Nov 26, 2008

വിമാനത്തിലെ ഇഡ്ഡലിമണം...


കോളിളക്കം സൃഷ്ടിച്ച ‘ചെകുത്താന്‍ കേസ്’ തെളിയിച്ച ശേഷം പേടിരോഗയ്യര്‍ സി.ബി.ഐ ദില്ലിയിലേക്കു പറക്കാ‍നുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എയര്‍ കണ്ടീഷന്‍ ചെയ്ത എയര്‍പോര്‍ട്ട് ഹാളിലെ തുരുമ്പിച്ച ഇരിപ്പിടത്തിലിരുന്നു വിയര്‍ക്കാന്‍ തുടങ്ങി.

ഒരുപാടു നേര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സര്‍ക്കാറുവക വിമാനം റണ്‍‌വേയില്‍ മൂക്കുകുത്തി എന്ന വാര്‍ത്ത കേട്ടതും യാത്രക്കാര്‍ എന്തിനും തയ്യാറായി വിമാനത്തില്‍ കയറാനുള്ള തിടുക്കം കാട്ടിത്തുടങ്ങി.

ഡല്‍ഹിയില്‍ താമസിക്കുന്ന മകനെയും പേരക്കുട്ടികളെയും കാണാന്‍വേണ്ടി വിമാനം കയറാന്‍ ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കി രണ്ടു ദിവസം മുന്‍പുതന്നെ എയര്‍പ്പോര്‍ട്ടിലെത്തിയ ത്രേസ്യാമ്മച്ചിയുടെ ഇഡ്ഡലികളുടെ പഴകിയ മണം വിമാനത്തിനുള്ളിലാകെ പരിമളം പരത്തി .

തന്റെ വായിലെ മുറുക്കാന്‍ വായില്‍ക്കിടന്നു സുനാമിയായി പരിണമിച്ചപ്പോള്‍ പുറത്തേക്കു തുപ്പുക എന്ന കേരളീയ മര്യാദപ്രകാരം വിമാനത്തിന്റെ ജനല്‍ തുറക്കാന്‍ നോക്കിയ ത്രേസ്യാമ്മച്ചിയെ തൊട്ടടുത്തിരുന്ന കണ്ണടവെച്ച മാന്യന്‍ കണ്ണുരുട്ടി പേടിപ്പിച്ചതിന്റെഫലമായി മാന്യന്റെ എക്സിക്യൂട്ടീവ് ഷര്‍ട്ട് കം കണ്ഡകൌപീനത്തില്‍ സുനാമിയുടെ അവശിഷടങ്ങള്‍ അമേരിക്കയുടെയും അന്റാര്‍ട്ടിക്കയുടേയും ഭുപ്രകൃതി വരച്ചു ചേര്‍ത്തപ്പോള്‍ ത്രേസ്യാമ്മച്ചിക്കുമുന്‍പില്‍ ശിരസ്സു കുനിച്ചുപോയി നമ്മുടെ മാന്യന്‍ .

എയര്‍പോര്‍ട്ടിലെ ടെലിവിഷനില്‍ ടോം ആന്റ് ജെറിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടു മതിമറന്നിരിക്കുന്ന സി.ബി.ഐ , വിമാനം വന്നതും യാത്രക്കാര്‍ ഓടിക്കയറി സീറ്റുപിടിച്ചതുമൊന്നുമറിഞ്ഞില്ല.

“മിസ്റ്റര്‍ പേടിരോഗയ്യര്‍ അവിടെയെവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ ദില്ലിയിലേക്കു പുറപ്പെടുന്ന വിമാനത്തില്‍ കയറണം” എന്ന കര്‍ണ്ണ കഠോരമായ അനൌണ്‍സ്മെന്റു കേട്ടു ബോധം വന്ന സി.ബി.ഐ ‘കര്‍ണ്ണാടക, ഒറീസ വഴി ഡല്‍ഹി’ എന്ന ബോര്‍ഡു വെച്ച വിമാനം ലക്ഷ്യമാക്കി കുതിച്ചു.

ജനലിനടുത്തുള്ള സീറ്റെല്ലാം ആദ്യം കയറിയ കശ്മലന്മാര്‍ ആന്റ് കശ്മലികള്‍ കൈക്കലാക്കിയ കാരണം വികലാംഗ സീറ്റിലിരുന്ന് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്ത സി.ബി.ഐ തന്റെ ചുറ്റുപാടും കണ്ണോടിച്ചു.

തൊട്ടടുത്ത സീറ്റിലിരുന്ന് ത്രേസ്യാമ്മച്ചി തന്റെ മുറുക്കാന്റെ രണ്ടാം റൌണ്ടിനായി മുറുക്കാനെടുക്കാന്‍ തുണിക്കടയുടെ പരസ്യമുള്ള കവറുതുറന്നപ്പോള്‍ അതില്‍ നിന്നും പുറത്തേക്കു നോക്കി പല്ലിളിക്കുന്ന ഇഡ്ഡലികള്‍ കണ്ട സി.ബി.ഐ യുടെ വായില്‍ വെള്ളപ്പൊക്കം നടന്ന കാര്യം ത്രേസ്യാമ്മച്ചി അറിഞ്ഞതേയില്ല.

പെട്ടന്ന് കേട്ട അനൌണ്‍സ്മെന്റിലേക്കു ശ്രദ്ധ തിരിഞ്ഞകാരണം ഇഡ്ഡലിയുടെ കൃത്യമായ എണ്ണം പിടിക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല എന്നത് പരമമായ സത്യം.

“വീമാനം കുത്തനെ പറക്കാന്‍ പോവുകയാണ്, ബെല്‍റ്റിടുന്ന കാര്യം എല്ലാവര്‍ക്കുമറിയാമെങ്കിലും വല്ല മന്ത്രിമാരുമിരിപ്പുണ്ടെങ്കില്‍ ദയവായി തങ്ങളുടെ കൈകള്‍ക്കുകൂടി ബെല്‍റ്റിട്ട് ഞങ്ങളോടു സഹകരിക്കുക എന്നപേക്ഷിക്കുന്നു നന്ദി...” ഇത്രയും അനൌണ്‍സ് ചെയ്ത ശേഷം വിമാനത്തിലെ യുവകോമളി കുണുങ്ങിച്ചിരിച്ചു.
എല്ലാവരും ശ്രദ്ധയോടെയിരുന്നു ബെല്‍റ്റുകള്‍ മുറുക്കിത്തുടങ്ങി . അപ്പുറത്തെ സീറ്റിലിരുന്ന പതിനേഴുകാരിയുടെ ബെല്‍റ്റ് മുറുക്കാന്‍ സഹായിക്കുന്ന അമ്പത്തിയേഴുകാരന്റെ നല്ലസമയത്തെക്കുറിച്ചോര്‍ത്ത് അസൂയപൂണ്ട സി.ബി.ഐ, തന്റെയടുത്ത് വായില്‍ മുറുക്കാനുമായിരിക്കുന്ന ത്രേസ്യാമ്മച്ചിയുടെ ബെല്‍റ്റ് മുറുക്കാന്‍ മാത്രം തന്നെ വിളിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി കണ്ണുകള്‍ ഇറുക്കിയടച്ചു.

വിമാനം ലവലില്‍ പറക്കാന്‍ തുടങ്ങിയപ്പോള്‍ പലരുടെയും ലവലുപോയിത്തുടങ്ങിയതിനു കാരണം ജാംബവാന്റെ അപ്പൂപ്പന്റെ അപ്പന്റെ കാലത്തുള്ള ഏതോ സിനിമ വിമാനത്തിലെ സ്ക്രീനില്‍ തെളിഞ്ഞതുതന്നെയായിരുന്നു .
സിനിമകണ്ട ക്ഷീണത്തില്‍ ചിലരെല്ലാം ഉറക്കം നടിച്ചപ്പോഴാണ് കാതുകളെ ചവിട്ടിക്കൂട്ടുന്ന തരത്തില്‍ വിമാനത്തിലെങ്ങും ആ ശബ്ദം മുഴങ്ങിയത്.

വിമാനത്തിനുള്ളില്‍ കിടന്ന് ആരൊക്കെയോ അലറുന്നു, കോലാഹലമുണ്ടാക്കുന്നു തന്തയ്ക്കു വിളിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിവാദ വിഷയ പോസ്റ്റിന്റെ കമന്റ്ബോക്സ് തുറന്നാലുള്ള പ്രതീതി വിമാനത്തിലെങ്ങും നിറഞ്ഞുനിന്നു. മലയാളം ബ്ലോഗ് വായിക്കാറുള്ള സി.ബി.ഐ നമ്മളിതെത്ര കണ്ടതാ എന്ന രീതിയില്‍ കാലിന്റെ മുകളില്‍ വളരെ പ്രയാസപ്പെട്ടു കാലുകയറ്റിവെച്ച് പോക്കറ്റില്‍കിടന്ന ചുയിംഗമെടുത്ത് വായിലിട്ടു പല്ലുകള്‍ക്കു വേലകൊടുത്ത ശേഷം ബാഗിലുണ്ടായിരുന്ന ബാലരമയെടുത്ത് ‘ഡിറ്റക്ടീവ് ജംബന്റെയും തുമ്പന്റെയും’ കഥ വായിച്ചു കൊണ്ട് തന്റെ കുറ്റാന്വേഷണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു.

വിമാനത്തിന്റെ മുന്‍ വശത്തുനിന്നും കേട്ട ശബ്ദം വിമാനത്തിന് ആരോ ബോംബു വച്ചിട്ടുണ്ട് എന്നതാണെന്ന് തിരിച്ചറിയാന്‍ വൈകിയ സി.ബി.ഐ യുടെ കൈക്കു പിടിച്ച് ത്രേസ്യാമ്മ ഇഡ്ഡലിസഞ്ചിയുമായി പാരചൂട്ടില്‍ താഴേക്കു കുതിക്കാന്‍ തയ്യാറെടുത്തു.

വിമാനത്തിനാരൊ ബോംബു വെച്ചിട്ടുണ്ടെന്ന വാര്‍ത്ത വിമാനത്താവളത്തിലറിയുന്നത് വിമാനം പറന്നുയര്‍ന്നു വളരെ വൈകിയ ശേഷമായിരുന്നു. വിവരമറിഞ്ഞയുടനെത്തന്നെ അവര്‍ പൈലറ്റിനു വിവരമറിയിക്കുകയായിരുന്നു (?).

വിവരമറിഞ്ഞ പൈലറ്റും തന്റെ കാമുകിയുടെ അമ്മൂമ്മയായ എയര്‍ഹോസ്റ്റസ് പങ്കജാക്ഷിയമ്മയും പാരച്ചൂട്ടെടുത്ത് ഒന്നിച്ചു താഴേക്കു ചാടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞവര്‍ ഓരോരുത്തരായി ചാടിത്തുടങ്ങിയപ്പോഴാണ്. ബാലരമയില്‍ തന്റെ കുറ്റാന്വേഷണ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന പേടിരോഗയ്യരെ നമ്മുടെ ത്രേസ്യാമ്മച്ചി ശ്രദ്ധിച്ചത്. അങ്ങിനെ അവര്‍ രണ്ടുപേരും വിമാനത്തില്‍ നിന്നും എടുത്തു ചാടുകയായിരുന്നു................

****************

കടലിന്റെ ഏതോ ഭാഗത്ത് (?!) ചെന്നു പതിച്ച പേടിരോഗരും ത്രേസ്യാമ്മച്ചിയും ഒരു വിധം അടുത്തുകണ്ട ഒരു ദ്വീപില്‍ കയറിപ്പറ്റി.

വിനയേട്ടന്റെ സിനിമയില്‍ കണ്ടപോലെ വല്ല കുള്ളന്മാരും പാര്‍ക്കുന്ന ദ്വീപാണെങ്കില്‍.................
“എന്റീശ്വരാ.................”
പേടിരോഗയ്യര്‍ അറിയാതെ വിളിച്ചുപോയി.

വിശന്നു വലഞ്ഞ സി.ബി.ഐയും , ത്രേസ്യാമ്മച്ചിയും അടുത്തുകണ്ട ഒരു പാറപ്പുറത്തിരുന്ന് പുളിച്ച ഇഡ്ഡലി ശാപ്പിട്ടു തുടങ്ങി. പേടിരോഗയ്യര്‍ ഓരോ ഇഡ്ഡലിയെടുത്ത് വായില്‍ വെക്കുമ്പോഴും ത്രേസ്യാമ്മച്ചിയുടെ അടക്കമില്ലാത്ത നാക്കുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങും.

“ഹോ... എന്റെ മക്കള്‍ക്കും, കൊച്ചുമക്കള്‍ക്കും കഴിക്കാനുണ്ടാക്കിയ ഇഡ്ഡലിയല്ലേ ഈ പോകുന്നത്.... എന്റീശോയേ ...... എനിക്കു വയ്യായേ....”

ഇതു കേള്‍ക്കുമ്പോള്‍ പേടിരോഗയ്യര്‍ക്ക് ഒന്നുകൂടി ആവേശം മൂത്തുവരും. മൂത്തുവന്ന ആവേശത്തിന്റെ ഒരു ലതില്‍, കണ്ണില്‍ക്കണ്ട ഇഡ്ഡലികളെല്ലാം വായിലേക്കു കുത്തിത്തിരുകി ആത്മ നിര്‍വൃതികൊണ്ടു നമ്മുടെ സി.ബി.ഐ.

വയറു നിറഞ്ഞ സി.ബി.ഐ യുടെ തലയിലെ റ്റ്യൂബുലൈറ്റു കത്തി പ്രകാശപൂരിതമായിത്തുടങ്ങി. അതെ, ഈ ദ്വീപില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം. ഒരു വശത്ത് തന്റെ ഇഡിലികളെയോര്‍ത്ത് നെഞ്ചു തകര്‍ന്നു കിടക്കുന്ന ത്രേസ്യാമ്മച്ചിയെ സി.ബി.ഐ കണ്ടില്ലെന്നു നടിച്ചു.

ഏതോ ഇംഗ്ലീഷ് സിനിമായില്‍ കണ്ടപോലെ ശരീരത്തിനോടടുത്ത് ധരിക്കുന്ന തുണിക്കഷണങ്ങള്‍ വലിച്ചു കീറി ഒരു കൊമ്പില്‍ കെട്ടി ആകാശത്തേക്കു നോക്കി വീശിക്കൊണ്ടിരുന്നു.

നോ രക്ഷ ..........രക്ഷ നഹീ ഹേ ഹും ഹോ........... നേരം ഇരുട്ടായിത്തുടങ്ങിയകാരണം പേടിരോഗയ്യരുടെ പേടിരോഗം മൂര്‍ഛിച്ചുതുടങ്ങിയപ്പോള്‍ ത്രേസ്യാമ്മച്ചി തന്റെ മൊബൈലെടുത്ത് മക്കള്‍ക്കു വിളിക്കാനൊരു ശ്രമം നടത്തി നോക്കിയതാണ് .... പക്ഷേ റേഞ്ചു കിട്ടുന്നില്ല. (ഉഗാണ്ടയിലെ തേക്കുമരത്തിനു മുകളിലും റേഞ്ചുകിട്ടും എന്ന പരസ്യം കണ്ടു വാങ്ങിച്ചതാ.. ങാ.. ഇനി പറഞ്ഞിട്ടു കാര്യമില്ല)

ചുറ്റുപാടുമുള്ള കാട്ടില്‍ നിന്നും പല ശബ്ദങ്ങളും കേട്ടു തുടങ്ങിയപ്പോള്‍ തന്റെ ഇഡ്ഡലികള്‍ ഒറ്റയിരുപ്പിനകത്താക്കിയ സി.ബി.ഐയോടുള്ള വൈരാഗ്യം തല്‍ക്കാലത്തേക്കു മറന്ന ത്രേസ്യാമ്മച്ചി സി.ബി.ഐയെ കെട്ടിപ്പിടിച്ചശേഷം പിള്ളചത്ത പോത്തിനെപ്പോലെ അമറിക്കരഞ്ഞു.

അകലെനിന്നും ഇരുട്ടില്‍ ഒരു വെളിച്ചം മിന്നിമറഞ്ഞത് പേടിരോഗയ്യരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്റെ തോക്ക് അവിടെത്തന്നെയുണ്ടെന്നുറപ്പു വരുത്തിയ പേടിരോഗയ്യര്‍ പതുക്കെ എഴുന്നേറ്റു. മരങ്ങളുടെ മറവുപറ്റി വെളിച്ചം കണ്ട ഭാഗത്തെ ലക്ഷ്യമാക്കി നടന്ന സി.ബി.ഐ തല്‍ക്കാലത്തേക്കു തന്റെ പേടി മറന്നിരുന്നു.

കുറച്ചുകൂടി കാട്ടിനുള്ളിലേക്കു കടന്നപ്പോള്‍ അകലെ തീ കത്തിച്ചുവെച്ച് അതിനു ചുറ്റിലും കുറേ ആളുകളിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നതുകണ്ടു . കാട്ടിലെ കുറ്റിച്ചെടികളുടെ കമ്പുകള്‍ കൊണ്ട് സി.ബി.ഐയുടെ ദേഹമാസകലം മുറിവുകള്‍ പറ്റിയിട്ടുണ്ടെങ്കിലും മുന്‍പോട്ടു തന്നെ നടന്നു ( പിന്നിലോട്ടു പോവാന്‍ അതിലും വലിയ പേടിയായിരുന്നു എന്നത് പേടിരോഗയ്യരെ സംബന്ധിച്ചേടത്തോളം ഒരു പ്രകൃതി സത്യമാണ്)

തീയിനു ചുറ്റുമിരിക്കുന്നവരുടെ തൊട്ടു പിറകിലെത്തിയപ്പോള്‍ അവരുടെ സംസാരം വ്യക്തമായും കേള്‍ക്കാമായിരുന്നു.

“ ഹ ... ഹ.... വിമാനത്തില്‍ നിന്നും പേടിച്ചു ചാടിയ പേടിരോഗയ്യര്‍ ഇപ്പോള്‍ വടിയായിക്കാണും..........”
ഒരുവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ടു പറയുന്നു.

പൊട്ടിച്ചിരിച്ചവന്റെനേരെ നോക്കിയ സി.ബി.ഐ ശരിക്കും ഞെട്ടി അതെ അവന്‍ തന്നെ പഴയ കൊച്ചമ്മിണിയുടെ വകയിലൊരു കാമുകന്‍ വിദേശമദ്യ ബിസിനസുമാന്‍ കുറുക്കന്‍ കോവാലന്‍ .

കോവാലന്‍ തന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു....
“ അവന്‍ കൊച്ചമ്മിണിയുമായി കേസു ‘ഡിസ്കഷന്‍ ’ തുടങ്ങി എന്നു കേട്ടപ്പഴേ ഞാന്‍ ഭയന്നതാ.. ഇവിടെ നിന്നും പഴുതാര ആന്റ് ചിലന്തിയെയിട്ടു വാറ്റിയ ശേഷം അതില്‍ കുറച്ച് പെയിന്റും ചേര്‍ത്ത് വിദേശക്കുപ്പികളിലടച്ച തനി നാടനെ സായിപ്പാക്കിമാറ്റി നാട്ടിലേക്ക് ഗഫൂര്‍ക്കാ ദോസ്തിനോടു കടം വാങ്ങിയ ഉരുവില്‍ക്കയറ്റി എക്സ്പോര്‍ട്ടിംഗ് ആന്റ് ഇമ്പോര്‍ട്ടിംഗ് നടത്തുന്ന സംഗതി ഞാന്‍ കൊച്ചമ്മിണിയുമായി ഡിസ്കഷന്‍ നടത്തിയത് അവള്‍ അവനോട് പറഞ്ഞിട്ടുണ്ടാവുമെന്ന്”

ഇതുകേട്ടപ്പോള്‍ സി.ബി.ഐയുടെ ജീവന്‍ ശരീരത്തില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി. തന്നെ അവര്‍ ഇപ്പോള്‍ കണ്ടാല്‍ പിന്നെ തനിക്കു പടച്ചോന്റെ സ്വന്തം നാടു കാണാന്‍ കഴിയില്ലാ ( ബാക്കിയുള്ള നാടുകളെല്ലാം പടച്ചോന്‍ സഹകരണാടിസ്ഥാനത്തില്‍ വാങ്ങിയതാണോ എന്നൊന്നും ചോദിച്ചേക്കരുത്) എന്ന ചിന്തകൂടിയായപ്പോള്‍ അടുത്തുകണ്ട ചാഞ്ഞ മരത്തില്‍ വലിഞ്ഞു കയറി.

കുറുക്കന്‍കോവാലന്‍ തന്റെ വാക്കുകള്‍ തുടര്‍ന്നു
“അവനെ കേരളത്തില്‍ വെച്ചുതന്നെ ഞാന്‍ കൊല്ലാന്‍ നോക്കിയതാ ... പക്ഷെ പറ്റിയില്ല....... ”

ഇതെല്ലാം കേട്ട് മരത്തിനു മുകളില്‍ നിന്നും പേടിച്ചു വിറച്ച സി.ബി.ഐ മരത്തില്‍ ഉണങ്ങിക്കിടക്കുന്ന കൂറ്റന്‍ കൊമ്പില്‍ ചവിട്ടിയതും കൊമ്പോടുകൂടി നിലം പതിച്ചതും ഒന്നിച്ചായിരുന്നു.

താഴെയിരിക്കുന്ന കോവാലന്റെയും സംഘത്തിന്റെയും തലയില്‍ മരം വീണ് അവരുടെ ബോധം പോയപ്പോള്‍. ഭാഗ്യം കൊണ്ട് ഒന്നും സംഭവിക്കാതിരുന്ന പേടിരോഗയ്യരുടെ ബോധം തെളിഞ്ഞു തലയിലെ റ്റ്യൂബുലൈറ്റ് ആഞ്ഞുകത്തി...

മരം വീണു നിസ്സാര പരിക്കുപറ്റിയ ഒരുവന്റെ നേരെ പേടിരോഗയ്യര്‍ തോക്കു ചൂണ്ടിയശേഷം അലറി.

“കൈ പൊക്കെടാ തെണ്ടീ .... (പ്ലീസ് എന്നത് മനസ്സില്‍ മാത്രം ഒതുക്കി) എന്നിട്ട് നേരെ ബോട്ടു നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തേക്കു നടക്ക്...”

അങ്ങിനെ ചുരുക്കിപ്പറയട്ടെ................
ത്രേസ്യാമ്മച്ചിയെയും , ബോധം കെട്ട വകയിലൊരു കാമുകന്‍ കുറുക്കന്‍ കോവാലനെയും സംഘത്തിനെയും കൊണ്ട് പേടിരോഗയ്യര്‍ തോക്കു ചൂണ്ടിക്കാണിച്ച ദിക്കിനെ ലക്ഷ്യമാക്കി ബോട്ടിന്റെ ഡ്രൈവര്‍ യമഹാ എഞ്ചിനുകളെ പണിയെടുപ്പിച്ചു.

****************
വിമാനത്തില്‍ നിന്നും പാരച്ചൂട്ട് വഴി കള്ളവാറ്റുകാരന്റെ താവളത്തിലെത്തി വന്‍ മാഫിയയെത്തന്നെ പിടിച്ച പേടിരോഗയ്യര്‍ സി.ബി.ഐയെ അനുമോദിക്കാനെത്തിയ ചടങ്ങില്‍ വിവരം കെട്ട ഏതോ മന്ത്രി വിളിച്ചു പറഞ്ഞു.

“പ്രിയ മുള്ളവരെ നമ്മുടെ നാടിന്റെ ഓമന കം കണ്ണിലുണ്ണി പേടിരോഗയ്യര്‍ തന്റെ കഴിവു വീണ്ടും തെളിയിച്ചിരിക്കുകയാണ് . വിമാനത്തില്‍ ബോംബു വെച്ചതറിഞ്ഞ് വിമാനത്തില്‍ നിന്നും ചാടിയത് ആത്മ രക്ഷാര്‍ത്ഥമാണെന്നു കരുതിയെങ്കില്‍ നമുക്കു തെറ്റി. അദ്ദേഹം കള്ളവാറ്റുകാരന്റെ താവളം ലക്ഷ്യമാക്കിത്തന്നെ ചാടിയതാണെന്നത് ഞാന്‍ ഇവിടെ ഊന്നി ഊന്നി(?)പ്പറയാന്‍ ആഗ്രഹിക്കുകയാണ്. ഇതൊക്കെയാണെങ്കിലും ഒരു സംശയം ബാക്കിയുണ്ട് . ബോംബു വെച്ച വിമാനം ആകാശത്തുനിന്നും പൊട്ടിത്തകരാതെ എന്തിനു ഒരു പൈലറ്റുപോലുമില്ലാതെ ഏതോ ഭാഗത്തേക്കു പറന്നുപോയതാണു നമുക്കു കാണാന്‍ കഴിഞ്ഞത്!! വിമാനത്തിന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല .... വിമാനം പൈലറ്റില്ലാതെ എങ്ങിനെ ഓടി? എങ്ങോട്ട് പോയി എന്നുള്ള നമ്മുടെ സംശയങ്ങള്‍ക്ക് പേടിരോഗയ്യര്‍ തന്നെ ഉത്തരം കണ്ടെത്തുമെന്ന് നമുക്കു പ്രത്യാശിക്കാം..... ”

ഇത്രയും പറഞ്ഞ് മന്ത്രി പൊടിയും തട്ടി പൊടികള്‍ക്കിടയിലൂടെ ഊളിയിട്ടപ്പോള്‍, വിമാനം പൈലറ്റില്ലാതെ പറന്നതെങ്ങിനെയെന്നോര്‍ത്ത് തന്റെ സ്വന്തം നെഞ്ചിനിട്ട് ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു നമ്മുടെ സി.ബി.ഐ.


:::::::::::::::::::സി.ബി.ഐ കഥകള്‍ തുടരും:::::::::::::::::::::::

Nov 17, 2008

ചെകുത്താന്റെ ലീലകള്‍

പാല്‍ക്കാരന്‍ ചന്ദ്രുവാണതുകണ്ടത്, കണ്ടയുടനെ വലിയവായിലുള്ള ഒന്നൊന്നര നിലവിളിക്കു ശേഷം ചന്ദ്രുവിന്റെ ബോധമങ്ങുപോയി. ചന്ദ്രുവിന്റെ അലര്‍ച്ചകേട്ടു തടിച്ചുക്കുടിയ നാട്ടുകാര്‍ കാര്യകാരണങ്ങള്‍ക്കായി പരസ്പരം കൊസ്റ്റ്യന്‍ മാര്‍ക്കുകള്‍ കൈമാറിക്കൊണ്ടിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് ചന്ദ്രുവിന്റെ പോയ ബോധത്തിനെ തിരിച്ചുകൊണ്ടുവന്നശേഷം പിടിച്ചെഴുന്നേല്‍പ്പിച്ചു കൊസ്റ്റ്യന്‍ ചെയ്തു.

തന്റെ ബോധം നഷ്ടപ്പെട്ടകാര്യം ചന്ദ്രു ഇങ്ങനെ വിവരിച്ചു.

“ പുലര്‍ച്ചെ പാലുകറന്ന ശേഷം വെള്ളം കോരാന്‍ കിണറിനരികിലേക്കു പോയതായിരുന്നു ഞാന്‍ (?) അപ്പോഴാണ് ഒരു ഭീകര രൂപം എന്റെ നേരെ പാഞ്ഞടുത്തത് ..... ജനിച്ചത് മുതല്‍ ഇന്നുവരെ അത്തരമൊരു ജീവിയെ ഇതിനുമുന്‍പ് ഞാന്‍ കണ്ടിട്ടില്ല ..... അതിന്റെ വായില്‍ നിന്നും ഒരു പ്രത്യേക തരം ശബ്ദം കേട്ടിരുന്നു........ പിന്നെയൊന്നും എനിക്കോര്‍മ്മയില്ല.”

ഇതുകേട്ടപ്പോള്‍ നാട്ടുകാരില്‍ അഭിപ്രായങ്ങള്‍ പലതായി രൂപംകൊണ്ടു (അതങ്ങിനെത്തന്നെയാണാല്ലൊ).

ചെകുത്താന്‍ ചോര കുടിക്കാനിറങ്ങിയതാണെന്ന് വേലു വൈദ്യര്‍ പറഞ്ഞപ്പോള്‍ മമ്മത് അതിനെ ശക്തമായെതിര്‍ത്തു “ ശൈത്താന്‍ ഈ ഹംക്കിന്റെ ശോര കുടിച്ചല്ലേ ജീബിക്കണത് മൂപ്പര്‍ക്ക് ബേറെ പണിയൊന്നു മില്ലല്ലോ .. ഇന്റെ ബേലു ബൈദ്യരെ അത് ശൈത്താനല്ലാന്ന്.... അത് അസ്സല്‍ ജിന്നാ ജിന്ന് ചന്ദ്രൂന്റെ കയ്യീന്ന് ബെള്ളം ചേര്‍ക്കുന്നതിന് മുന്‍പ് പാല് കുടിക്കാന്‍ ബന്നതാ...”

ബിയ്യാത്തുപറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു. “ ഇത് ബരേ ഓന്‍ ഫീകര ജീവീനെ കണ്ടിട്ടില്ലാ പോലും .... ഓന്‍ ഇത് ബരേ കണ്ണാടി നോക്കീട്ടിണ്ടാവില്ല...”

അഭിപ്രായങ്ങള്‍ അതിന്റെ വഴിക്കു പോകുന്നുണ്ടെങ്കിലും അതുമുതല്‍ പല ദിവസങ്ങളിലും ചെകുത്താനെ കണ്ടവര്‍ പലരാണെങ്കിലും പല വിധത്തിലായിരുന്നു.

പിറന്നപടി നില്‍ക്കുന്ന ചെകുത്താനെ കണ്ടവര്‍മുതല്‍, മരത്തിനു മുകളില്‍ നിന്നും തീ തുപ്പുന്ന ചെകുത്താനെ കണ്ടവര്‍ വരേ നീണ്ടുപോകുന്നു ആ പട്ടിക . അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ നേരമിരുട്ടിയാല്‍ ആ നാട്ടില്‍ ആരും തന്നെ പുറത്തിറങ്ങാതായി.ചെകുത്താനെക്കൊണ്ട് പ്രത്യേകിച്ച് മനുഷ്യനു ശല്യമൊന്നുമില്ലായെങ്കിലും നാട്ടിലെ കോഴി, ആട്, എരുമ, പോത്ത് , താറാവ്, പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി.

നാട്ടിലാകെ ഭീതിയായി .........

ഇതിനിടയില്‍ നാട്ടിലെ പുരോഗമന വാദികള്‍ പാവം ചെകുത്താനെ സംശയിക്കുന്ന സമയംകൊണ്ട് നാട്ടിലെ ചീട്ടുകളി കം വെള്ളമടി ടീമിനെ പിടിച്ചു കൂമ്പിനിട്ട് കൊട്ടിയാല്‍ സത്യം പുറത്തുവരുമെന്ന പരമസത്യം പുറത്തുവിട്ടു.
പുരോഗമന വാദികള്‍ ചെകുത്താന്റെയാളുകളാണെന്ന് നാട്ടിലെ മന്ത്രവാദി കം ദരിദ്രവാസിയായ വിമല്‍കുമാര്‍ വിളമ്പരം പുറപ്പെടുവിച്ചു. പക്ഷെ ചെകുത്താന്‍ വരുന്നതിനുമുന്‍പ് ദരിദ്രവാസിയായിരുന്ന വിമല്‍കുമാര്‍ ചെകുത്താന്റെ വരവോടുകൂടി കൊട്ടാരവാസിയായി എന്ന സത്യം പുരോഗമന വാദികള്‍ വീടുവീടാന്തരം കൊട്ടി ഘോഷിച്ചുകൊണ്ടിരുന്നു.


പറഞ്ഞതില്‍ കുറച്ചൊക്കെ കഴമ്പില്ലാ തില്ലാ‍ തില്ല ....... കാരണം ചെകുത്താന്റെ വരവോടുകൂടി മന്ത്രവാദത്തിന്റെ ചിലവു വര്‍ദ്ധിക്കുകയും അത് വിമല്‍കുമാറിന്റെ വരവു കൂട്ടുകയും ചെയ്തു . ഇന്ന് വിമല്‍കുമാറിന്റെ വീട്ടുചിലവുപോലും നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തുകയാണ്. അകത്തളത്തില്‍ വിമല്‍കുമാറിന്റെ ഒരേയൊരു ഭാര്യ ചിരുതയെ പരിചരിക്കാന്‍ തോഴിമാരുടെ വക ഉപ്പുസത്യാഗ്രഹം മുതല്‍ ദെണ്ടിയാത്ര വരെ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് നാട്ടിലെ പൊതുവെയുള്ള സംസാരം.


നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ ചെകുത്താന്റെ അഴിഞ്ഞാട്ടത്തിനെതിരെ മൈക്കിനിട്ട് ആഞ്ഞു തുപ്പിക്കൊണ്ടിരുന്നപ്പോഴും “ചെകുത്താന്‍ ഗോബാക്ക്...” എന്ന മുദ്രാവാക്യം അടുത്ത ഇലക്ഷനുള്ള പതാളക്കരണ്ടിയാക്കിമാറ്റിയപ്പോഴും, എന്തിന് ചെകുത്താനെതിരെ ഹര്‍ത്താല്‍ നടത്തിയപ്പോള്‍പോലും ഒരുകൂസലുമില്ലാതെ ചെകുത്താന്‍ തന്റെ വേട്ട തുടര്‍ന്നുകൊണ്ടിരുന്നു. ഇടക്കിടയ്ക്ക് പലരേയും പേടിപ്പിച്ചുകൊണ്ടിരിക്കാനും ചെകുത്താന്‍ സമയം കണ്ടെത്തിയിരുന്നു എന്നതാണു വാസ്തവം.

ചെകുത്താന്‍ പ്രശ്നം ഹര്‍ത്താലിലും മന്ത്രവാദത്തിലുമൊന്നും ഒതുങ്ങില്ലാ എന്നുവന്നപ്പോള്‍ എലിയെപ്പിടിക്കാന്‍ വരേ സി.ബി.ഐ അന്വേഷണം നടത്തണമെന്നുപറയുന്ന, നാട്ടിലെ ബുദ്ധിജീവിക്കൂട്ടം കൊടികളുമായി രംഗപ്രവേശനം നടത്തി.

അതെ, ചെകുത്താനെ പിടിക്കാന്‍ സി.ബി.ഐ വരണം അവര്‍ക്കുമാത്രമേ അതിനു കഴിയൂ ...........
ചെകുത്താനെ പിടിക്കാന്‍ സി.ബി.ഐക്കാരെ ഏല്‍പ്പിച്ചില്ലായെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ കം പക്ഷികള്‍ക്ക് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുമാ‍യി മൃഗത്തിന്റെ ആളുകളും, ഡോക്ടര്‍ മൃഗവും നിരത്തിലിറങ്ങി. നിരന്നുനില്‍ക്കുന്ന സ്ട്രീറ്റ്ലാമ്പുകള്‍ എറിഞ്ഞുടച്ചുകൊണ്ട് തങ്ങളുടെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.


“ സി.ബി.ഐ യെ ഇറക്കിയാലെന്താ ഇവന്മാരുടെ ചൊറിച്ചില്‍ മാറിക്കിട്ടിയാല്‍ അതൊരു വോട്ടായി നമുക്കുതന്നെ കിട്ടുമല്ലോ” എന്ന രഹസ്യം സമരക്കാരെക്കൊണ്ട് സഹികെട്ട ഏതോ മന്ത്രി വിളിച്ചുപറഞ്ഞപ്പോള്‍ കേട്ടുനിന്ന സകല കക്ഷികളും ഒന്നിച്ചു മൂളി “ ഗര്‍‌ര്‍‌ര്‍‌ര്‍...........” ഇതുകേട്ടതും പൊടിപിടിച്ച ഫയലില്‍ തൂങ്ങിക്കിടന്നുറങ്ങുകയായിരുന്ന ഒരു വവ്വാല്‍ക്കുട്ടന്‍ ജീവനുംകൊണ്ട് പറന്നകന്നു.

************

പേടിരോഗയ്യര്‍ സി.ബി.ഐ നട്ടപ്പാതിരനേരത്ത് തന്റെ ബെല്ലില്ലാത്ത ഹീറോ സൈക്കിള്‍ സി.ബി.ഐ ഓഫീസിനെ ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി.

ഓഫീസിലെത്തിയതും ഉന്നത ഉദ്യോഗസ്ഥന്‍ പനമ്പള്ളി വാസു ഉടന്‍ തന്നെ പേടിരോഗയ്യര്‍ കേരളത്തിലെത്തി ചെകുത്താന്‍ കേസ് ഏറ്റെടുക്കണമെന്ന ഓര്‍ഡര്‍ പേടിരോഗയ്യര്‍ക്കു കൈമാറി. കേസിന്റെ ചുമതലയേറ്റെടുത്ത ശേഷം തലയ്ക്കടികിട്ടിയ ആരേയോ പോലെ സി.ബി.ഐ ലക്ഷ്യമില്ലാതെ നടന്നു. കാരണം കേരളം , മലയാളി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിരോഗയ്യരുടെ പേടിരോഗം ഒന്നുകൂടി മൂര്‍ച്ഛിക്കും.

കേസന്വേഷണത്തിനു പോകുന്നത് കേരളത്തിലേക്കായതുകൊണ്ട് തന്റെ മരണശേഷം സ്വത്തുക്കള്‍ എന്തുചെയ്യണമെന്നത് പതിനായിരം രൂപയുടെ ഒരു മുദ്രക്കടലാസിലെഴുതി വക്കീലിനെയേല്‍പ്പിച്ചശേഷമാണ് സി.ബി.ഐ കേരളത്തിലേക്കുള്ള വിമാനത്തിന്റെ പടി കയറിയത്.


എയര്‍പ്പോര്‍ട്ടില്‍ സി.ബി.ഐ യെ സ്വീകരിക്കാനും കേസിന്റെ ഗതി ലൈവായി പുറത്തുവിടാനും അതുവഴി കുറ്റവാളികള്‍ക്ക് എത്രയും പെട്ടന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കാനുമെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ വന്‍ ജനാവലിതന്നെയുണ്ടായിരുന്നു. കെട്ടിപ്പിടുത്തങ്ങള്‍ക്കും , കെട്ടിയിട്ടുപിടുത്തങ്ങള്‍ക്കും ശേഷം സി.ബി.ഐയും സംഘവും അലങ്കരിച്ച വാഹനത്തില്‍
അലങ്കരിക്കാത്ത വാഹനങ്ങളുടെ അകമ്പടിയോടെ ചെകുത്താന്‍ ഗ്രാമത്തെ ലക്ഷ്യമാക്കി അകന്നു.


ഗ്രാമത്തിലെങ്ങും സി.ബി.ഐ യെ സ്വീകരിക്കാന്‍ ആനയും അമ്പാരിയുമടക്കം സകല കുണ്ടാമണ്ടികളുമുണ്ടായിരുന്നു എന്നുമാത്രമല്ല, ഒരു സ്വീകരണ യോഗം വരെ വിളിച്ചുകൂട്ടിയിരുന്നു. കൈകള്‍ നീട്ടിവീശിക്കൊണ്ട് അലങ്കരിച്ച വാഹനത്തില്‍നിന്നും പുറത്തിറങ്ങിയ സി.ബി.ഐ യുടെ കറുത്ത കണ്ണടകണ്ട നാണിയമ്മൂമ്മ മൂക്കത്തു വിരല്‍ വെച്ചു എന്നുമാത്രമല്ല, നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണി തന്റെ കാല്‍‌വിരല്‍കൊണ്ട് നിലത്തൊരു കളവും വരച്ചു.

ഹൈദ്രോസിന്റെ “പണ്ടാരം” ഹോട്ടലിലേക്ക് ആനയിക്കപ്പെട്ട സി.ബി.ഐ. അവിടെനിന്നും പൊരിച്ച ചിക്കനും പൊറോട്ടയും ഓസിനു തട്ടി രണ്ടേരണ്ടേമ്പക്കവുംകൂടി വിട്ട ശേഷം തനിക്കു താമസിക്കാന്‍ തയ്യാറാക്കിയ വീട്ടിലേക്കു കൊണ്ടുപോകാന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരനോട് കണ്ണുരുട്ടികല്‍പ്പിച്ചു.

അങ്ങിനെ സി.ബി.ഐ യും പരിവാരങ്ങളും സി.ബി.ഐ ക്കു പ്രത്യേകം തയ്യാറാക്കിയ വീട്ടിലെത്തിയപ്പോള്‍ പരിവാരങ്ങളെ പിരിച്ചുവിടാന്‍ ഒരു പരിഹാരമെന്നോണം സി.ബി.ഐയുടെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ മണ്ടരിപിടിച്ച തെങ്ങിന്റെ മണ്ടയ്ക്കുനോക്കി രണ്ടു റൌണ്ട് വെടിപൊട്ടിച്ചു.

ചെകുത്താനില്ലാത്ത ഒരു നാളെയും സ്വപ്നം കണ്ടുകൊണ്ട് ജനക്കൂട്ടം പിരിഞ്ഞുപോയി .
സി.ബി.ഐ യും കൂടെയുള്ള പോലീസുകാരനും(?) കാവലിനു കൊണ്ടുവന്ന പട്ടിയും വീട്ടില്‍ തനിച്ചായി.
സി.ബി.ഐയുടെ ചിന്തകള്‍ സദാ സമയം ചെകുത്താനെക്കുറിച്ചായിരുന്നു. ചെകുത്താന്റെ ഡമ്മിയിട്ടു പരീക്ഷിച്ചുനോക്കിയാലൊ എന്നൊരു ഐഡിയാ മനസ്സില്‍ വന്നതാണ് പക്ഷെ ഡമ്മിയുണ്ടാക്കുന്ന കമ്പനിതൊഴിലാളികള്‍ മുതലാളിയെ പിരിച്ചുവിടാനുള്ള സമരത്തിലായതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.


ദിവസങ്ങള്‍ കടന്നുപോയി . സി.ബി.ഐ വന്നതിനു ശേഷം ചെകുത്താന്റെ ശല്യത്തിനു കുറച്ചൊരു കുറവുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . എങ്കിലും വളര്‍ത്തു മൃഗങ്ങള്‍ കം പക്ഷികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.


ഗ്രാമത്തിലേക്കിറങ്ങിച്ചെന്ന് അന്വേഷണമാരംഭിച്ച പേടിരോഗയ്യര്‍ നമ്മുടെ നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണിയുടെ വീട്ടിലും അന്വേഷണത്തിനു ചെല്ലാറുണ്ടായിരുന്നു.
മഹാ ബുദ്ധിശാലിയായ കൊച്ചമ്മിണിയുമായി കേസിന്റെ കാര്യങ്ങള്‍ സി.ബി.ഐ “ഡിസ്കസ്” ചെയ്യാറുമുണ്ടായിരുന്നു എന്നത് നാട്ടിലെ ആകാശവാണിപ്രവര്‍ത്തകന്‍ കരിങ്കണ്ണന്‍ ജബ്ബാ‍റിന്റെ ഇത്തിരിയുള്ള ബുദ്ധിവെച്ചുള്ള കണ്ടുപിടുത്തമായിരുന്നു.

********

ദിവസങ്ങള്‍ വീണ്ടും കടന്നുപോയി ...
ഒരു ദിവസം നട്ടപ്പാതിരനേരത്താണ് കൊച്ചമ്മിണിയുമായി കേസു “ഡിസ്കസ്” ചെയ്യണമെന്ന ആശ സി.ബി.ഐയുടെ മനസ്സില്‍ മിന്നിമറഞ്ഞത്. പിന്നീടൊന്നുമാലോചിക്കാതെ തെങ്ങിന്‍ തോപ്പിലൂടെ ഇറങ്ങിയൊരോട്ടമായിരുന്നു. ഓടിയോടി കൊച്ചമ്മിണിയുടെ വീടിനുപിന്‍‌വശത്തുള്ള കോഴിക്കൂടിനടുത്തെത്തിയപ്പോള്‍ കാലുതെന്നിയ സി.ബി.ഐ മലര്‍ന്നടിച്ചുവീണു. മലര്‍ന്നടിച്ചു വീണ സി.ബി.ഐയുടെ കാതു തുളച്ചുകൊണ്ട് അവിടമാകെ ഒരു ശബ്ദം മുഴങ്ങി.

“ ഞമ്മളെ ബിടീ സി.ബീ ഐ യേ ഇത് ഞമ്മളാ ..... ഞമ്മളെ കൊല്ലല്ല്യേ... ഞമ്മളെ പൊറത്തൂന്നെണീക്ക് അല്ലേല്‍ ഞമ്മള് സാസം മുട്ടി സത്തുപോകുവേ............”

താന്‍ കാലു തെന്നി വീണത് ആരുടേയോ ശരീരത്തിലാണെന്നു മനസ്സിലാക്കിയ സി.ബി.ഐ വീണതു വിദ്യയാക്കി
തന്റെ തോക്കെടുത്ത് അയാള്‍ക്കു നേരെ ചൂണ്ടി സി.ബി ഐ അലറി“ആരഡാ ... നീ.. എഴുന്നേല്‍ക്കെടാ‍ാ‍ാ‍ാ...”

ഭീകരരൂപത്തിന്റെ മുഖം മൂടിയണിഞ്ഞ, ശരീരമാസകലം വാഴയിലയില്‍ പൊതിഞ്ഞ ആ രൂപത്തിന്റെ മുഖം മൂടി സി.ബി.ഐ വലിച്ചു മാറ്റി.................. ഭീകരന്റെ മുഖത്തേക്കു തന്റെ മൊബൈലിന്റെ വെളിച്ചത്തില്‍ നോക്കിയ സി.ബി.ഐ വീണ്ടും ഞെട്ടി.

അതെ അതയാള്‍ തന്നെയായിരുന്നു പണ്ടാരം ഹോട്ടലിന്റെ മുതലാളി ഹൈദ്രോസ് .
ഹൈദ്രോസിനെ പിടിച്ചുകെട്ടിയ സി.ബി.ഐ നാട്ടുകാരെ അലറി വിളിച്ചു കൂട്ടി.

പിറ്റേ ദിവസം സൂര്യന്‍ കര്‍ട്ടന്‍ മാറ്റി ഒളിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ചെകുത്താന്റെ വേഷം കെട്ടി നാട്ടുകാരെ പേടിപ്പിച്ച് നാട്ടുകാരുടെ കോഴികളേയും എന്നുവേണ്ട പട്ടികളെ വരെ പിടിച്ച് കറിവെച്ച് നാട്ടുകാര്‍ക്കുതന്നെ വിളമ്പിവിറ്റ് പോക്കറ്റിന്റെ ഭാരം വര്‍ദ്ധിപ്പിച്ച പണ്ടാരം ഹോട്ടലുടമ ഹൈദ്രോസിനെ അറസ്റ്റു ചെയ്ത ശേഷം ഹോട്ടലും അടച്ചുപൂട്ടിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയ ചെകുത്താന്‍ കേസിന്റെ ഫയലുമായി ഡല്‍ഹിക്കു തിരിച്ചുപോകുന്ന പേടിരോഗയ്യരെ യാത്രയാക്കാന്‍ നാട്ടിലെ സകലമാന ജനങ്ങളും തടിച്ചുകൂടിയ രംഗമായിരുന്നു.

അലങ്കരിച്ച വാഹനത്തില്‍ കയറി കൈകള്‍ വീശിയ സി.ബി.ഐയെ നോക്കി നാണിയമ്മൂമ്മ വീണ്ടും മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ കൊച്ചുമകള്‍ കൊച്ചമ്മിണി കാല്‍ വിരലുകൊണ്ട് നിലത്ത് കളം വരയ്ക്കുന്നതിനുപകരം തന്റെ വയറിനുമേല്‍ കൈകൊണ്ട് കളംവരച്ചത് നമ്മുടെ സി.ബി.ഐ കണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു.

\\\\\\സി.ബി.ഐ കഥകള്‍ തുടരും\\\\\\
ഇതിന്റെ ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക