരിച്ചതു ചുരുക്കിയാൽ ഇങ്ങിനെ

ജാനുവിന്റെ മകൻ പ്രദീപ് ഗൾഫിൽ നിന്നും വന്നദിവസം (ആദ്യരാത്രി ദിവസം) ഞരമ്പുജോസ്, ജാനുവിന്റെ വീടിനുമുൻപിൽ ചുറ്റിത്തിരിയുമ്പോൾ മറ്റു ചിലർകൂടി അവിടെയുണ്ടായിരുന്നു. ആരുടേയോ ശബ്ദം കേട്ട ജോസ് മരങ്ങൾക്കു പിന്നിലൊളിച്ചു ... അതിലൊരാളെക്കണ്ട ജോസ് ശരിക്കും ഞെട്ടി .... ജീവ പര്യന്തത്തിനു ശിക്ഷിക്കപ്പെട്ട വാരിക്കുന്തംശശി!!!

ജയിലിലുള്ള അവനെങ്ങിനെ ഇവിടെ എന്നു ചിന്തിക്കുമ്പോൾ ഭരണപക്ഷത്തെയും പ്രതിപക്ഷത്തേയും ചില വമ്പന്മാരെയും കണ്ടു ... അവർ ജാനുവിന്റെ ചാണകക്കുഴിയിൽ എന്തൊ ഒളിച്ചുവെയ്ക്കുകയാണ് ...... പെട്ടന്നാണവർ ജോസിനെ കണ്ടത് .... വെപ്രാളം കൊണ്ട് ചാണകക്കുഴിലേക്കെടുത്തു ചാടിയ ജോസിന്റെ തല ചാണകത്തിൽ പൂണ്ടുപോയി ..... മറ്റവർ തങ്ങൾ ഒളിച്ചുവച്ച സാധനവുമെടുത്തു സ്ഥലം വിടുകയും ചെയ്തു ......

പക്ഷേ സി.ബി.ഐ ഇതെല്ലാം എങ്ങിനെ കണ്ടുപിടിച്ചെന്നും എന്തായിരുന്നു ആ സാധനങ്ങളെന്നും നമുക്കു നോക്കാം

സി.ബി.ഐക്കു പോലീസ്‌വിസിൽ കിട്ടിയരാത്രി സി.ഐ. രാജൻ സി.ബി.ഐ യെ കാണാൻ ചെന്നിരുന്നു. ആ വിസില്‍ തന്റേതാണെന്നും താൻ കേസിന്റെ തുമ്പിനുവേണ്ടി ഒരിക്കൽ ചാണകക്കുഴിയിലിറങ്ങിയപ്പോൾ നഷ്ടപ്പെട്ടതാണെന്നും അയാൾ സി.ബി.ഐ യോടു തുറന്നു പറഞ്ഞ കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറഞ്ഞു... ഏതോ ഒരു മൃഗത്തിന്റെ കണ്ണ് കിട്ടിയ കാര്യം .... വല്ല കാക്കയും കൊത്തിക്കൊണ്ടിട്ടതാവാമെന്ന നിലയിൽ സി.ഐ വിട്ടുകളഞ്ഞതായിരുന്നു അത്.

പക്ഷേ ഇതിലെന്തോ കളിയുണ്ടെന്നു സി.ബി.ഐക്കു തോന്നി ... ആടുമാടുകളുടെ കണ്ണുമായി അതിനു സാമ്യമില്ലാ എന്ന് സി.ഐ തറപ്പിച്ചു പറഞ്ഞിരുന്നു... അങ്ങിനെയാണ് രാത്രികാലങ്ങളിൽ പേടിരോഗർ ചുറ്റിത്തിരിയാൻ തുടങ്ങിയത് ....

ഒരു ദിവസം ചാണകക്കുഴിയിൽ നിന്നും ഇരുനൂറു മീറ്റർ അകലെ കണ്ട വെളിച്ചത്തിൽ ... സി.ബി.ഐ കണ്ട കാഴ്ച ഭയങ്കരമായിരുന്നു .... ഏതാനുമാളുകൾ ഒരു പെരുമ്പാമ്പിനെ അറുത്തു തോൽ പൊളിക്കുന്നു ..... കൂട്ടത്തിൽ ജയിലിൽ കഴിയുന്ന വാരിക്കുന്തംശശിയും !! .പെരുമ്പാമ്പിനെ പെരുത്ത ഒരു ചണത്തിന്റെ കയറുകൊണ്ടു കുരുക്കിയിരുന്നു, പെരുമ്പാമ്പിന്റെ തോൽ ഒരു കവറിലാക്കി ശേഷിച്ച ഭാഗങ്ങൾ അടുത്ത പുഴയിലേയ്ക്കു വലിച്ചെറിഞ്ഞു.. പിറ്റേദിവസം കാണാമെന്നു പറഞ്ഞു അവർ പിരിഞ്ഞു .... പിറ്റേദിവസം സി.ബി.ഐയും സി.ഐയും കൂടെ വൻ പൊലീസും അവരെ വളഞ്ഞു കയ്യോടെ പിടിച്ചു .....

കാട്ടിൽ നിന്നും പിടിച്ചുകൊല്ലുന്ന ജീവികളുടെ തോലും കൊമ്പുമെല്ലാം അവർ താൽകാലികമായി സൂക്ഷിക്കാൻ കണ്ടെത്തിയിരുന്നത് പരിസരത്തെ വീടുകളിലെ ചാണകക്കുഴികളായിരുന്നു. ഏതായാലും അതോടെ ജയിലർമാരുടെ ഒത്താശയോടെ ജയിൽ പുള്ളി പുറത്തുവന്നതടക്കം ഒരുപാടു ഹിഡൺകേസുകൾക്കു തുമ്പും വാലും കൊമ്പുമൊക്കെയായി.

**************
മനസ്സു നിറഞ്ഞ ഒണക്കത്തോട്ടുകാർ ആയിരത്തിയൊന്ന് ഡമ്മികളിൽ കതിനാവെച്ച് പൊട്ടിച്ചുകൊണ്ടു സി.ബി.ഐ യെ യാത്രയാക്കി ... അടുത്ത കേസുനടക്കുമ്പോൾ കയ്യൊപ്പിടാൻ മറക്കല്ലേ ദൈവമേ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് സി.ബി.ഐ ജനങ്ങൾക്കു നേരെ കൈകൾ ആഞ്ഞാഞ്ഞു വീശിക്കൊണ്ടിരിക്കുമ്പോഴും മനസ്സില്‍ അന്നുകണ്ട പെരുമ്പാമ്പിന്റെ രൂപമായിരുന്നു.

സി.ബി.ഐക്കാരുടെ മാനവും മാങ്ങാത്തൊലിയുമൊക്കെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ആ രാത്രിയില്‍ ഈ കടുംകൈകളൊക്കെ നടത്തിപ്പോയത് .. ഈ കൂടിനില്‍ക്കുന്ന കഴുതകളുടെ അമ്മൂമ്മേടെ കേസു തെളിഞ്ഞുവെന്നല്ലാതെ തന്റെ പേടിരോഗം എന്ന് തെളിഞ്ഞുകിട്ടുമെന്റെ ദൈവമേ? എന്നു ചിന്തിച്ച പേടിരോഗയ്യര്‍ തന്റെ കൈത്തണ്ടയില്‍ കണിയാര്‍ ജപിച്ചുകെട്ടിയ ചരടില്‍ അമര്‍ത്തിപ്പിടിച്ചു.

(തുടരും)

Sep 15, 2010

കുളിതെറ്റിയ ശോശാമ്മ

 കേരളമെന്നുകേള്‍ക്കുമ്പോള്‍ മണ്ഢരി പിടിച്ച ഒണക്കത്തേങ്ങകളിലുമുപരി ശരാശരിയൊരു മലയാളിയുടെ മനസ്സില്‍ ഇന്ന് ഓടിയെത്തുന്നത് ശാന്തസുന്ദരമായ ബിവറേജ് കോര്‍പ്പറേഷനും കളകളകുളകുളം പൊഴിച്ചുകൊണ്ട് സ്പിരിറ്റുകളൊഴുകുന്ന കള്ളുഷാപ്പുകളും സന്ധ്യമയങ്ങും നേരത്തെ ഇളം ചാരായ വാറ്റലില്‍ നിന്നുയരുന്ന പരിമളങ്ങളുമെല്ലാമാണ്‍് ....

കഥ ഇവിടെ തുടങ്ങുന്നു ...

കുടിയന്മാര്‍ക്ക് എന്നും അന്തസ്സും അഭിമാനവുമായിരുന്ന, മുഴുക്കുടിയന്‍ റപ്പായിച്ചന്റെ മകള്‍ ശോശാമ്മയെ ഇന്നലെ മുതല്‍ കാണാനില്ല .. സംഗതി ആദ്യം ഇഫക്റ്റ് ചെയ്തതും, നാട്ടുകാര്‍ക്കുമുന്‍പില്‍ അത് റിപ്പോര്‍ട്ടു ചെയ്തതും ശ്രീ കെ.എസ് ബൈജു അവര്‍കളായിരുന്നു .... ഏതൊക്കെ പെണ്‍ജാതികള്‍ ഏതെല്ലാം സമയങ്ങളില്‍ കുളിക്കടവിലെത്തുന്നുണ്ടെന്നതിന്റെ കണക്കു സൂക്ഷിപ്പുകാരനായതുകൊണ്ടുതന്നെയായിരുന്നു ബൈജുവിനു് കെ.എസ് എന്ന ഇനീഷ്യല്‍ നാട്ടുകാര്‍ കനിഞ്ഞു നല്‍കിയത് .

പക്ഷേ ഇന്നലെ ഉച്ചതിരിഞ്ഞു മൂന്ന് നാല്‍പ്പത്തിരണ്ടിനാണ്‍് ബൈജുവിന്റെ കണക്കുതെറ്റിച്ചുകൊണ്ട് ശോശാമ്മ കുളിക്കടവില്‍ ഹാജര്‍ വെയ്ക്കാതിരുന്നത് .... കാര്യകാരണങ്ങളന്വേഷിക്കാന്‍ റപ്പായിച്ചന്റെ അടുക്കളഭാഗത്തുകൂടി ബൈജു കറങ്ങി നോക്കിയെങ്കിലും ശോശാമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല...

ഇന്നു നേരം പുലര്‍ന്നതുമുതല്‍ ബൈജുവിന്റെ കസ്റ്റമേഴ്സ് മൊബൈല്‍ ഫോണിലേയ്ക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരിക്കുകയാണ്‍് ..... ശോശാമ്മയുടെ ടൈം മാറ്റിയോ.? മിനിമോളുടെ ടൈം നാലുമണിതന്നെയല്ലേ ... തെക്കേതിലെ സുഹറയുടെ ടൈം എപ്പഴാ ... ആനിച്ചേച്ചി വീണ്ടും വന്നുതുടങ്ങിയോ ? ഹോ .... എല്ലാറ്റിനും മറുപടി പറഞ്ഞു പറഞ്ഞു മടുത്തു നമ്മുടെ ബൈജു...

എങ്കിലും ശോശാമ്മയുടെ കുറവ് ആ നാട്ടിലെ ചെറുപ്പക്കാര്‍ക്കും ചില വലുപ്പക്കാര്‍ക്കും നികത്താനാവാത്തതുതന്നെയായിരുന്നു, അതുകൊണ്ടുതന്നെയാണവര്‍ ശോശാമ്മയുടെ പിതാശ്രീ റപ്പായിച്ചനിലും മാതാശ്രീ റബേക്കയിലുമുപരിയായി ശോശാമ്മയുടെ തിരോധാനമന്വേഷിക്കാന്‍ ജാതിമത-വര്‍ഗ്ഗ-രാഷ്ട്രീയ ഭേദമന്യേ ശോശാമ്മ-നിരീക്ഷണ-അന്വേഷണ-പരീക്ഷണ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍ മുന്‍ കൈയെടുത്തത്!

ശോശാമ്മയുടെ കൂട്ടുകാരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമെല്ലാമന്വേഷിച്ചിട്ടും ഒരു പിടുത്തവുമില്ല ... വല്ല പ്രേമ ബന്ധത്തിലും കുരുങ്ങി ഒളിച്ചോടുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവളല്ല ശോശാമ്മയെന്നത് ആര്‍ക്കുമറിയാവുന്ന അനേകം സത്യങ്ങളിലൊന്നുമാത്രം ! അതുകൊണ്ട് ആ വഴിക്കു നോക്കിയിട്ടും കാര്യമില്ല..... പിന്നെ ശോശാമ്മയ്ക്കെന്തു സംഭവിച്ചു?!!

സാമൂഹികപ്രവര്‍ത്തക ശോശാമ്മയുടെ തിരോധാനം സീ.ബി ഐയ്ക്കു വിടുക , പോലീസ് നീതി പാലിക്കുക , പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക .. ങാഹഹ , ങീഹിഹി തുടങ്ങിയ അല്ലറ ചില്ലറ അജണ്ടകളുമായി നാട്ടുകാര്‍ സമരം തുടങ്ങി ....

ശോശാമ്മക്കേസ് ഏറ്റെടുത്ത സി.ഐ ഇരുട്ടുപരമു തെളിവെടുപ്പിനായി നാട്ടിലെ കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവയില്‍ മുങ്ങിത്തപ്പാന്‍ തുടങ്ങിയിട്ടും ഒരു കാര്യവുമുണ്ടായില്ല എങ്കിലും, കേസന്വേഷണത്തിന്നു വഴിത്തിരിവായിക്കൊണ്ട് തൊട്ടടുത്ത ഫോറസ്റ്റില്‍ നിന്നും മഞ്ഞ നൂലു കെട്ടിയ ഏതാനും ബീഡിക്കുറ്റികള്‍ കണ്ടെടുത്തത് വീണ്ടും പല സംശയങ്ങള്‍ക്കും കാരണമാക്കി. ആനാട്ടിലെ കടകളില്‍ വാങ്ങിക്കാന്‍ കിട്ടിയിരുന്ന ദിനേശ്‌ ബീഡി , കാജാ ബീഡി തുടങ്ങിയ ബ്രാന്റുകളില് പെട്ടതായിരുന്നില്ല അതെന്നതും അന്വേഷണം വിദേശികളിലേക്കുകൂടി കേന്ദ്രീകരിച്ചുകൊണ്ടു മുന്‍പോട്ടുപോയിക്കൊണ്ടിരിക്കാന്‍ കാരണമായി.

സി.ഐ ഇരുട്ടുപരമുവിനു ഉറക്കം നഹിയായ രാത്രികള്‍ക്കു വിരാമമിട്ടുകൊണ്ട് അവസാനം ഉത്തരവു വന്നു ... കേസു സി.ബി.ഐക്കു വിടുക... ജനം തുള്ളിച്ചാടി, കാരണം ഈ സി.ബി.ഐ വന്നാല്‍ കേസു നുള്ളിയെടുക്കും എന്നതുതന്നെയായിരുന്നു...

****************
പേടിരോഗയ്യര്‍ സി.ബി.ഐ ദില്ലിയിലെ മാര്‍ക്കറ്റില്‍ നിന്നും മത്തിയുടെ വില ഐലയുടെ വിലയുമായി ഒത്തുനോക്കുന്ന സമയത്തായിരുന്നു മൊബൈല്‍ ഫോണ്‍ കിടന്നു കൂവിയതും ഫോണെടുത്ത സി.ബി.ഐ “ യെസ് സര്‍ ... ഒ കെ സര്‍ ... സര്‍ ... സര്‍.. ” എന്നീ കഠിന പദങ്ങള്‍ അതി ദാരുണമായുരുവിട്ടതും !!

അതെ, ശോശാമ്മാക്കേസന്വേഷിക്കാന്‍ ഉത്തരുവുകിട്ടിയ അയ്യര്‍, മത്തിയും ഐലയും കേരളത്തില്‍ വെച്ചു താരതമ്യം ചെയ്യാമെന്ന കണ്ടെത്തലില്‍ വിമാനത്താവളത്തിലേയ്ക്കു ഓട്ടോ വിളിക്കുകയായിരുന്നു..

*****************

കേസിന്റെ പ്രധാന തുമ്പുകളായ ബീഡിക്കുറ്റികള്‍ സി.ഐ പരമു നിറകണ്ണുകളോടെ സി.ബി.ഐക്കു കൈമാറി ... മഞ്ഞ നൂലിട്ടുകെട്ടിയ ബീഡി വലിക്കുന്നവരെക്കണ്ടാല്‍ ഉടന്‍ സി.ബി ഐയെ അറിയിക്കണമെന്ന പോസ്റ്ററുകള്‍ നാട്ടിലെങ്ങും വിതരണം ചെയ്തത് സി.ബി.ഐ യുടെ കൂര്‍മ്മ ബുദ്ധിയേയാണു നമുക്കു മുന്‍പില്‍ കുത്തിവരച്ചിടുന്നത്.

പക്ഷേ ... ആഴ്ചകള്‍ കഴിഞ്ഞിട്ടും മഞ്ഞ നൂലിട്ടു കെട്ടിയ ബീഡിവലിക്കുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നു മാത്രമല്ല, നാട്ടിലെ അവൈല്യബിള്‍ ബ്രാന്റുകളായ കാജാ ബീഡി കം ദിനേശ്‌ ബീഡികള്‍ക്കു ചിലവു കുറയുകയും ചെയ്തു...(നാട്ടുകാര്‍ ബീഡിയേവലിക്കാതായി)

സി.ബി ഐക്കു താമസിക്കാന്‍ നാട്ടുകാരൊരുക്കിയ വീട്ടില്‍ കിലോമീറ്റര്‍വാസു എന്ന ദേഹണ്ണക്കാരനെയും ഏര്‍പ്പെടുത്തിയിരുന്നു.

പൊതുവേ രാത്രി സഞ്ചാരത്തിലൂടെയാണു പല തുമ്പില്ലാ കേസിനും തുമ്പുമുളച്ചുവരുന്നതെന്നു നല്ല ബോധ്യമുള്ള സി.ബി.ഐ, രാത്രി സഞ്ചാരം പതിവാക്കിയിരുന്നു .... കിലോമീറ്റര്‍വാസു ഉറങ്ങാന്‍ കിടന്നാല്‍ സി.ബി. ഐ മെല്ലെ തന്റെ തോക്കെടുത്ത് പോക്കറ്റില്‍ വെച്ച് ടോര്‍ച്ചുമൊബൈലുമെടുത്ത് ഇറങ്ങും. വല്ല വേലിക്കരികില്‍നിന്നോ മറ്റോ സി.ബി ഐ യെ നാട്ടുകാര്‍ കണ്ടെന്നാലും നോ കൊസ്ത്യന്‍ സ് വിത്ത് നോ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് ... കാരണം അവര്‍ക്കറിയാം പേടിരോഗയ്യര്‍ തീവ്രമായ അന്വേഷണത്തിലാണെന്ന്‌.

ഒരു ദിവസം രാത്രി വിലാസിനിച്ചേച്ചിയുടെ പറമ്പിലൂടെ അന്വേഷണം നടത്തുമ്പോഴായിരുന്നു അതു സംഭവിച്ചത് ... വിലാസിനിച്ചേച്ചിയുടെ ഹസ്ബന്‍ഡ്ജി ഓമനിച്ചു വളര്‍ത്തുന്ന പട്ടിക്ക് സി.ബി ഐയെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത കാരണം സീ.ബി ഐയ്ക്കു പിന്നാലെ വച്ചുപിടിച്ചു .... പട്ടികളെ പണ്ടേ വെറുപ്പായിരുന്ന സി.ബി ഐ ആ അസത്തിനെ തിരിഞ്ഞുപോലും നോക്കാതെ ഓടി...

എവിടെയൊക്കെയോ തട്ടിയും മുട്ടിയും ഓടിയ സി.ബി ഐയോടു തോറ്റു പോയ പട്ടി അതിന്റെ പാട്ടിനു പോയപ്പോഴാണു തനിക്കു വഴി തെറ്റിയെന്നും വനത്തിലെ ഉള്‍ പ്രദേശത്താണു താന്‍ നില്‍ക്കുന്നതെന്ന
ന്നും സി.ബി. ഐക്കു മനസ്സിലായത്....

ഒരു വിധം ഇരുട്ടിലൂടെ തപ്പിയും തടഞ്ഞും നടന്നുനടന്നു കാടിനു വെളിയില്‍ കടന്നപ്പോള്‍ , പെട്ടന്നു മുന്‍പിലൂടെ ഒരു രൂപം നടന്നു നീങ്ങുന്നതു കണ്ട സി.ബി.ഐ ഞെട്ടി ... എങ്കിലും മുന്‍പിലുള്ളത് ഒരു മനുഷ്യരൂപമായതുകൊണ്ട് കുറച്ചു ധൈര്യം സംഭരിച്ചുകൊണ്ട് ആ രൂപത്തെ പിന്‍ തുടര്‍ന്നു....

അയാളുടെ ഇരു കൈകളിലും ഓരോ ചെറിയ ചാക്കുകള്‍ തൂക്കിപ്പിടിച്ചിരുന്നു ... അയാള്‍ നടന്നുനടന്ന് ഒരു വീടിനടുത്തെത്തിയപ്പോള്‍ പ്രത്യേകരീതിയില്‍ കതകിനു മുട്ടി .... തലയിലൂടെ മുണ്ടിട്ട ആറരയടിയോളം പൊക്കമുള്ള ഒരു മനുഷ്യന്‍ കതകു തുറന്നുകൊടുത്തു .... “ സാധനം കിട്ടിയോ ” ... നല്ല പരിചയമുള്ള ശബ്ദം ! പക്ഷേ എവിടെയാ കേട്ടതെന്നുമാത്രമോര്‍മ്മയില്ല!! മുണ്ടിട്ടതുകൊണ്ടും വെളിച്ചമില്ലാത്തതുകൊണ്ടും മുഖം വ്യക്തമല്ല........

******************

പിറ്റേദിവസം സൂര്യന്‍ കണ്ണുതിരുമ്മിയെഴുന്നേറ്റത് , കാണാതായ ശോശാമ്മയെ കണ്ടെത്തിയെന്ന കര്‍ണ്ണാനന്ദകരമായ ന്യൂസും കൊണ്ടായിരുന്നു.

“എവിടെ ? എങ്ങിനെ? എപ്പോള്‍ ? ആര്‍് ? ” എന്നുതുടങ്ങി നൂറുകൂട്ടം കൊസ്ത്യന്‍സിനു ആന്‍സര്‍ കിട്ടാന്‍ ജനം സി.ബി.ഐ യുടെ വീട്ടിനു മുന്‍പില്‍ തടിച്ചുകൂടി ...

സി.ബി ഐ യും കൂടെ ഇടറുന്ന കാലടികളോടെ കിലോമീറ്റര്‍വാസുവും ജനങ്ങള്ക്കു മുന്‍പില്‍ മുഖം കാണിച്ചു.

സി.ബി.ഐ സംഭവം ഇങ്ങിനെ വിവരിച്ചു....

*****************

രാത്രി സംശയം തോന്നിയ വീടിനു മുന്‍പില്‍ കേസന്വേഷിച്ചുകൊണ്ടെത്തിയ സി ബി ഐ, ഷാപ്പുടമവെട്ടുകത്തികണാരുവിനോടൊപ്പം ആറരയടിപ്പൊക്കമുള്ള, ശബ്ദം കൊണ്ടു തനിക്കു പരിചയമുള്ള ഒരാളെ കണ്ടെത്തുന്നു.. അവര്‍ അകത്തുകയറി കതകടച്ചപ്പോള്‍ .... കുറച്ചുമാത്രം തുറന്നുകിടന്ന ജനലിലൂടെ ഉള്ളിലേയ്ക്കു നോക്കിയ സിബിഐ ശരിക്കും ഞെട്ടിപ്പോയി...

പൊക്കമുള്ള മുഖത്തു മൂണ്ടിട്ട ആളും ഷാപ്പുടമ കണാരുവിനും കൂടെ മറ്റു രണ്ടുപേര്‍കൂടിയൂണ്ടായിരുന്നു .. അതെ... നാട്ടിലെ അറിയപ്പെടുന്ന പുത്തന്‍പണക്കാരായ തുരുമ്പു നാസറും ഇരുമ്പു ലാസറുമായിരുന്നു അത് ...

“ ഡാ നാസറെ ... സോപ്പുപൊടി ശരിക്കും പതപ്പിക്കണം കേട്ടോ, എന്നാലെ നല്ല പത വരൂ” ആറരയടിയുള്ളവന്‍ പറഞ്ഞു.

“അതെനിക്കറിയാം, ഇനി ഈ സ്പിരിറ്റിന്റെ കൂടെ വൈറ്റു സിമന്റും കുറച്ചു സ്ലീപിങ് പിത്സും കഞ്ഞിവെള്ളവും ചേര്‍ത്താല്‍ സംഗതി ഒറിജിനലേതാ ഡ്യൂപ്ലിക്കറ്റേതാന്നു തിരിച്ചറിയാന്‍ കഴിയില്ല ”

“ ഹഹഹ നാട്ടിലെ പാവം കുടിയന്മാര്‍ .....” ഇതും പറഞ്ഞു ഷാപ്പുടമ കണാരു പൊട്ടിച്ചിരിച്ചു...

“ ദേ ഊണു റെഡി ... ” എന്നുപറഞ്ഞു അങ്ങോട്ടുവന്ന സ്ത്രീരൂപത്തെക്കണ്ടപ്പോള്‍ സി ബി ഐ ശരിക്കും ക്ലാ ക്ലീ ക്ലൂ ക്ലോ ആയിപ്പോയി ... കാരണം ഫോട്ടോകളിലൂടെ തനിക്കു പരിചിതയായ സാക്ഷാല്‍ ശോശാമ്മയായിരുന്നു അത് ...

അപ്പോള്‍ തന്നെ സി.ബി.ഐഡയരക്ടര്‍ക്കു ഫോണ്‍ ചെയ്തു ചില രഹസ്യങ്ങള്‍ പറഞ്ഞു ‍.... അദ്ദേഹമേര്‍പ്പാടു ചെയ്തപ്രകാരം വന്‍ പോലീസു പടതന്നെ വന്നു എല്ലാവരെയും അറസ്റ്റു ചെയ്തു

**********

“ ആരാ സാര്‍ ആ ആറരയടിയുള്ളവന്‍ ? എന്തിനാ ശോശാമ്മയെ അവര്‍ ഒളിവില്‍ താമസിപ്പിച്ചത്?”

ജനങ്ങള്‍ ഒന്നിച്ചു ചോദിച്ചു

“ആറരയടിയുള്ള ആള്‍ എനിക്കും നിങ്ങള്‍ക്കും ഒരുപോലെ പരിചയമുള്ളയാളാണ്‍്”

“ കിലോമീറ്റര്‍ വാസു ” ജനം ആര്‍ത്തുവിളീച്ചു ... വാസു ഞെട്ടി ...

“അല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..... ” എന്നു സി.ബി.ഐ അലറിയപ്പോള്‍ നാട്ടുകാരും ഞെട്ടി ... പിന്നെ കോന്‍ ഹൈ?

“സി.ഐ ഇരുട്ടു പരമു ......... ഈ കേസിന്റെ ഗതി തിരിച്ചുവിടാനും അന്വേഷണം വിദേശികളുടെ പിന്നാലെ പോവാനും മഞ്ഞ നൂലുകെട്ടിയ ബീഡിക്കുറ്റി കള്ളത്തെളിവാക്കി നിരത്തിയ ഇരുട്ടു പരമു ”

സംഗതി നടന്നതു ഇങ്ങിനെ ..... കുറച്ചുമുന്‍പായി കണാരുവിന്റെ ഷാപ്പിലെ കള്ളില്‍ നിന്നും എലിവാല്‍ കിട്ടിയ സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു .. ഇതു എലികളുടെ വംശനാശം മുതല്‍ കള്ളിനുള്ളിലെ നേരിനെയും നെറിയേയും വരെ മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കിയിരുന്നു ..... ഷാപ്പുടമയുടെ രഹസ്യ പങ്കുകാരായ സി.ഐ വിത്ത് നാസറു ലാസറുമാര്‍ സംഗതി തേയ്ച്ചു മായ്ക്കാന്‍ ഒന്നിച്ചെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ശോശാമ്മയെ അനുനയിപ്പിച്ചു കുറച്ചുകാലത്തേയ്ക്ക് കടത്തിക്കൊണ്ടുപോകുക ...

പിന്നെ ചാനലുകാരും നാട്ടുകാരുമെല്ലാം പതിവുതെറ്റിക്കാതെ ശോശാമ്മയുടെ പിന്നാലെ പോയ്ക്കൊള്ളും! അപ്പോഴേയ്ക്കും വല്ല പീഡനകേസും വന്നുചാടി ജനം അതിനു പിന്നാലെ പോകും!! എല്ലാമൊന്നു കെട്ടടങ്ങിയാല്‍ പതുക്കെ ശോശാമ്മയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യാം!!! ..... ബട്ട് ... നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവളായിരുന്നു ശോശാമ്മയെന്നതും അത് അവസാനം സിബിഐ വരേഎത്തിക്കുമെന്നതും സി.ഐ ആന്‍ഡ് പാര്‍ട്ടീസിന്റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നു ....

*************

അങ്ങിനെ തന്റെ സ്ഥാനം തെറ്റിയ കൂളിംഗ് ഗ്ലാസ് ഒന്നുകൂടി സ്ഥാനത്തുവെച്ച ശേഷം പേടിരോഗയ്യര്‍ സി.ബി.ഐ വിമാനത്തില്‍ സീറ്റുപിടിക്കാനായി പെട്ടന്നുതന്നെ അടുത്തുകണ്ട ഓട്ടോയില്‍ കയറി എയര്‍പ്പോര്‍ട്ടിലേയ്ക്കു വച്ചുപിടിച്ചു...

തുടരും

Jan 1, 2009

ചെകുത്താന്റെ ലീലകള്‍..

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക

Nov 26, 2008

വിമാനത്തിലെ ഇഡ്ഡലിമണം...


കോളിളക്കം സൃഷ്ടിച്ച ‘ചെകുത്താന്‍ കേസ്’ തെളിയിച്ച ശേഷം പേടിരോഗയ്യര്‍ സി.ബി.ഐ ദില്ലിയിലേക്കു പറക്കാ‍നുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എയര്‍ കണ്ടീഷന്‍ ചെയ്ത എയര്‍പോര്‍ട്ട് ഹാളിലെ തുരുമ്പിച്ച ഇരിപ്പിടത്തിലിരുന്നു വിയര്‍ക്കാന്‍ തുടങ്ങി.

ഒരുപാടു നേര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സര്‍ക്കാറുവക വിമാനം റണ്‍‌വേയില്‍ മൂക്കുകുത്തി എന്ന വാര്‍ത്ത കേട്ടതും യാത്രക്കാര്‍ എന്തിനും തയ്യാറായി വിമാനത്തില്‍ കയറാനുള്ള തിടുക്കം കാട്ടിത്തുടങ്ങി.

ഡല്‍ഹിയില്‍ താമസിക്കുന്ന മകനെയും പേരക്കുട്ടികളെയും കാണാന്‍വേണ്ടി വിമാനം കയറാന്‍ ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കി രണ്ടു ദിവസം മുന്‍പുതന്നെ എയര്‍പ്പോര്‍ട്ടിലെത്തിയ ത്രേസ്യാമ്മച്ചിയുടെ ഇഡ്ഡലികളുടെ പഴകിയ മണം വിമാനത്തിനുള്ളിലാകെ പരിമളം പരത്തി .

തന്റെ വായിലെ മുറുക്കാന്‍ വായില്‍ക്കിടന്നു സുനാമിയായി പരിണമിച്ചപ്പോള്‍ പുറത്തേക്കു തുപ്പുക എന്ന കേരളീയ മര്യാദപ്രകാരം വിമാനത്തിന്റെ ജനല്‍ തുറക്കാന്‍ നോക്കിയ ത്രേസ്യാമ്മച്ചിയെ തൊട്ടടുത്തിരുന്ന കണ്ണടവെച്ച മാന്യന്‍ കണ്ണുരുട്ടി പേടിപ്പിച്ചതിന്റെഫലമായി മാന്യന്റെ എക്സിക്യൂട്ടീവ് ഷര്‍ട്ട് കം കണ്ഡകൌപീനത്തില്‍ സുനാമിയുടെ അവശിഷടങ്ങള്‍ അമേരിക്കയുടെയും അന്റാര്‍ട്ടിക്കയുടേയും ഭുപ്രകൃതി വരച്ചു ചേര്‍ത്തപ്പോള്‍ ത്രേസ്യാമ്മച്ചിക്കുമുന്‍പില്‍ ശിരസ്സു കുനിച്ചുപോയി നമ്മുടെ മാന്യന്‍ .

എയര്‍പോര്‍ട്ടിലെ ടെലിവിഷനില്‍ ടോം ആന്റ് ജെറിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടു മതിമറന്നിരിക്കുന്ന സി.ബി.ഐ , വിമാനം വന്നതും യാത്രക്കാര്‍ ഓടിക്കയറി സീറ്റുപിടിച്ചതുമൊന്നുമറിഞ്ഞില്ല.

“മിസ്റ്റര്‍ പേടിരോഗയ്യര്‍ അവിടെയെവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ ദില്ലിയിലേക്കു പുറപ്പെടുന്ന വിമാനത്തില്‍ കയറണം” എന്ന കര്‍ണ്ണ കഠോരമായ അനൌണ്‍സ്മെന്റു കേട്ടു ബോധം വന്ന സി.ബി.ഐ ‘കര്‍ണ്ണാടക, ഒറീസ വഴി ഡല്‍ഹി’ എന്ന ബോര്‍ഡു വെച്ച വിമാനം ലക്ഷ്യമാക്കി കുതിച്ചു.

ജനലിനടുത്തുള്ള സീറ്റെല്ലാം ആദ്യം കയറിയ കശ്മലന്മാര്‍ ആന്റ് കശ്മലികള്‍ കൈക്കലാക്കിയ കാരണം വികലാംഗ സീറ്റിലിരുന്ന് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്ത സി.ബി.ഐ തന്റെ ചുറ്റുപാടും കണ്ണോടിച്ചു.

തൊട്ടടുത്ത സീറ്റിലിരുന്ന് ത്രേസ്യാമ്മച്ചി തന്റെ മുറുക്കാന്റെ രണ്ടാം റൌണ്ടിനായി മുറുക്കാനെടുക്കാന്‍ തുണിക്കടയുടെ പരസ്യമുള്ള കവറുതുറന്നപ്പോള്‍ അതില്‍ നിന്നും പുറത്തേക്കു നോക്കി പല്ലിളിക്കുന്ന ഇഡ്ഡലികള്‍ കണ്ട സി.ബി.ഐ യുടെ വായില്‍ വെള്ളപ്പൊക്കം നടന്ന കാര്യം ത്രേസ്യാമ്മച്ചി അറിഞ്ഞതേയില്ല.

പെട്ടന്ന് കേട്ട അനൌണ്‍സ്മെന്റിലേക്കു ശ്രദ്ധ തിരിഞ്ഞകാരണം ഇഡ്ഡലിയുടെ കൃത്യമായ എണ്ണം പിടിക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല എന്നത് പരമമായ സത്യം.

“വീമാനം കുത്തനെ പറക്കാന്‍ പോവുകയാണ്, ബെല്‍റ്റിടുന്ന കാര്യം എല്ലാവര്‍ക്കുമറിയാമെങ്കിലും വല്ല മന്ത്രിമാരുമിരിപ്പുണ്ടെങ്കില്‍ ദയവായി തങ്ങളുടെ കൈകള്‍ക്കുകൂടി ബെല്‍റ്റിട്ട് ഞങ്ങളോടു സഹകരിക്കുക എന്നപേക്ഷിക്കുന്നു നന്ദി...” ഇത്രയും അനൌണ്‍സ് ചെയ്ത ശേഷം വിമാനത്തിലെ യുവകോമളി കുണുങ്ങിച്ചിരിച്ചു.
എല്ലാവരും ശ്രദ്ധയോടെയിരുന്നു ബെല്‍റ്റുകള്‍ മുറുക്കിത്തുടങ്ങി . അപ്പുറത്തെ സീറ്റിലിരുന്ന പതിനേഴുകാരിയുടെ ബെല്‍റ്റ് മുറുക്കാന്‍ സഹായിക്കുന്ന അമ്പത്തിയേഴുകാരന്റെ നല്ലസമയത്തെക്കുറിച്ചോര്‍ത്ത് അസൂയപൂണ്ട സി.ബി.ഐ, തന്റെയടുത്ത് വായില്‍ മുറുക്കാനുമായിരിക്കുന്ന ത്രേസ്യാമ്മച്ചിയുടെ ബെല്‍റ്റ് മുറുക്കാന്‍ മാത്രം തന്നെ വിളിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി കണ്ണുകള്‍ ഇറുക്കിയടച്ചു.

വിമാനം ലവലില്‍ പറക്കാന്‍ തുടങ്ങിയപ്പോള്‍ പലരുടെയും ലവലുപോയിത്തുടങ്ങിയതിനു കാരണം ജാംബവാന്റെ അപ്പൂപ്പന്റെ അപ്പന്റെ കാലത്തുള്ള ഏതോ സിനിമ വിമാനത്തിലെ സ്ക്രീനില്‍ തെളിഞ്ഞതുതന്നെയായിരുന്നു .
സിനിമകണ്ട ക്ഷീണത്തില്‍ ചിലരെല്ലാം ഉറക്കം നടിച്ചപ്പോഴാണ് കാതുകളെ ചവിട്ടിക്കൂട്ടുന്ന തരത്തില്‍ വിമാനത്തിലെങ്ങും ആ ശബ്ദം മുഴങ്ങിയത്.

വിമാനത്തിനുള്ളില്‍ കിടന്ന് ആരൊക്കെയോ അലറുന്നു, കോലാഹലമുണ്ടാക്കുന്നു തന്തയ്ക്കു വിളിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിവാദ വിഷയ പോസ്റ്റിന്റെ കമന്റ്ബോക്സ് തുറന്നാലുള്ള പ്രതീതി വിമാനത്തിലെങ്ങും നിറഞ്ഞുനിന്നു. മലയാളം ബ്ലോഗ് വായിക്കാറുള്ള സി.ബി.ഐ നമ്മളിതെത്ര കണ്ടതാ എന്ന രീതിയില്‍ കാലിന്റെ മുകളില്‍ വളരെ പ്രയാസപ്പെട്ടു കാലുകയറ്റിവെച്ച് പോക്കറ്റില്‍കിടന്ന ചുയിംഗമെടുത്ത് വായിലിട്ടു പല്ലുകള്‍ക്കു വേലകൊടുത്ത ശേഷം ബാഗിലുണ്ടായിരുന്ന ബാലരമയെടുത്ത് ‘ഡിറ്റക്ടീവ് ജംബന്റെയും തുമ്പന്റെയും’ കഥ വായിച്ചു കൊണ്ട് തന്റെ കുറ്റാന്വേഷണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു.

വിമാനത്തിന്റെ മുന്‍ വശത്തുനിന്നും കേട്ട ശബ്ദം വിമാനത്തിന് ആരോ ബോംബു വച്ചിട്ടുണ്ട് എന്നതാണെന്ന് തിരിച്ചറിയാന്‍ വൈകിയ സി.ബി.ഐ യുടെ കൈക്കു പിടിച്ച് ത്രേസ്യാമ്മ ഇഡ്ഡലിസഞ്ചിയുമായി പാരചൂട്ടില്‍ താഴേക്കു കുതിക്കാന്‍ തയ്യാറെടുത്തു.

വിമാനത്തിനാരൊ ബോംബു വെച്ചിട്ടുണ്ടെന്ന വാര്‍ത്ത വിമാനത്താവളത്തിലറിയുന്നത് വിമാനം പറന്നുയര്‍ന്നു വളരെ വൈകിയ ശേഷമായിരുന്നു. വിവരമറിഞ്ഞയുടനെത്തന്നെ അവര്‍ പൈലറ്റിനു വിവരമറിയിക്കുകയായിരുന്നു (?).

വിവരമറിഞ്ഞ പൈലറ്റും തന്റെ കാമുകിയുടെ അമ്മൂമ്മയായ എയര്‍ഹോസ്റ്റസ് പങ്കജാക്ഷിയമ്മയും പാരച്ചൂട്ടെടുത്ത് ഒന്നിച്ചു താഴേക്കു ചാടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞവര്‍ ഓരോരുത്തരായി ചാടിത്തുടങ്ങിയപ്പോഴാണ്. ബാലരമയില്‍ തന്റെ കുറ്റാന്വേഷണ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന പേടിരോഗയ്യരെ നമ്മുടെ ത്രേസ്യാമ്മച്ചി ശ്രദ്ധിച്ചത്. അങ്ങിനെ അവര്‍ രണ്ടുപേരും വിമാനത്തില്‍ നിന്നും എടുത്തു ചാടുകയായിരുന്നു................

****************

കടലിന്റെ ഏതോ ഭാഗത്ത് (?!) ചെന്നു പതിച്ച പേടിരോഗരും ത്രേസ്യാമ്മച്ചിയും ഒരു വിധം അടുത്തുകണ്ട ഒരു ദ്വീപില്‍ കയറിപ്പറ്റി.

വിനയേട്ടന്റെ സിനിമയില്‍ കണ്ടപോലെ വല്ല കുള്ളന്മാരും പാര്‍ക്കുന്ന ദ്വീപാണെങ്കില്‍.................
“എന്റീശ്വരാ.................”
പേടിരോഗയ്യര്‍ അറിയാതെ വിളിച്ചുപോയി.

വിശന്നു വലഞ്ഞ സി.ബി.ഐയും , ത്രേസ്യാമ്മച്ചിയും അടുത്തുകണ്ട ഒരു പാറപ്പുറത്തിരുന്ന് പുളിച്ച ഇഡ്ഡലി ശാപ്പിട്ടു തുടങ്ങി. പേടിരോഗയ്യര്‍ ഓരോ ഇഡ്ഡലിയെടുത്ത് വായില്‍ വെക്കുമ്പോഴും ത്രേസ്യാമ്മച്ചിയുടെ അടക്കമില്ലാത്ത നാക്കുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങും.

“ഹോ... എന്റെ മക്കള്‍ക്കും, കൊച്ചുമക്കള്‍ക്കും കഴിക്കാനുണ്ടാക്കിയ ഇഡ്ഡലിയല്ലേ ഈ പോകുന്നത്.... എന്റീശോയേ ...... എനിക്കു വയ്യായേ....”

ഇതു കേള്‍ക്കുമ്പോള്‍ പേടിരോഗയ്യര്‍ക്ക് ഒന്നുകൂടി ആവേശം മൂത്തുവരും. മൂത്തുവന്ന ആവേശത്തിന്റെ ഒരു ലതില്‍, കണ്ണില്‍ക്കണ്ട ഇഡ്ഡലികളെല്ലാം വായിലേക്കു കുത്തിത്തിരുകി ആത്മ നിര്‍വൃതികൊണ്ടു നമ്മുടെ സി.ബി.ഐ.

വയറു നിറഞ്ഞ സി.ബി.ഐ യുടെ തലയിലെ റ്റ്യൂബുലൈറ്റു കത്തി പ്രകാശപൂരിതമായിത്തുടങ്ങി. അതെ, ഈ ദ്വീപില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം. ഒരു വശത്ത് തന്റെ ഇഡിലികളെയോര്‍ത്ത് നെഞ്ചു തകര്‍ന്നു കിടക്കുന്ന ത്രേസ്യാമ്മച്ചിയെ സി.ബി.ഐ കണ്ടില്ലെന്നു നടിച്ചു.

ഏതോ ഇംഗ്ലീഷ് സിനിമായില്‍ കണ്ടപോലെ ശരീരത്തിനോടടുത്ത് ധരിക്കുന്ന തുണിക്കഷണങ്ങള്‍ വലിച്ചു കീറി ഒരു കൊമ്പില്‍ കെട്ടി ആകാശത്തേക്കു നോക്കി വീശിക്കൊണ്ടിരുന്നു.

നോ രക്ഷ ..........രക്ഷ നഹീ ഹേ ഹും ഹോ........... നേരം ഇരുട്ടായിത്തുടങ്ങിയകാരണം പേടിരോഗയ്യരുടെ പേടിരോഗം മൂര്‍ഛിച്ചുതുടങ്ങിയപ്പോള്‍ ത്രേസ്യാമ്മച്ചി തന്റെ മൊബൈലെടുത്ത് മക്കള്‍ക്കു വിളിക്കാനൊരു ശ്രമം നടത്തി നോക്കിയതാണ് .... പക്ഷേ റേഞ്ചു കിട്ടുന്നില്ല. (ഉഗാണ്ടയിലെ തേക്കുമരത്തിനു മുകളിലും റേഞ്ചുകിട്ടും എന്ന പരസ്യം കണ്ടു വാങ്ങിച്ചതാ.. ങാ.. ഇനി പറഞ്ഞിട്ടു കാര്യമില്ല)

ചുറ്റുപാടുമുള്ള കാട്ടില്‍ നിന്നും പല ശബ്ദങ്ങളും കേട്ടു തുടങ്ങിയപ്പോള്‍ തന്റെ ഇഡ്ഡലികള്‍ ഒറ്റയിരുപ്പിനകത്താക്കിയ സി.ബി.ഐയോടുള്ള വൈരാഗ്യം തല്‍ക്കാലത്തേക്കു മറന്ന ത്രേസ്യാമ്മച്ചി സി.ബി.ഐയെ കെട്ടിപ്പിടിച്ചശേഷം പിള്ളചത്ത പോത്തിനെപ്പോലെ അമറിക്കരഞ്ഞു.

അകലെനിന്നും ഇരുട്ടില്‍ ഒരു വെളിച്ചം മിന്നിമറഞ്ഞത് പേടിരോഗയ്യരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്റെ തോക്ക് അവിടെത്തന്നെയുണ്ടെന്നുറപ്പു വരുത്തിയ പേടിരോഗയ്യര്‍ പതുക്കെ എഴുന്നേറ്റു. മരങ്ങളുടെ മറവുപറ്റി വെളിച്ചം കണ്ട ഭാഗത്തെ ലക്ഷ്യമാക്കി നടന്ന സി.ബി.ഐ തല്‍ക്കാലത്തേക്കു തന്റെ പേടി മറന്നിരുന്നു.

കുറച്ചുകൂടി കാട്ടിനുള്ളിലേക്കു കടന്നപ്പോള്‍ അകലെ തീ കത്തിച്ചുവെച്ച് അതിനു ചുറ്റിലും കുറേ ആളുകളിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നതുകണ്ടു . കാട്ടിലെ കുറ്റിച്ചെടികളുടെ കമ്പുകള്‍ കൊണ്ട് സി.ബി.ഐയുടെ ദേഹമാസകലം മുറിവുകള്‍ പറ്റിയിട്ടുണ്ടെങ്കിലും മുന്‍പോട്ടു തന്നെ നടന്നു ( പിന്നിലോട്ടു പോവാന്‍ അതിലും വലിയ പേടിയായിരുന്നു എന്നത് പേടിരോഗയ്യരെ സംബന്ധിച്ചേടത്തോളം ഒരു പ്രകൃതി സത്യമാണ്)

തീയിനു ചുറ്റുമിരിക്കുന്നവരുടെ തൊട്ടു പിറകിലെത്തിയപ്പോള്‍ അവരുടെ സംസാരം വ്യക്തമായും കേള്‍ക്കാമായിരുന്നു.

“ ഹ ... ഹ.... വിമാനത്തില്‍ നിന്നും പേടിച്ചു ചാടിയ പേടിരോഗയ്യര്‍ ഇപ്പോള്‍ വടിയായിക്കാണും..........”
ഒരുവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ടു പറയുന്നു.

പൊട്ടിച്ചിരിച്ചവന്റെനേരെ നോക്കിയ സി.ബി.ഐ ശരിക്കും ഞെട്ടി അതെ അവന്‍ തന്നെ പഴയ കൊച്ചമ്മിണിയുടെ വകയിലൊരു കാമുകന്‍ വിദേശമദ്യ ബിസിനസുമാന്‍ കുറുക്കന്‍ കോവാലന്‍ .

കോവാലന്‍ തന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു....
“ അവന്‍ കൊച്ചമ്മിണിയുമായി കേസു ‘ഡിസ്കഷന്‍ ’ തുടങ്ങി എന്നു കേട്ടപ്പഴേ ഞാന്‍ ഭയന്നതാ.. ഇവിടെ നിന്നും പഴുതാര ആന്റ് ചിലന്തിയെയിട്ടു വാറ്റിയ ശേഷം അതില്‍ കുറച്ച് പെയിന്റും ചേര്‍ത്ത് വിദേശക്കുപ്പികളിലടച്ച തനി നാടനെ സായിപ്പാക്കിമാറ്റി നാട്ടിലേക്ക് ഗഫൂര്‍ക്കാ ദോസ്തിനോടു കടം വാങ്ങിയ ഉരുവില്‍ക്കയറ്റി എക്സ്പോര്‍ട്ടിംഗ് ആന്റ് ഇമ്പോര്‍ട്ടിംഗ് നടത്തുന്ന സംഗതി ഞാന്‍ കൊച്ചമ്മിണിയുമായി ഡിസ്കഷന്‍ നടത്തിയത് അവള്‍ അവനോട് പറഞ്ഞിട്ടുണ്ടാവുമെന്ന്”

ഇതുകേട്ടപ്പോള്‍ സി.ബി.ഐയുടെ ജീവന്‍ ശരീരത്തില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി. തന്നെ അവര്‍ ഇപ്പോള്‍ കണ്ടാല്‍ പിന്നെ തനിക്കു പടച്ചോന്റെ സ്വന്തം നാടു കാണാന്‍ കഴിയില്ലാ ( ബാക്കിയുള്ള നാടുകളെല്ലാം പടച്ചോന്‍ സഹകരണാടിസ്ഥാനത്തില്‍ വാങ്ങിയതാണോ എന്നൊന്നും ചോദിച്ചേക്കരുത്) എന്ന ചിന്തകൂടിയായപ്പോള്‍ അടുത്തുകണ്ട ചാഞ്ഞ മരത്തില്‍ വലിഞ്ഞു കയറി.

കുറുക്കന്‍കോവാലന്‍ തന്റെ വാക്കുകള്‍ തുടര്‍ന്നു
“അവനെ കേരളത്തില്‍ വെച്ചുതന്നെ ഞാന്‍ കൊല്ലാന്‍ നോക്കിയതാ ... പക്ഷെ പറ്റിയില്ല....... ”

ഇതെല്ലാം കേട്ട് മരത്തിനു മുകളില്‍ നിന്നും പേടിച്ചു വിറച്ച സി.ബി.ഐ മരത്തില്‍ ഉണങ്ങിക്കിടക്കുന്ന കൂറ്റന്‍ കൊമ്പില്‍ ചവിട്ടിയതും കൊമ്പോടുകൂടി നിലം പതിച്ചതും ഒന്നിച്ചായിരുന്നു.

താഴെയിരിക്കുന്ന കോവാലന്റെയും സംഘത്തിന്റെയും തലയില്‍ മരം വീണ് അവരുടെ ബോധം പോയപ്പോള്‍. ഭാഗ്യം കൊണ്ട് ഒന്നും സംഭവിക്കാതിരുന്ന പേടിരോഗയ്യരുടെ ബോധം തെളിഞ്ഞു തലയിലെ റ്റ്യൂബുലൈറ്റ് ആഞ്ഞുകത്തി...

മരം വീണു നിസ്സാര പരിക്കുപറ്റിയ ഒരുവന്റെ നേരെ പേടിരോഗയ്യര്‍ തോക്കു ചൂണ്ടിയശേഷം അലറി.

“കൈ പൊക്കെടാ തെണ്ടീ .... (പ്ലീസ് എന്നത് മനസ്സില്‍ മാത്രം ഒതുക്കി) എന്നിട്ട് നേരെ ബോട്ടു നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തേക്കു നടക്ക്...”

അങ്ങിനെ ചുരുക്കിപ്പറയട്ടെ................
ത്രേസ്യാമ്മച്ചിയെയും , ബോധം കെട്ട വകയിലൊരു കാമുകന്‍ കുറുക്കന്‍ കോവാലനെയും സംഘത്തിനെയും കൊണ്ട് പേടിരോഗയ്യര്‍ തോക്കു ചൂണ്ടിക്കാണിച്ച ദിക്കിനെ ലക്ഷ്യമാക്കി ബോട്ടിന്റെ ഡ്രൈവര്‍ യമഹാ എഞ്ചിനുകളെ പണിയെടുപ്പിച്ചു.

****************
വിമാനത്തില്‍ നിന്നും പാരച്ചൂട്ട് വഴി കള്ളവാറ്റുകാരന്റെ താവളത്തിലെത്തി വന്‍ മാഫിയയെത്തന്നെ പിടിച്ച പേടിരോഗയ്യര്‍ സി.ബി.ഐയെ അനുമോദിക്കാനെത്തിയ ചടങ്ങില്‍ വിവരം കെട്ട ഏതോ മന്ത്രി വിളിച്ചു പറഞ്ഞു.

“പ്രിയ മുള്ളവരെ നമ്മുടെ നാടിന്റെ ഓമന കം കണ്ണിലുണ്ണി പേടിരോഗയ്യര്‍ തന്റെ കഴിവു വീണ്ടും തെളിയിച്ചിരിക്കുകയാണ് . വിമാനത്തില്‍ ബോംബു വെച്ചതറിഞ്ഞ് വിമാനത്തില്‍ നിന്നും ചാടിയത് ആത്മ രക്ഷാര്‍ത്ഥമാണെന്നു കരുതിയെങ്കില്‍ നമുക്കു തെറ്റി. അദ്ദേഹം കള്ളവാറ്റുകാരന്റെ താവളം ലക്ഷ്യമാക്കിത്തന്നെ ചാടിയതാണെന്നത് ഞാന്‍ ഇവിടെ ഊന്നി ഊന്നി(?)പ്പറയാന്‍ ആഗ്രഹിക്കുകയാണ്. ഇതൊക്കെയാണെങ്കിലും ഒരു സംശയം ബാക്കിയുണ്ട് . ബോംബു വെച്ച വിമാനം ആകാശത്തുനിന്നും പൊട്ടിത്തകരാതെ എന്തിനു ഒരു പൈലറ്റുപോലുമില്ലാതെ ഏതോ ഭാഗത്തേക്കു പറന്നുപോയതാണു നമുക്കു കാണാന്‍ കഴിഞ്ഞത്!! വിമാനത്തിന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല .... വിമാനം പൈലറ്റില്ലാതെ എങ്ങിനെ ഓടി? എങ്ങോട്ട് പോയി എന്നുള്ള നമ്മുടെ സംശയങ്ങള്‍ക്ക് പേടിരോഗയ്യര്‍ തന്നെ ഉത്തരം കണ്ടെത്തുമെന്ന് നമുക്കു പ്രത്യാശിക്കാം..... ”

ഇത്രയും പറഞ്ഞ് മന്ത്രി പൊടിയും തട്ടി പൊടികള്‍ക്കിടയിലൂടെ ഊളിയിട്ടപ്പോള്‍, വിമാനം പൈലറ്റില്ലാതെ പറന്നതെങ്ങിനെയെന്നോര്‍ത്ത് തന്റെ സ്വന്തം നെഞ്ചിനിട്ട് ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു നമ്മുടെ സി.ബി.ഐ.


:::::::::::::::::::സി.ബി.ഐ കഥകള്‍ തുടരും:::::::::::::::::::::::

Nov 17, 2008

ചെകുത്താന്റെ ലീലകള്‍

പാല്‍ക്കാരന്‍ ചന്ദ്രുവാണതുകണ്ടത്, കണ്ടയുടനെ വലിയവായിലുള്ള ഒന്നൊന്നര നിലവിളിക്കു ശേഷം ചന്ദ്രുവിന്റെ ബോധമങ്ങുപോയി. ചന്ദ്രുവിന്റെ അലര്‍ച്ചകേട്ടു തടിച്ചുക്കുടിയ നാട്ടുകാര്‍ കാര്യകാരണങ്ങള്‍ക്കായി പരസ്പരം കൊസ്റ്റ്യന്‍ മാര്‍ക്കുകള്‍ കൈമാറിക്കൊണ്ടിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് ചന്ദ്രുവിന്റെ പോയ ബോധത്തിനെ തിരിച്ചുകൊണ്ടുവന്നശേഷം പിടിച്ചെഴുന്നേല്‍പ്പിച്ചു കൊസ്റ്റ്യന്‍ ചെയ്തു.

തന്റെ ബോധം നഷ്ടപ്പെട്ടകാര്യം ചന്ദ്രു ഇങ്ങനെ വിവരിച്ചു.

“ പുലര്‍ച്ചെ പാലുകറന്ന ശേഷം വെള്ളം കോരാന്‍ കിണറിനരികിലേക്കു പോയതായിരുന്നു ഞാന്‍ (?) അപ്പോഴാണ് ഒരു ഭീകര രൂപം എന്റെ നേരെ പാഞ്ഞടുത്തത് ..... ജനിച്ചത് മുതല്‍ ഇന്നുവരെ അത്തരമൊരു ജീവിയെ ഇതിനുമുന്‍പ് ഞാന്‍ കണ്ടിട്ടില്ല ..... അതിന്റെ വായില്‍ നിന്നും ഒരു പ്രത്യേക തരം ശബ്ദം കേട്ടിരുന്നു........ പിന്നെയൊന്നും എനിക്കോര്‍മ്മയില്ല.”

ഇതുകേട്ടപ്പോള്‍ നാട്ടുകാരില്‍ അഭിപ്രായങ്ങള്‍ പലതായി രൂപംകൊണ്ടു (അതങ്ങിനെത്തന്നെയാണാല്ലൊ).

ചെകുത്താന്‍ ചോര കുടിക്കാനിറങ്ങിയതാണെന്ന് വേലു വൈദ്യര്‍ പറഞ്ഞപ്പോള്‍ മമ്മത് അതിനെ ശക്തമായെതിര്‍ത്തു “ ശൈത്താന്‍ ഈ ഹംക്കിന്റെ ശോര കുടിച്ചല്ലേ ജീബിക്കണത് മൂപ്പര്‍ക്ക് ബേറെ പണിയൊന്നു മില്ലല്ലോ .. ഇന്റെ ബേലു ബൈദ്യരെ അത് ശൈത്താനല്ലാന്ന്.... അത് അസ്സല്‍ ജിന്നാ ജിന്ന് ചന്ദ്രൂന്റെ കയ്യീന്ന് ബെള്ളം ചേര്‍ക്കുന്നതിന് മുന്‍പ് പാല് കുടിക്കാന്‍ ബന്നതാ...”

ബിയ്യാത്തുപറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു. “ ഇത് ബരേ ഓന്‍ ഫീകര ജീവീനെ കണ്ടിട്ടില്ലാ പോലും .... ഓന്‍ ഇത് ബരേ കണ്ണാടി നോക്കീട്ടിണ്ടാവില്ല...”

അഭിപ്രായങ്ങള്‍ അതിന്റെ വഴിക്കു പോകുന്നുണ്ടെങ്കിലും അതുമുതല്‍ പല ദിവസങ്ങളിലും ചെകുത്താനെ കണ്ടവര്‍ പലരാണെങ്കിലും പല വിധത്തിലായിരുന്നു.

പിറന്നപടി നില്‍ക്കുന്ന ചെകുത്താനെ കണ്ടവര്‍മുതല്‍, മരത്തിനു മുകളില്‍ നിന്നും തീ തുപ്പുന്ന ചെകുത്താനെ കണ്ടവര്‍ വരേ നീണ്ടുപോകുന്നു ആ പട്ടിക . അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ നേരമിരുട്ടിയാല്‍ ആ നാട്ടില്‍ ആരും തന്നെ പുറത്തിറങ്ങാതായി.ചെകുത്താനെക്കൊണ്ട് പ്രത്യേകിച്ച് മനുഷ്യനു ശല്യമൊന്നുമില്ലായെങ്കിലും നാട്ടിലെ കോഴി, ആട്, എരുമ, പോത്ത് , താറാവ്, പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി.

നാട്ടിലാകെ ഭീതിയായി .........

ഇതിനിടയില്‍ നാട്ടിലെ പുരോഗമന വാദികള്‍ പാവം ചെകുത്താനെ സംശയിക്കുന്ന സമയംകൊണ്ട് നാട്ടിലെ ചീട്ടുകളി കം വെള്ളമടി ടീമിനെ പിടിച്ചു കൂമ്പിനിട്ട് കൊട്ടിയാല്‍ സത്യം പുറത്തുവരുമെന്ന പരമസത്യം പുറത്തുവിട്ടു.
പുരോഗമന വാദികള്‍ ചെകുത്താന്റെയാളുകളാണെന്ന് നാട്ടിലെ മന്ത്രവാദി കം ദരിദ്രവാസിയായ വിമല്‍കുമാര്‍ വിളമ്പരം പുറപ്പെടുവിച്ചു. പക്ഷെ ചെകുത്താന്‍ വരുന്നതിനുമുന്‍പ് ദരിദ്രവാസിയായിരുന്ന വിമല്‍കുമാര്‍ ചെകുത്താന്റെ വരവോടുകൂടി കൊട്ടാരവാസിയായി എന്ന സത്യം പുരോഗമന വാദികള്‍ വീടുവീടാന്തരം കൊട്ടി ഘോഷിച്ചുകൊണ്ടിരുന്നു.


പറഞ്ഞതില്‍ കുറച്ചൊക്കെ കഴമ്പില്ലാ തില്ലാ‍ തില്ല ....... കാരണം ചെകുത്താന്റെ വരവോടുകൂടി മന്ത്രവാദത്തിന്റെ ചിലവു വര്‍ദ്ധിക്കുകയും അത് വിമല്‍കുമാറിന്റെ വരവു കൂട്ടുകയും ചെയ്തു . ഇന്ന് വിമല്‍കുമാറിന്റെ വീട്ടുചിലവുപോലും നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തുകയാണ്. അകത്തളത്തില്‍ വിമല്‍കുമാറിന്റെ ഒരേയൊരു ഭാര്യ ചിരുതയെ പരിചരിക്കാന്‍ തോഴിമാരുടെ വക ഉപ്പുസത്യാഗ്രഹം മുതല്‍ ദെണ്ടിയാത്ര വരെ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് നാട്ടിലെ പൊതുവെയുള്ള സംസാരം.


നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ ചെകുത്താന്റെ അഴിഞ്ഞാട്ടത്തിനെതിരെ മൈക്കിനിട്ട് ആഞ്ഞു തുപ്പിക്കൊണ്ടിരുന്നപ്പോഴും “ചെകുത്താന്‍ ഗോബാക്ക്...” എന്ന മുദ്രാവാക്യം അടുത്ത ഇലക്ഷനുള്ള പതാളക്കരണ്ടിയാക്കിമാറ്റിയപ്പോഴും, എന്തിന് ചെകുത്താനെതിരെ ഹര്‍ത്താല്‍ നടത്തിയപ്പോള്‍പോലും ഒരുകൂസലുമില്ലാതെ ചെകുത്താന്‍ തന്റെ വേട്ട തുടര്‍ന്നുകൊണ്ടിരുന്നു. ഇടക്കിടയ്ക്ക് പലരേയും പേടിപ്പിച്ചുകൊണ്ടിരിക്കാനും ചെകുത്താന്‍ സമയം കണ്ടെത്തിയിരുന്നു എന്നതാണു വാസ്തവം.

ചെകുത്താന്‍ പ്രശ്നം ഹര്‍ത്താലിലും മന്ത്രവാദത്തിലുമൊന്നും ഒതുങ്ങില്ലാ എന്നുവന്നപ്പോള്‍ എലിയെപ്പിടിക്കാന്‍ വരേ സി.ബി.ഐ അന്വേഷണം നടത്തണമെന്നുപറയുന്ന, നാട്ടിലെ ബുദ്ധിജീവിക്കൂട്ടം കൊടികളുമായി രംഗപ്രവേശനം നടത്തി.

അതെ, ചെകുത്താനെ പിടിക്കാന്‍ സി.ബി.ഐ വരണം അവര്‍ക്കുമാത്രമേ അതിനു കഴിയൂ ...........
ചെകുത്താനെ പിടിക്കാന്‍ സി.ബി.ഐക്കാരെ ഏല്‍പ്പിച്ചില്ലായെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ കം പക്ഷികള്‍ക്ക് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുമാ‍യി മൃഗത്തിന്റെ ആളുകളും, ഡോക്ടര്‍ മൃഗവും നിരത്തിലിറങ്ങി. നിരന്നുനില്‍ക്കുന്ന സ്ട്രീറ്റ്ലാമ്പുകള്‍ എറിഞ്ഞുടച്ചുകൊണ്ട് തങ്ങളുടെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.


“ സി.ബി.ഐ യെ ഇറക്കിയാലെന്താ ഇവന്മാരുടെ ചൊറിച്ചില്‍ മാറിക്കിട്ടിയാല്‍ അതൊരു വോട്ടായി നമുക്കുതന്നെ കിട്ടുമല്ലോ” എന്ന രഹസ്യം സമരക്കാരെക്കൊണ്ട് സഹികെട്ട ഏതോ മന്ത്രി വിളിച്ചുപറഞ്ഞപ്പോള്‍ കേട്ടുനിന്ന സകല കക്ഷികളും ഒന്നിച്ചു മൂളി “ ഗര്‍‌ര്‍‌ര്‍‌ര്‍...........” ഇതുകേട്ടതും പൊടിപിടിച്ച ഫയലില്‍ തൂങ്ങിക്കിടന്നുറങ്ങുകയായിരുന്ന ഒരു വവ്വാല്‍ക്കുട്ടന്‍ ജീവനുംകൊണ്ട് പറന്നകന്നു.

************

പേടിരോഗയ്യര്‍ സി.ബി.ഐ നട്ടപ്പാതിരനേരത്ത് തന്റെ ബെല്ലില്ലാത്ത ഹീറോ സൈക്കിള്‍ സി.ബി.ഐ ഓഫീസിനെ ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി.

ഓഫീസിലെത്തിയതും ഉന്നത ഉദ്യോഗസ്ഥന്‍ പനമ്പള്ളി വാസു ഉടന്‍ തന്നെ പേടിരോഗയ്യര്‍ കേരളത്തിലെത്തി ചെകുത്താന്‍ കേസ് ഏറ്റെടുക്കണമെന്ന ഓര്‍ഡര്‍ പേടിരോഗയ്യര്‍ക്കു കൈമാറി. കേസിന്റെ ചുമതലയേറ്റെടുത്ത ശേഷം തലയ്ക്കടികിട്ടിയ ആരേയോ പോലെ സി.ബി.ഐ ലക്ഷ്യമില്ലാതെ നടന്നു. കാരണം കേരളം , മലയാളി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിരോഗയ്യരുടെ പേടിരോഗം ഒന്നുകൂടി മൂര്‍ച്ഛിക്കും.

കേസന്വേഷണത്തിനു പോകുന്നത് കേരളത്തിലേക്കായതുകൊണ്ട് തന്റെ മരണശേഷം സ്വത്തുക്കള്‍ എന്തുചെയ്യണമെന്നത് പതിനായിരം രൂപയുടെ ഒരു മുദ്രക്കടലാസിലെഴുതി വക്കീലിനെയേല്‍പ്പിച്ചശേഷമാണ് സി.ബി.ഐ കേരളത്തിലേക്കുള്ള വിമാനത്തിന്റെ പടി കയറിയത്.


എയര്‍പ്പോര്‍ട്ടില്‍ സി.ബി.ഐ യെ സ്വീകരിക്കാനും കേസിന്റെ ഗതി ലൈവായി പുറത്തുവിടാനും അതുവഴി കുറ്റവാളികള്‍ക്ക് എത്രയും പെട്ടന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കാനുമെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ വന്‍ ജനാവലിതന്നെയുണ്ടായിരുന്നു. കെട്ടിപ്പിടുത്തങ്ങള്‍ക്കും , കെട്ടിയിട്ടുപിടുത്തങ്ങള്‍ക്കും ശേഷം സി.ബി.ഐയും സംഘവും അലങ്കരിച്ച വാഹനത്തില്‍
അലങ്കരിക്കാത്ത വാഹനങ്ങളുടെ അകമ്പടിയോടെ ചെകുത്താന്‍ ഗ്രാമത്തെ ലക്ഷ്യമാക്കി അകന്നു.


ഗ്രാമത്തിലെങ്ങും സി.ബി.ഐ യെ സ്വീകരിക്കാന്‍ ആനയും അമ്പാരിയുമടക്കം സകല കുണ്ടാമണ്ടികളുമുണ്ടായിരുന്നു എന്നുമാത്രമല്ല, ഒരു സ്വീകരണ യോഗം വരെ വിളിച്ചുകൂട്ടിയിരുന്നു. കൈകള്‍ നീട്ടിവീശിക്കൊണ്ട് അലങ്കരിച്ച വാഹനത്തില്‍നിന്നും പുറത്തിറങ്ങിയ സി.ബി.ഐ യുടെ കറുത്ത കണ്ണടകണ്ട നാണിയമ്മൂമ്മ മൂക്കത്തു വിരല്‍ വെച്ചു എന്നുമാത്രമല്ല, നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണി തന്റെ കാല്‍‌വിരല്‍കൊണ്ട് നിലത്തൊരു കളവും വരച്ചു.

ഹൈദ്രോസിന്റെ “പണ്ടാരം” ഹോട്ടലിലേക്ക് ആനയിക്കപ്പെട്ട സി.ബി.ഐ. അവിടെനിന്നും പൊരിച്ച ചിക്കനും പൊറോട്ടയും ഓസിനു തട്ടി രണ്ടേരണ്ടേമ്പക്കവുംകൂടി വിട്ട ശേഷം തനിക്കു താമസിക്കാന്‍ തയ്യാറാക്കിയ വീട്ടിലേക്കു കൊണ്ടുപോകാന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരനോട് കണ്ണുരുട്ടികല്‍പ്പിച്ചു.

അങ്ങിനെ സി.ബി.ഐ യും പരിവാരങ്ങളും സി.ബി.ഐ ക്കു പ്രത്യേകം തയ്യാറാക്കിയ വീട്ടിലെത്തിയപ്പോള്‍ പരിവാരങ്ങളെ പിരിച്ചുവിടാന്‍ ഒരു പരിഹാരമെന്നോണം സി.ബി.ഐയുടെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ മണ്ടരിപിടിച്ച തെങ്ങിന്റെ മണ്ടയ്ക്കുനോക്കി രണ്ടു റൌണ്ട് വെടിപൊട്ടിച്ചു.

ചെകുത്താനില്ലാത്ത ഒരു നാളെയും സ്വപ്നം കണ്ടുകൊണ്ട് ജനക്കൂട്ടം പിരിഞ്ഞുപോയി .
സി.ബി.ഐ യും കൂടെയുള്ള പോലീസുകാരനും(?) കാവലിനു കൊണ്ടുവന്ന പട്ടിയും വീട്ടില്‍ തനിച്ചായി.
സി.ബി.ഐയുടെ ചിന്തകള്‍ സദാ സമയം ചെകുത്താനെക്കുറിച്ചായിരുന്നു. ചെകുത്താന്റെ ഡമ്മിയിട്ടു പരീക്ഷിച്ചുനോക്കിയാലൊ എന്നൊരു ഐഡിയാ മനസ്സില്‍ വന്നതാണ് പക്ഷെ ഡമ്മിയുണ്ടാക്കുന്ന കമ്പനിതൊഴിലാളികള്‍ മുതലാളിയെ പിരിച്ചുവിടാനുള്ള സമരത്തിലായതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.


ദിവസങ്ങള്‍ കടന്നുപോയി . സി.ബി.ഐ വന്നതിനു ശേഷം ചെകുത്താന്റെ ശല്യത്തിനു കുറച്ചൊരു കുറവുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . എങ്കിലും വളര്‍ത്തു മൃഗങ്ങള്‍ കം പക്ഷികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.


ഗ്രാമത്തിലേക്കിറങ്ങിച്ചെന്ന് അന്വേഷണമാരംഭിച്ച പേടിരോഗയ്യര്‍ നമ്മുടെ നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണിയുടെ വീട്ടിലും അന്വേഷണത്തിനു ചെല്ലാറുണ്ടായിരുന്നു.
മഹാ ബുദ്ധിശാലിയായ കൊച്ചമ്മിണിയുമായി കേസിന്റെ കാര്യങ്ങള്‍ സി.ബി.ഐ “ഡിസ്കസ്” ചെയ്യാറുമുണ്ടായിരുന്നു എന്നത് നാട്ടിലെ ആകാശവാണിപ്രവര്‍ത്തകന്‍ കരിങ്കണ്ണന്‍ ജബ്ബാ‍റിന്റെ ഇത്തിരിയുള്ള ബുദ്ധിവെച്ചുള്ള കണ്ടുപിടുത്തമായിരുന്നു.

********

ദിവസങ്ങള്‍ വീണ്ടും കടന്നുപോയി ...
ഒരു ദിവസം നട്ടപ്പാതിരനേരത്താണ് കൊച്ചമ്മിണിയുമായി കേസു “ഡിസ്കസ്” ചെയ്യണമെന്ന ആശ സി.ബി.ഐയുടെ മനസ്സില്‍ മിന്നിമറഞ്ഞത്. പിന്നീടൊന്നുമാലോചിക്കാതെ തെങ്ങിന്‍ തോപ്പിലൂടെ ഇറങ്ങിയൊരോട്ടമായിരുന്നു. ഓടിയോടി കൊച്ചമ്മിണിയുടെ വീടിനുപിന്‍‌വശത്തുള്ള കോഴിക്കൂടിനടുത്തെത്തിയപ്പോള്‍ കാലുതെന്നിയ സി.ബി.ഐ മലര്‍ന്നടിച്ചുവീണു. മലര്‍ന്നടിച്ചു വീണ സി.ബി.ഐയുടെ കാതു തുളച്ചുകൊണ്ട് അവിടമാകെ ഒരു ശബ്ദം മുഴങ്ങി.

“ ഞമ്മളെ ബിടീ സി.ബീ ഐ യേ ഇത് ഞമ്മളാ ..... ഞമ്മളെ കൊല്ലല്ല്യേ... ഞമ്മളെ പൊറത്തൂന്നെണീക്ക് അല്ലേല്‍ ഞമ്മള് സാസം മുട്ടി സത്തുപോകുവേ............”

താന്‍ കാലു തെന്നി വീണത് ആരുടേയോ ശരീരത്തിലാണെന്നു മനസ്സിലാക്കിയ സി.ബി.ഐ വീണതു വിദ്യയാക്കി
തന്റെ തോക്കെടുത്ത് അയാള്‍ക്കു നേരെ ചൂണ്ടി സി.ബി ഐ അലറി“ആരഡാ ... നീ.. എഴുന്നേല്‍ക്കെടാ‍ാ‍ാ‍ാ...”

ഭീകരരൂപത്തിന്റെ മുഖം മൂടിയണിഞ്ഞ, ശരീരമാസകലം വാഴയിലയില്‍ പൊതിഞ്ഞ ആ രൂപത്തിന്റെ മുഖം മൂടി സി.ബി.ഐ വലിച്ചു മാറ്റി.................. ഭീകരന്റെ മുഖത്തേക്കു തന്റെ മൊബൈലിന്റെ വെളിച്ചത്തില്‍ നോക്കിയ സി.ബി.ഐ വീണ്ടും ഞെട്ടി.

അതെ അതയാള്‍ തന്നെയായിരുന്നു പണ്ടാരം ഹോട്ടലിന്റെ മുതലാളി ഹൈദ്രോസ് .
ഹൈദ്രോസിനെ പിടിച്ചുകെട്ടിയ സി.ബി.ഐ നാട്ടുകാരെ അലറി വിളിച്ചു കൂട്ടി.

പിറ്റേ ദിവസം സൂര്യന്‍ കര്‍ട്ടന്‍ മാറ്റി ഒളിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ചെകുത്താന്റെ വേഷം കെട്ടി നാട്ടുകാരെ പേടിപ്പിച്ച് നാട്ടുകാരുടെ കോഴികളേയും എന്നുവേണ്ട പട്ടികളെ വരെ പിടിച്ച് കറിവെച്ച് നാട്ടുകാര്‍ക്കുതന്നെ വിളമ്പിവിറ്റ് പോക്കറ്റിന്റെ ഭാരം വര്‍ദ്ധിപ്പിച്ച പണ്ടാരം ഹോട്ടലുടമ ഹൈദ്രോസിനെ അറസ്റ്റു ചെയ്ത ശേഷം ഹോട്ടലും അടച്ചുപൂട്ടിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയ ചെകുത്താന്‍ കേസിന്റെ ഫയലുമായി ഡല്‍ഹിക്കു തിരിച്ചുപോകുന്ന പേടിരോഗയ്യരെ യാത്രയാക്കാന്‍ നാട്ടിലെ സകലമാന ജനങ്ങളും തടിച്ചുകൂടിയ രംഗമായിരുന്നു.

അലങ്കരിച്ച വാഹനത്തില്‍ കയറി കൈകള്‍ വീശിയ സി.ബി.ഐയെ നോക്കി നാണിയമ്മൂമ്മ വീണ്ടും മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ കൊച്ചുമകള്‍ കൊച്ചമ്മിണി കാല്‍ വിരലുകൊണ്ട് നിലത്ത് കളം വരയ്ക്കുന്നതിനുപകരം തന്റെ വയറിനുമേല്‍ കൈകൊണ്ട് കളംവരച്ചത് നമ്മുടെ സി.ബി.ഐ കണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു.

\\\\\\സി.ബി.ഐ കഥകള്‍ തുടരും\\\\\\
ഇതിന്റെ ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക

Oct 29, 2008

പേടിരോഗയ്യര്‍ സി.ബി.ഐ

നേരം പാതി രാത്രി ...... നല്ല തണുപ്പുണ്ട് പിന്നെ ചാറ്റല്‍ മഴയും, എങ്ങുനിന്നോ ഓരിയിടുന്ന പട്ടിയുടെ ശബ്ദവും കൂടിയായപ്പോള്‍ തികച്ചും ഭീകരമായിരുന്നു ആ രാത്രി. ചില രാത്രികള്‍ അങ്ങിനെയാ ... നേരം ഒന്നു പുലര്‍ന്നിരുന്നെങ്കില്‍ എന്നു തോന്നിപ്പോകും.


ഇരുളിലൂടെ കറുത്ത കമ്പിളിയും പുതച്ച് ഒരു മനുഷ്യരൂപം പതുക്കെ നടന്നു നീങ്ങുന്നു, ഈ കൊടും തണുപ്പത്ത് ചാറ്റല്‍ മഴയും നനഞ്ഞ് ആറടി രണ്ടിഞ്ച് ഉയരമുള്ള അയാള്‍ എങ്ങോട്ടാണു പോകുന്നത്. തേയിലത്തോട്ടവും കഴിഞ്ഞുള്ള ഇടുങ്ങിയ പാതയിലൂടെ നടന്ന് അയാള്‍ വനത്തിലേക്കു പ്രവേശിക്കുകയാണ്.


പെട്ടെന്നാണ് അകലെ നിന്നും ഒരു നീലവെളിച്ചം മിന്നിമറഞ്ഞത്. അയാള്‍ പതുക്കെ തന്റെ മടിയില്‍ കരുതിയ കഠാര അവിടെയുണ്ടോ എന്നുറപ്പു വരുത്തിശേഷം ഒരു പെന്‍ ടോര്‍ച്ചെടുത്ത് മൂന്നു പ്രാവശ്യം മിന്നിച്ചു. പെട്ടന്നാണ് അയാളുടെ പിറകില്‍നിന്നും ആരൊ വട്ടം പിടിച്ചത് തിരിഞ്ഞു നോക്കിയ അയാള്‍ അലറിപ്പോയി......................................

കുറ്റാന്വേഷണ കഥയിലെ ഇത്രയും ഭാഗം വായിച്ചതും സി.ബി.ഐ പേടിരോഗയ്യര്‍ കിടു,കട,കിടാന്നു വിറയ്ക്കാന്‍ തുടങ്ങി. പുറത്തേക്കു നോക്കി, അതെ കൂരിരുട്ട് തന്നെ ഇരുപത്തിനാലു മണിക്കൂറും പകലായിരുന്നെങ്കിലെന്നു ചിന്തിച്ചുപോയ നിമിഷങ്ങള്‍.
ഇങ്ങനെയൊക്കെ കഥയെഴുതുന്നവനെപറയണം വെറുതെ മനുഷ്യനെ പേടിപ്പിക്കാന്‍ .... പെട്ടന്നാണ്

ഒരു ശബ്ദം കേട്ടത്.
“ആരവിടെ..........”സി.ബി.ഐ ഞെട്ടി മാത്രമല്ല ശബ്ദം വീണ്ടും മുഴങ്ങി
“ആരവിടെ....... ആരവിടെ...........”
പെട്ടന്നാണു സി.ബി.ഐ യുടെ തലയിലെ പിണ്ണാക്കില്‍ ബള്‍ബു കത്തിയത് . അതെ അതു തന്നെ ..ശബ്ദം മറ്റെവിടെനിന്നുമായിരുന്നില്ല തലേദിവസം മൊബൈലില്‍ പുതിയതായി ആഡ്ചെയ്ത റിംഗ്ടോണായിരുന്നു അത്.

ഓടിച്ചെന്നു ഫോണെടുത്തു.

“ഹലോ....”മറുതലയ്ക്കല്‍ ഉന്നത ഉദ്യോഗസ്തന്റെ (?) കിളിനാദം (പാറയില്‍ ചിരട്ടക്കച്ചേരി നടത്തുന്ന ശബ്ദം)

“ഹളോ പേടിരോഗയ്യര്‍ ഉടന്‍ റെഡിയായിക്കൊള്ളൂ. പുതിയ ഒരു കേസ് നിങ്ങളെ ഏല്‍പ്പിക്കാന്‍ പോവുകയാ ..”

“എന്തു കേസ് സാര്‍ ... വല്ല വനത്തിലും പോകാനാണെങ്കില്‍ ഞാനില്ല ...........”

“അതൊക്കെ വഴിയേ പറയാം...”

“നിങ്ങള്‍ ഉടനെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം ....”

“സര്‍....”ഫോണ്‍ കട്ടായി

നട്ടപ്പാതിരയായിരിക്കുന്നു ഓഫീസില്‍ റിപ്പോര്‍ട്ടണം പോലും. ലോകത്തുള്ള സി.ബി.ഐ കള്‍ അനുഭവിക്കുന്ന വേദന കം ദുഖം ആരെങ്കിലുമറിയുന്നുണ്ടൊ?


പേടിരോഗയ്യര്‍ക്ക് ദുഖം വന്നു വന്ന ദുഖം കണ്ണിലൂടെ ഒലിച്ചിറങ്ങി, നാട്ടിലുള്ള സകല കൊലപാതകികളെയും കള്ളന്മാരെയും ശപിച്ചുകൊണ്ട് സി.ബി. ഐ ഓഫീസ് ലക്ഷയമാക്കി ശകടം ഉരുട്ടി....................


അതെ അയാള്‍ വരികയാണ് പേടിരോഗയ്യര്‍ സി.ബി.ഐ.. പേടിരോഗയ്യരെ ബൂലോഗര്‍ക്കായി വിട്ടുതരുന്നു.നിങ്ങളുടെ അഭിപ്രായങ്ങളും, വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും കൊണ്ടുവേണം നമ്മുടെ പേടിരോഗയ്യര്‍ക്കു പിച്ചവെയ്ക്കാന്‍.....

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

സസ്നേഹം രസികന്‍

ഇതിന്റെ ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക